ADVERTISEMENT

വിശ്വസിച്ച് തനിക്കൊപ്പം യാത്ര പുറപ്പെട്ട 42 കുട്ടികളുടെ ജീവൻ അവഗണിച്ച് മരണവേഗത്തിൽ അപായച്ചതുപ്പിലേക്കു ബസ്സോടിച്ചു കയറ്റിയൊരു ഡ്രൈവറെക്കുറിച്ചു വായിക്കുന്ന അതേ ദിവസം തന്നെ, ഇതാ, ഇതും വായിക്കുക: എല്ലാ കുഞ്ഞുങ്ങളെയും സ്വന്തം വീട്ടിലെ കുഞ്ഞുങ്ങളെപ്പോലെ കണ്ട് അവരുടെ സഞ്ചാരത്തിനു റോ‍ഡരികിൽ കാവൽ നിൽക്കുന്ന ആഴ്ചവട്ടത്തെ അബൂബക്കറിന്റെയും അത്തോളിയിലെ മൊയ്തീൻകോയയുടെയും കഥ. 

കോയക്ക ഇപ്പോൾ ശ്വാസംമുട്ടൽ അറിയാറില്ല 

അത്തോളി∙ ഒരു വർഷം മുൻപ്, പേരക്കുട്ടികളായ ഫാത്തിമ റിഷാലിനെയും അലീമ റിഹാലയെയും അത്തോളി ഹൈസ്കൂളിലേക്ക് കൊണ്ടു വന്നതായിരുന്നു മൊയ്തീൻകോയ. റോഡ് മുറിച്ച് കടക്കാൻ പേരക്കുട്ടികൾ പ്രയാസപ്പെടുന്നതു കണ്ടപ്പോൾ കോയ സഹായിക്കാനിറങ്ങി. അവരെ സുരക്ഷിതമായി കടത്തിവിട്ടെങ്കിലും മറ്റു കുട്ടികളും റോഡ് മുറിച്ചുകടക്കാൻ പാടുപെടുന്നതു കണ്ട് അവരെയും സഹായിക്കാൻ തുടങ്ങി. പിന്നെ അതൊരു ശീലമായി. ഡ്യൂട്ടി പോലെയായി. അത്തോളി ഹൈസ്കൂളിന് മുൻപിലെ തിരക്കുപിടിച്ച സംസ്ഥാന പാതയിൽ ഇപ്പോൾ ആർക്കും ധൈര്യമായി റോഡ് മുറിച്ചുകടക്കാം.

സഹായിക്കാൻ ട്രാഫിക് യൂണിഫോമിൽ ഈ അറുപത്തിയെട്ടുകാരനുണ്ട്. സ്കൂൾ വിദ്യാർഥികളെ സഹായിക്കാനാണു തുടങ്ങിയതെങ്കിലും ഇപ്പോൾ പകൽ മുഴുവൻ യാത്രക്കാർക്കു കോയയുടെ സഹായമുണ്ട്. ചീക്കിലോട് റോഡ് വന്നു ചേരുന്ന ഹൈസ്കൂൾ ജംക്‌ഷൻ പതിവായി നല്ല തിരക്കുള്ള റോഡാണ്. വാച്ച്മാനോ, പൊലീസോ ഇല്ലാതിരിക്കുന്ന സമയങ്ങളിലും കോയയുണ്ടാവും. രാവിലെ 9 മണിയോടെ തുടങ്ങുന്ന ഡ്യൂട്ടി രാത്രി വരെ നീളും. 15 വർഷത്തോളം മണൽ, മെറ്റൽ ലോറിയിൽ ജോലിക്കാരനായിരുന്ന കോയയെ ശ്വാസതടസ്സം പലപ്പോഴും ബുദ്ധിമുട്ടിക്കാറുണ്ടെങ്കിലും ‘ഡ്യൂട്ടി’യിൽ മുഴുകിയാൽ അസുഖം മറന്നു പോകുമെന്നു കോയ പറയുന്നു.

പലപ്പോഴായി ഒട്ടേറെപ്പേരെ റോഡപകടങ്ങളിൽ നിന്നു രക്ഷപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് ഡ്യൂട്ടിക്കുള്ള ഡ്രസ് അത്തോളിയിലെ മനുഷ്യാവകാശ സംരക്ഷണ സംഘടന സംഭാവനയായി നൽകിയതാണ്. തലക്കുളത്തൂർ പഞ്ചായത്തിലെ നെല്യാപ്പൊയിൽ വീട്ടിലാണ് താമസം. കോയയുടെ വാർധക്യ പെൻഷൻ മാത്രമാണ് അസുഖ ബാധിതരായ ഭാര്യയും മകളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തിന്റെ ജീവിതമാർഗം. സ്വന്തം വേദനകൾക്കിടയിലും ഒരു വ്രതം പോലെ കാൽനടയാത്രക്കാർക്ക് കാവലാളായി അത്തോളിയിലുണ്ട് മൊയ്തീൻകോയ.

കുഞ്ഞിമക്കൾക്കു കാവലായ് അബൂബക്കർ 

കോഴിക്കോട്∙ പതിനാലു വർഷം മുൻപ്, മക്കളായ ഷെറീജയെയും അറഫാബിയെയും ആഴ്ചവട്ടം ഹയർ സെക്കൻഡറി സ്കൂളിൽ ചേർത്ത ദിവസം, റോഡിലെ തിരക്കിൽ മക്കൾ റോഡ് മുറിച്ചു കടക്കാൻ പാടുപെടുന്നതു കണ്ടപ്പോൾ അബൂബക്കറിന്റെ നെഞ്ചൊന്ന് ആളി. പിന്നെയൊന്നും ആലോചിച്ചില്ല, അന്നു മുതൽ അവിടെ ട്രാഫിക് വാർഡനായി. ആരും പറയാതെ തന്നെ രാവിലെയും വൈകിട്ടും കൃത്യമായി ജംക്‌ഷനിലെത്തും, കുട്ടികളെ സുരക്ഷിതരായി കടത്തി വിടും. ഷെറീജയും അറഫാബിയും പഠനം പൂർത്തിയാക്കിയെങ്കിലും അറുപത്തിമൂന്നാം വയസ്സിലും അബൂബക്കർ ഇപ്പോഴും റോഡിലുണ്ട്, അതുവഴി കടന്നു പോകുന്ന മറ്റു കുട്ടികൾക്കു കാവലായി.

മാങ്കാവ് മെയിൻ ജംക്‌ഷനു സമീപത്തെ ഗ്രാൻഡ് ബേക്കറി ജംക്‌ഷനിലാണ് പട്ടേൽതാഴം വളപ്പിൽ ഹൗസിൽ പി.അബൂബക്കർ സ്വയം സന്നദ്ധനായി വാഹന ഗതാഗതം നിയന്ത്രിക്കാനെത്തുന്നത്. ആഴ്ചവട്ടം സ്കൂൾ അടക്കം സമീപത്തെ സ്കൂളുകളിലേക്കു വരുന്ന കുട്ടികൾക്കും വാഹനങ്ങൾക്കും ഗതാഗതസൗകര്യമൊരുക്കുന്നത് അബൂബക്കറാണ്. രാവിലെ 8 മുതൽ 11 വരെയും ഉച്ചയ്ക്ക് 3 മുതൽ 7 വരെയും അവിടെയുണ്ടാകും. 14 കൊല്ലം കൊണ്ട് വാഹനങ്ങളുടെ എണ്ണവും റോഡിലെ തിരക്കും കൂടി, അതോടൊപ്പം അബൂബക്കറിന്റെ ആത്മാർഥതയും.

അബൂബക്കറിന്റെ സേവനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് നാട്ടുകാരും പൊലീസും പിന്നീട് പിന്തുണയുമായി ഒപ്പം ചേർന്നു. ട്രാഫിക് വാർഡൻമാർക്കുള്ള കാർഡും ജാക്കറ്റും പൊലീസ് നൽകി. നേരത്തേ ഡ്രൈവറായി ജോലി ചെയ്തിരുന്നു അബൂബക്കർ. അതുകൊണ്ടു തന്നെ, റോഡിൽ പാലിക്കേണ്ട ജാഗ്രതയെക്കുറിച്ചു മറ്റാരേക്കാളുമറിയാം. ലോക്ഡൗണിന്റെ തൊട്ടു മുൻപു വരെ നാട്ടുകാരും സമീപത്തെ കടക്കാരും ചെറിയ തുക സഹായമായി നൽകിയിരുന്നു. ലോക്ഡൗണിൽ കടകളെല്ലാം അടച്ചതോടെ അതു നിലച്ചെങ്കിലും അബൂബക്കർ സേവനം അവസാനിപ്പിച്ചില്ല. ‘‘കച്ചോടം ശരിയാകുമ്പോ അതൊക്കെ അങ്ങു ശരിയായിക്കോളും. കുഞ്ഞിമക്കൾക്കൊരു കാവൽ, അതല്ലേ പ്രധാനം’’ – അബൂബക്കർ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com