നിമിഷനേരംകൊണ്ട് രൗദ്രഭാവമെടുത്ത് തുഷാരഗിരി വെള്ളച്ചാട്ടം; അപകടമൊഴിവായത് തലനാരിഴയ്ക്ക്

1. തുഷാരഗിരിയിലെ വെള്ളച്ചാട്ടം മലവെള്ളപ്പാച്ചിലിനു തൊട്ടുമുൻപ്, 2. തുഷാരഗിരിയിലെ വെള്ളച്ചാട്ടം നിമിഷങ്ങൾക്കം മലവെള്ളപ്പാച്ചിലിൽ ശക്തിപ്രാപിച്ചപ്പോൾ
SHARE

തുഷാരഗിരി ∙ ടൂറിസ്റ്റ് കേന്ദ്രത്തിൽ പെട്ടെന്നു മലവെള്ളപ്പാച്ചിൽ, വിനോദ സഞ്ചാരികൾ അദ്ഭുതകരമായി രക്ഷപ്പെട്ടു. തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ ഒന്നാം വെള്ളച്ചാട്ടമായ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലാണു പെട്ടെന്നു മലവെള്ളപ്പാച്ചിലിൽ ഉണ്ടായത്. അതുകണ്ടു വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച അവധി ദിനം ആയിരുന്നതിനാൽ സഞ്ചാരികളുടെ വൻ തിരക്കായിരുന്നു തുഷാരഗിരിയിൽ. ഇരുന്നൂറോളം പേർ വെള്ളച്ചാട്ടത്തിനു താഴെ ഉണ്ടായിരുന്നു. കുട്ടികളും സ്ത്രീകളുമടക്കം ചെറു സംഘങ്ങളായി ഒട്ടേറെ പേർ വെള്ളച്ചാട്ടത്തിലും പുഴയിലുമായി ഉല്ലസിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിലുണ്ടായത്.

വെള്ളം കുറഞ്ഞ് ശുഷ്കമായ ഒന്നാം വെള്ളച്ചാട്ടത്തിൽ പെട്ടെന്ന് കുത്തൊഴുക്ക് ശ്രദ്ധയിൽപ്പെട്ട ഇക്കോ ടൂറിസം ഗൈഡുകൾ ഓടിയെത്തി അപായ സൂചന നൽകി പുഴയിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റുകയായിരുന്നു. ഈ സമയത്ത് തുഷാരഗിരി പ്രദേശത്ത് മഴയുടെ ലക്ഷണമില്ലാതെ വെയിൽ നിറഞ്ഞ കാലാവസ്ഥയായിരുന്നു. ബുധനാഴ്ച വൈകിട്ട് നാലിനാണ് ശക്തമായ മലവെള്ളപ്പാച്ചിലിൽ ഉണ്ടായത്. തുഷാരഗിരി വനമേഖലയിൽ ഉൾവനത്തിൽ ശക്തമായ മഴ പെയ്തത് മൂലമാണ് പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ കാരണമായത്. ഇത്തരം അപകടങ്ങൾ ഒഴിവാക്കുന്നതിനു വെള്ളച്ചാട്ട പ്രദേശങ്ങളിൽ അപകട മുന്നറിയിപ്പു നൽകുന്ന ഉയർന്ന ശബ്ദത്തിലുള്ള സൈറണുകൾ സ്ഥാപിക്കുന്നതിനു വനം വകുപ്പ് തയാറാകണമെന്ന് സഞ്ചാരികൾ ആവശ്യപ്പെട്ടു.

പാറ, തണുപ്പ്, ചുഴി

തുഷാരഗിരിയടക്കം ജില്ലയുടെ കിഴക്കൻ മേഖലയിലെ പുഴകളും വെള്ളച്ചാട്ടങ്ങളും പശ്ചിമഘട്ടത്തിന്റെ ചെരുവിലാണ്. ഇവിടെ പുഴകളിൽനിറയെ ഭീമാകാരമായ പാറക്കെട്ടുകളും ഉരുണ്ട പാറക്കെട്ടുകളുമാണ്. പുഴയിലെ വെള്ളത്തിൽ ഒഴുക്കിനൊത്താണ് നീന്തേണ്ടത് എന്ന കാര്യം പലർക്കും അറിയില്ല.  പാറക്കെട്ടുകളിലെ വഴുവഴുപ്പു കാരണം പലപ്പോഴും പലരും വെള്ളത്തിൽ വീഴാറുണ്ട്.നീന്താനറിയുന്നവർപോലും ഈ മേഖലയിൽ‍ വെള്ളത്തിലെ ചുഴികളിൽ പെട്ടാൽ രക്ഷപ്പെടാറില്ല.

ശക്തമായ ഒഴുക്കുമാത്രമല്ല ഇവിടെ വില്ലനാവുന്നത്. പാറകൾക്കടിയിലേക്കാണ് ചുഴികളിൽ പെടുന്നവർ വെള്ളത്തിലൂടെ ചെന്നടിയുന്നത്. തലപുറത്തെക്കിട്ട് ശ്വാസമെടുക്കാൻ സാധിക്കില്ല. മലയോരമേഖലയിലെ പുഴകളിലെ വെള്ളത്തിന് തണുപ്പു കൂടുതലാണ്. അതുകൊണ്ട് മഴയില്ലാത്ത സാധാരണ സമയത്തുപോലും പുഴകളിൽ ഇറങ്ങുന്നവർക്ക് പേശികൾ‍ കോച്ചിപ്പിടിക്കുന്നതു പതിവാണ്. ഇതും വലിയ അപകടങ്ങൾക്കു കാരണമാവാറുണ്ട്. പാറക്കെട്ടുനിറഞ്ഞ പുഴകൾ കാണാൻ പോകുന്ന സഞ്ചാരികളെ പലപ്പോഴും വെട്ടിലാക്കുന്നത് നീന്താൻ അറിയാമെന്ന അമിതമായ ആത്മവിശ്വാസമാണ്.

മലവെള്ളപ്പാച്ചിൽ: കാരണം കാട്ടിൽ പെയ്ത കനത്ത മഴ

കോഴിക്കോട് ∙ പാറക്കെട്ടിൽ പുഴവെള്ളം തലതല്ലി ചിതറുമ്പോൾ‍ മഞ്ഞുകൊണ്ടൊരു കിരീടം വച്ചതുപോലെയാണ് ഒറ്റനോട്ടത്തിൽ തുഷാരഗിരിയിലെ വെള്ളച്ചാട്ടം.  വഴുക്കുള്ള പാറക്കെട്ടിലൂടെ നടന്നുരക്ഷപ്പെടുകയെന്നത് അസാധ്യമാണ്. വിനോദസഞ്ചാര വകുപ്പിന്റെ ജീവനക്കാരും ടൂറിസ്റ്റ് ഗൈഡുമാരും കൃത്യസമയത്ത് നിർദേശങ്ങളുമായെത്തുകയും ആളുകളെ ഒഴിപ്പിക്കാൻ ഓടിയടുക്കുകയും ചെയ്തതുകൊണ്ടു മാത്രമാണ് 200 പേരെയും രക്ഷപ്പെടുത്താൻ കഴിഞ്ഞത്. വെള്ളച്ചാട്ടത്തിൽനിന്ന് 10 കിലോമീറ്റർ അകലെ കാട്ടിലാണ് ഉച്ചയ്ക്കു ശേഷം കനത്ത മഴ പെയ്തത്. ഇത് കാടിനു പുറത്തുള്ളവർ അറിഞ്ഞില്ല. പാറക്കെട്ടിനു മുകളിൽ കാടായതിനാൽ പുഴയിലൂടെ മലവെള്ളം കുത്തിയൊലിച്ചു വരുന്നത് കണ്ടതുമില്ല.

വിദഗ്ധരുടെ പ്രതികരണങ്ങൾ

അടുത്ത മൂന്നു മണിക്കൂറിലെ മഴപ്രവചനം അറിയാം

കാലാവസ്ഥാ വ്യതിയാനത്തെതുടർന്ന് മഴയുടെ രീതികളിൽ മാറ്റം വന്നിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ള വലിയ അളവിൽ മഴ പെയ്യുന്നത് പതിവാകുകയാണ്. കഴിഞ്ഞ മൂന്നാഴ്ചയായി മലയോരമേഖലകളിൽ അപ്രതീക്ഷിതമായി ഇടിയോടുകൂടിയ മഴ പെയ്യുമെന്ന മുന്നറിയിപ്പു നൽകി വരുന്നുണ്ട്. കാടുകളിൽ മഴ പെയ്താൽ മലോരമേഖലകളിൽ താമസിക്കുന്നവർക്ക് മഴ ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ പുഴയിലൂടെ അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിൽ ഉണ്ടാവുമ്പോൾ ആളുകൾ ദുരിതത്തിലാവുകയാണ്. ഇതു പരിഹരിക്കാനുള്ള പ്രധാനമാർഗം കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയെന്നതാണ്.വെബ്സൈറ്റിൽ ‘നൗ കാസ്റ്റ്’ എന്ന തലക്കെട്ടിൽ അടുത്ത മൂന്നു മണിക്കൂറിലെ മഴപ്രവചനം അറിയാനും കഴിയും. ∙ കെ.സന്തോഷ്, ഡയറക്ടർ, ഇന്ത്യ മെറ്റിരിയോളജിക്കൽ ഡിപാർട്മെന്റ് (ഐഎംഡി)

പാലിക്കണം, മുന്നറിയിപ്പുകൾ

നല്ല വെയിലിലും പുഴകളിൽ പെട്ടെന്നു ജലനിരപ്പ് ഉയരുമെന്ന കാര്യം പലർക്കും അറിയില്ല. ആർത്തിരമ്പി വരുന്ന വെള്ളം സെക്കൻഡുകൾ കൊണ്ടു എല്ലാം തകർത്ത് ഒഴുകും. വിനോദസഞ്ചാരികൾ ഇത്തരം പുഴകളിൽ ഇറങ്ങാതിരിക്കുക. കരയിൽ നിന്നു പുഴയും അതിലെ വെള്ളച്ചാട്ടവുമെല്ലാം ആസ്വദിക്കുക മാത്രം ചെയ്യുക. മലവെള്ളം എത്താൻ സാധ്യതയുള്ള പുഴകളിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കാനും മുൻകരുതൽ നടപടികൾ  സ്വീകരിക്കാനും തദ്ദേശഭരണ സ്ഥാപനങ്ങൾക്കും പൊലീസ്, ഫയർ ആൻഡ് റെസ്ക്യൂ വിഭാഗത്തിനും നിർദേശം നൽകിയിട്ടുണ്ട്. ∙ ഇ.അനിതകുമാരി,  ഡപ്യൂട്ടി  കലക്ടർ, ദുരന്തനിവാരണ വിഭാഗം

മഴയ്ക്കു കാരണം സംവഹനമേഘങ്ങൾ

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനഫലമായി ഈർപ്പം കൂടുതലായി കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് എത്തുന്നുണ്ട്. കേരളത്തിൽ കാലവർഷം ദുർബലമായിട്ടുണ്ട്. അതുകൊണ്ട് മലമ്പ്രദേശങ്ങളുള്ള കിഴക്കൻ മേഖലയിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നു. ഇപ്പോൾ ഉച്ചയ്ക്കു ശേഷം മഴ പെയ്യാനുള്ള പ്രധാനകാരണം ഇതാണ്. ഈ  അവസ്ഥ കുറച്ചുദിവസത്തേക്ക് തുടരാനാണ് സാധ്യത. വനമേഖലയിലാണ് മഴ പെയ്യാൻ കൂടുതൽ സാധ്യത. മലയോരമേഖലയിലേക്ക് വിനോദയാത്ര പുറപ്പെടുമ്പോൾ കാലാവസ്ഥ കൂടി പരിശോധിക്കണം. ∙ കെ.ജംഷാദ്,  കാലാവസ്ഥാ നിരീക്ഷകൻ, മെറ്റ്ബീറ്റ് വെതർ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA