ADVERTISEMENT

കോഴിക്കോട്∙ ചായ കുടിക്കാൻ വന്നയാളുടെ കുടവയറു കണ്ടപ്പോൾ കടയിലുണ്ടായിരുന്ന ഒരാളുടെ കളിയാക്കൽ: ‘ആ ബോളൊന്നു പുറത്തെടുത്താ.  നെയ്മർ ടച്ചിലൊന്നു തട്ടട്ടെ’. മെസ്സി ഫാനായ വയറുകാരനെ ചൊടിപ്പിച്ച ആ കമന്റ് പാസ് ചെയ്തു കൂടെയുള്ളവർ ഗോളടിക്കാൻ പുറപ്പെട്ടതോടെ ചായക്കടയാകെ ബഹളം. പോർവിളി..ഖത്തർ ലോകകപ്പിന്റെ ആവേശം മൂത്തതോടെ  പുതിയപാലം മൂര്യാട് റോഡിലെ ചെമ്പകംതാഴത്തെ കെ.ശ്രീജിത്തിന്റെ ചായക്കടയിൽ ദിവസവും ഇതാണ് അവസ്ഥ.

ഫുട്ബോൾ കളിക്കാരനും ബ്രസീൽ ആരാധകനുമായ  ശ്രീജിത്ത് ചായക്കടയുടെ ഒരു ഭാഗത്തെ ചുമരിൽ നെയ്മാർ അടക്കമുള്ള ബ്രസീൽ ടീമിന്റെയും മറുഭാഗത്ത്  മെസ്സി, ക്രിസ്റ്റ്യാനോ റൊണാൺ‍ഡോ, തോമസ് മുള്ളർ തുടങ്ങി 16 ഫുട്ബോൾ താരങ്ങളുടെയും ഫ്ലെക്സ് പതിച്ചു ചുടുള്ള ചർച്ചയ്ക്കു പശ്ചാത്തലം സൃഷ്ടിച്ചതാണ് കളിയുടെ ആവേശക്കൂട്ടിനു കളമൊരുങ്ങിയത്. തൊട്ടടുത്ത ഗോഡൗണിലെ തൊഴിലാളികളാണ് ഫുട്ബോൾ ആരാധകരുടെ വേഷത്തിൽ ചായക്കടയിൽ കൂടിയിരുന്നു ഖത്തർ ലോകകപ്പ് വിശേഷങ്ങൾ പങ്കുവയ്ക്കുകയും  ലോകഫുട്ബോൾ ടീമുകൾക്കു വേണ്ടി ആവേശത്തോടെ തർക്കിക്കുകയും ചെയ്യുന്നത്. ബ്രസീലിന്റെയും അർജന്റീനയുടെയും ജഴ്സിയണിഞ്ഞുള്ള തർക്കത്തിന് എരിവുകൂടുകയും ചെയ്യും.

ചെറുപ്പം മുതലേ ഫുട്ബോൾ കളിയിൽ കമ്പമുള്ള ശ്രീജിത്ത് ചാലപ്പുറം  ഗവ.ബോയ്സ്  സ്കൂളിൽ പഠിക്കുമ്പോൾ ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. പിന്നീട് സാമൂതിരി സ്കൂൾ ഗ്രൗണ്ടിലും കോർപറേഷൻ സ്റ്റേഡിയത്തിലും ഞായറാഴ്ചകളിൽ ബീച്ചിലും ഒട്ടേറെ ടൂർണമെന്റുകളിലും കളിച്ചു. ലോകകപ്പ് ഫുട്ബോൾ മത്സരം കണ്ടു കണ്ടു ബ്രസീൽ ടീമിന്റെ കടുത്ത ആരാധകനായി. അച്ഛൻ മുരളീധരനാണ് 53 വർഷമായി പുതിയപാലത്ത്  ചായക്കട നടത്തുന്നത്. ഉച്ചയ്ക്കു  അച്ഛൻ വീട്ടിലേക്കു പോയാൽ ശ്രീജിത്താണ് കട നടത്തുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com