ADVERTISEMENT

നടുവണ്ണൂർ ∙ ചെങ്ങോടുമലയുടെ പടിഞ്ഞാറെ അറ്റത്ത് ഏക്കർ കണക്കിനു സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന വേയപ്പാറ സഞ്ചാരികളുടെ കാൽപ്പെരുമാറ്റത്തിനു കാതോർക്കുന്നു.     പാറപ്പരപ്പിൽ മുകളിലെത്തിയാൽ വരവേൽക്കുന്നതു ചുറ്റുമുള്ള  മലനിരകളുടെയും വയൽപരപ്പുകളുടെയും മനോഹര കാഴ്ചയാണ്. ഉദയാസ്തമയ സമയത്തെ ആകാശ കാഴ്ച, തിക്കോടി ലൈറ്റ് ഹൗസ്, അങ്ങു ദൂരെ നേർത്ത വരപോലെ കാണുന്ന കൊയിലാണ്ടി കടപ്പുറം, വയനാടൻ മലനിരകൾ,  കക്കയം മലകൾ.... ഇങ്ങനെ ചുറ്റും  കണ്ണിനു വിരുന്നൊരുക്കുന്ന സുന്ദര കാഴ്ചയാണ് ഇവിടുത്തെ ആകർഷണീയത.

വേയപ്പാറയുടെ മുകളിൽ നിന്നുള്ള കാഴ്ച
വേയപ്പാറയുടെ മുകളിൽ നിന്നുള്ള കാഴ്ച

വിന്റർ, മൺസൂൺ ടൂറിസത്തിനും പ്രകൃതിക്ക് പരുക്കു പറ്റാത്ത തരത്തിലുള്ള വിനോദ സഞ്ചാര സാധ്യതയും ഈ പ്രദേശത്തുണ്ട്. സാഹസിക വിനോദ സഞ്ചാരത്തിനും അനുകൂലമാണ് ഇവിടം. അപൂർവ ഔഷധ സസ്യങ്ങളും മരങ്ങളും വിവിധ ഇനം പൂമ്പാറ്റകളും പക്ഷികളും കാണുന്ന വേയപ്പാറയും ചുറ്റുപാടും ഔഷധ സസ്യോദ്യാനത്തിനും ശലഭോദ്യാനത്തിനും ഉപയോഗപ്പെടുത്താൻ കഴിയും.  കടുത്ത വേനലിലും  മലമുകളിലെത്തിയാൽ തണുത്ത കാറ്റ് ആശ്വാസമായി ഉണ്ടാകും.

സമുദ്ര നിരപ്പിൽ നിന്ന് 400 മീറ്ററിലധികം ഉയർന്നതും മൂന്നു വശങ്ങളും ചെങ്കുത്തായതുമായ ഈ പ്രദേശം ഗ്രാമീണ ടൂറിസത്തിനു വലിയ സാധ്യതയാണ്.  കോട്ടൂർ പഞ്ചായത്തിലെ  ഒന്ന്, രണ്ട് വാർഡുകളിലായി വ്യാപിച്ചു കിടക്കുന്ന വേയപ്പാറ കായണ്ണ, നൊച്ചാട് പഞ്ചായത്തുകളിലും അതിർത്തി പങ്കിടുന്നുണ്ട്. 

യാത്രാ സൗകര്യം

മൂലാട് നിന്ന് കള്ളാത്തറ വരെ റോഡ് സൗകര്യമുണ്ട്. അവിടെ നിന്ന് ഒരു കിലോമീറ്റർ റോഡ് നിർമിച്ചാൽ വേയപ്പാറയിലെത്താം.    നരയംകുളം അരട്ടൻകണ്ടി പാറ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപത്തു നിന്ന് ചെങ്ങോടുമലയുടെ ചെരിവിലൂടെ അര മണിക്കൂർ നടന്നു കയറിയാൽ ഇവിടെ എത്താം.ചെങ്ങോടുമലയും അതിൽ തലയുയർത്തി നിൽക്കുന്ന വേയപ്പാറയും കേന്ദ്രീകരിച്ച് വിദേശ എഴുത്തുകാരെ ആകർഷിക്കുന്ന തരത്തിൽ എഴുത്തു ഗ്രാമം പദ്ധതി തുടങ്ങുകയെന്നത് അന്തരിച്ച എഴുത്തുകാരൻ ടി.പി.രാജീവന്റെ സ്വപ്നമായിരുന്നു.

അദ്ദേഹത്തിന്റെ കെ.ടി.എൻ കോട്ടൂർ; എഴുത്തും ജീവിതവും എന്ന നോവലിൽ പ്രതിപാദിക്കുന്ന പ്രദേശം ചെങ്ങോടുമലയും പരിസരവുമാണ്.     വേയപ്പാറയുടെ സാധ്യതകൾ പരിശോധിച്ച് ടൂറിസം വകുപ്പും കോട്ടൂർ പഞ്ചായത്തുമായി ആലോചിച്ച് ഗ്രാമീണ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിനു നടപടി സ്വീകരിക്കുമെന്ന് കെ.എം.സച്ചിൻദേവ് എംഎൽഎ ഇതു സംബന്ധിച്ച് നൽകിയ നിവേദനത്തിനു മറുപടി നൽകിയിട്ടുണ്ട്.

വേയപ്പാറയിലെ  പ്രത്യേകതകൾ

∙ അത്യപൂർവ ഔഷധ സസ്യങ്ങൾ, വിവിധ തരം മരങ്ങൾ, കുറ്റിച്ചെടികൾ, ഉരഗങ്ങൾ, പക്ഷികൾ, കാട്ടുമൃഗങ്ങൾ തുടങ്ങി ജൈവവൈവിധ്യങ്ങളുടെ കലവറ.

∙ പാറയുടെ മുകൾ ഭാഗത്ത് നിരപ്പായ സ്ഥലമായതിനാൽ സഞ്ചാരികൾക്ക് വിശ്രമിക്കാനും കലാപരിപാടികൾ സംഘടിപ്പിക്കാനും സൗകര്യമുണ്ട്. 

∙ട്രക്കിങ്: നരയംകുളം അരട്ടൻകണ്ടി പാറ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു സമീപം മുതൽ വേയപ്പാറയിലേക്ക് ഏകദേശം 800 മീറ്റർ നീളത്തിൽ പടവുകളും ഹാൻഡ് റെയിലും സ്ഥാപിച്ചാൽ ട്രക്കിങ് സൗകര്യം ഏർപ്പെടുത്താനും സാഹസിക വിനോദ സഞ്ചാരികളെ ആകർഷിക്കാനും സാധ്യതയേറെ. 

∙കുറഞ്ഞ ചെലവിൽ ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പറ്റിയ ഇടം, ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ നിർദിഷ്ട വിനോദ സഞ്ചാര ഇടനാഴിയുടെ ഭാഗമാക്കി മാറ്റാൻ കഴിയുന്ന പ്രദേശം

∙വാന നിരീക്ഷണം:  പാറമുകളിൽ ഒബ്സർവേറ്ററി സ്ഥാപിച്ചാൽ തടസ്സം കൂടാതെ 360 ഡിഗ്രിയിൽ വാന നിരീക്ഷണം നടത്താൻ കഴിയും.

∙റോപ് വേ: സമീപ കുന്നുകളുമായി ബന്ധിപ്പിച്ച് റോപ് വേ സംവിധാനം ഏർപ്പെടുത്താനും സൗകര്യമുണ്ട്. 

∙ഇവിടെ വാച്ച് ടവർ നിർമിച്ച് അതോടൊപ്പം സോളർ പാനൽ സ്ഥാപിച്ചാൽ ടൂറിസം പദ്ധതിക്കാവശ്യമായ വൈദ്യുതി ലഭ്യമാക്കാം.

∙കൊടും വേനലിലും നല്ല തണുത്ത കാറ്റ് ലഭിക്കുന്ന സുഖമുള്ള കാലാവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com