ADVERTISEMENT

കോഴിക്കോട് ∙ കോർപറേഷൻ പരിധിയിലെ മാലിന്യ സംസ്കരണം കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിനുള്ള ‘അഴക്’ പദ്ധതിയുടെ ആദ്യഘട്ടമായുള്ള പാഴ്‌വസ്തു  ശേഖരണം ഇന്ന് പൂർത്തിയാകും.  ഓരോ മാസവും നിശ്ചിത ദിവസം ഹരിതകർമ സേനാംഗങ്ങൾ വീടുകളിലെത്തി ഒന്നിച്ച് ആ വാർഡിലെ മുഴുവൻ പാഴ് വസ്തുക്കളും കൊണ്ടുപോവുന്നതാണ് രീതി. ഇതു വരെ 74 വാർഡുകളിൽ നിന്നായി ഏതാണ്ട് 30 ടൺ പാഴ്‌വസ്തുക്കൾ ശേഖരിച്ചു. 65–ാം വാർഡിലെ അജൈവ മാലിന്യ ശേഖരണം ഇന്ന് നടക്കും.  ഇതോടെ മുഴുവൻ വാർഡുകളിലെയും ആദ്യഘട്ട പാഴ്‌വസ്തു ശേഖരണം പൂർത്തിയാകും. 

പ്രവർത്തന സൗകര്യത്തിനായി ഒരു വാർഡിനെ 50 വീടുകളുള്ള ക്ലസ്റ്ററുകളാക്കി തരം തിരിച്ചിട്ടുണ്ട്. റസിഡന്റ്സ് അസോസിയേഷനുകളെ ഉൾപ്പെടുത്തിയാണിത്. ഒരു ക്ലസ്റ്ററിലേക്ക് 2 ഹരിത കർമസേനാംഗങ്ങൾ എന്ന വിധത്തിൽ ചുമതലപ്പെടുത്തി ഒരു ദിവസം കൊണ്ട് വാർഡിലെ മുഴുവൻ അജൈവ മാലിന്യങ്ങളും ശേഖരിക്കുന്ന രീതിയാണിത്. അജൈവ മാലിന്യങ്ങൾ നെല്ലിക്കോട്, ഞെളിയൻപറമ്പ്, പുത്തൂർ എന്നിവിടങ്ങളിലെ എംആർഎഫുകളിലാണ് തരംതിരിക്കുക. പിന്നീട് യൂണിവേഴ്സൽ ബയോ ഗ്യാസ് എന്ന കമ്പനി സംസ്കരിക്കുന്നതിനായി കൊണ്ടു പോകും. 

എല്ലാത്തരം പാഴ്‌വസ്തുക്കളും ഒന്നിച്ച് നൽകാതെ വീട്ടിൽ നിന്ന് തന്നെ പ്രാഥമികമായി തരംതിരിച്ച് നൽകണം. ചെരുപ്പ്, കുപ്പികൾ, ഇ-മാലിന്യം, കടലാസ് തുടങ്ങി ഓരോന്നും ഓരോ മാസം കൊണ്ടുപോകും. പ്ലാസ്റ്റിക് സഞ്ചികൾ എല്ലാ മാസവും ഒരു തരത്തിലും പുനരുപയോഗിക്കാൻ പറ്റാത്തവ 6 മാസത്തിലൊരിക്കലും കൊണ്ടുപോകും. 60 രൂപയാണ് ഫീസ്. അഴകിന്റെ അവലോകനം അടുത്ത ദിവസം നടത്തും. വ്യാപാരസ്ഥാപനം, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലെല്ലാം പദ്ധതി വ്യാപിപ്പിക്കും. ജനുവരിയോടെ പൂർണതോതിൽ നടപ്പാക്കാനാകുമെന്നാണ് കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.

ശിൽപശാല സംഘടിപ്പിച്ചു

കോഴിക്കോട് ∙ നഗരത്തിൽ മാലിന്യ സംസ്കരണ പദ്ധതിക്ക് പുതിയ മുഖം നൽകാൻ ആരംഭിച്ച 'അഴക്' പദ്ധതി സജീവമാക്കുന്നതിനു വീടുകളിൽ ഉറവിടമാലിന്യ സംസ്കരണത്തിനു ഊന്നൽ നൽകി കോർപറേഷൻ ശിൽപശാല സംഘടിപ്പിച്ചു. വീടുകളിൽ നിന്നു തന്നെ മാലിന്യം സംസ്കരിക്കുന്നതിനുള്ള നൂതന രീതികൾ ശിൽപശാലയിൽ പരിചയപ്പെടുത്തി. വിവിധ തരത്തിലുള്ള ജൈവമാലിന്യ സംസ്കരണ രീതികൾ ശിൽപശാലയിൽ ചർച്ച ചെയ്തു ബോധവൽക്കരണവും നടത്തി.

മാർച്ച് 31 നു മുൻപ് പദ്ധതികൾ പൂർത്തീകരിക്കും. കിണർ റീചാർജിങ്, ദ്രവ മാലിന്യ സംസ്കരണം, ജൈവമാലിന്യ സംസ്കരണം എന്നീ പദ്ധതികൾക്കാണ് മുൻഗണന. നഗരത്തിലെ വരൾച്ച പ്രദേശങ്ങൾ, ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങൾ, കിണർ വെള്ളത്തിൽ ഇരുമ്പിന്റെ അംശം അടങ്ങിയ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ സംരക്ഷിക്കാൻ പദ്ധതി ഉണ്ട്. പദ്ധതി പ്രവൃത്തിക്ക് 100% സബ്സിഡി നൽകുന്നുണ്ട്.

ഒരു കിണർ റീ ചാർജിങ്ങിനു 15,000 രൂപയാണ് ഗുണഭോക്താവിനു നൽകുന്നത്. വീടുകളിൽ അടുക്കള, ശുചിമുറി എന്നിവിടങ്ങളിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന മലിന ജല സംസ്കരണത്തിനുള്ള സോക് പിറ്റ് നിർമാണത്തിനു 8,500 രൂപയാണ് നൽകുന്നത്. കൂടാതെ വീടുകളിലെ ജൈവമാലിന്യ സംസ്കരണത്തിന് ഉപകരണങ്ങൾ നൽകുന്ന പദ്ധതിക്ക് 90% സബ്സിഡിയും നൽകും. പദ്ധതിക്കുള്ള ഗുണഭോക്താക്കളെ കണ്ടെത്താൻ ഈ മാസം അപേക്ഷ സ്വീകരിക്കും. കോർപറേഷൻ പ്ലാൻ ഫണ്ടും നഗര സഞ്ചയ ഫണ്ടും ഉപയോഗിച്ചാണ് പദ്ധതി. 2023 മാർച്ച് 31 നു മുൻപ് പൂർത്തികരിക്കും.

വാർഡ് കമ്മിറ്റി അംഗങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, കുടുംബശ്രീ എഡിഎസ് അംഗങ്ങൾ, അഴക്‌ ക്ലസ്റ്റർ ലീഡർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാര പ്രതിനിധികൾ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു. മേയർ ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എസ്.ജയശ്രീ, പി.ദിവാകരൻ, സി.രേഖ, കെ. കൃഷ്ണകുമാരി, പി.കെ. നാസർ, ഒ.പി. ഷിജിന, കോർപറേഷൻ സെക്രട്ടറി കെ.യു. ബിനി, ഹെൽത്ത് ഓഫിസർ ഡോ. എ. ശശികുമാർ, മണലിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com