ADVERTISEMENT

കോഴിക്കോട് ∙ കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെത്തുടർന്നു യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി പിന്മാറിയിട്ടും ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിൽ ഉജ്വല പങ്കാളിത്തം. ജവാഹർ യൂത്ത് ഫൗണ്ടേഷൻ എന്ന സംഘടനയുടെ ബാനറിൽ അതേ വേദിയിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതാക്കളെ പങ്കെടുപ്പിച്ചു നടത്തിയ പരിപാടിയോടെ തരൂരിന്റെ മലബാർ പര്യടനത്തിനു തുടക്കമായി. ഹാളിലും പുറത്തും ജനം നിറഞ്ഞു. തരൂരിന്റെ പര്യടനം ഏകോപിപ്പിക്കുന്ന എം.കെ.രാഘവൻ എം.പി വിലക്കിനു നൽകിയ മറുപടി കൂടിയായി പരിപാടിയിലെ ജനപങ്കാളിത്തം.

യൂത്ത് കോൺഗ്രസ് പിന്മാറിയതിനുപിന്നിൽ ആരാണെന്നു കെപിസിസി പ്രസിഡന്റ് അന്വേഷിക്കണമെന്ന് എം.കെ.രാഘവൻ ആവശ്യപ്പെട്ടു. കെപിസിസി അന്വേഷണക്കമ്മിഷനെ നിയോഗിച്ചില്ലെങ്കിൽ പാർട്ടിവേദികളിൽ കാര്യങ്ങൾ തുറന്നുപറയും. അന്വേഷണം ആവശ്യപ്പെട്ടു സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ എന്നിവർക്കു പരാതി നൽകും. ആളുകളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രാഷ്ട്രീയം നമുക്ക് ചേരില്ലെന്നും പറഞ്ഞു. രാഘവന്റെ ആവശ്യം ന്യായമാണെന്ന് ശശി തരൂരും പ്രതികരിച്ചു.

യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി, സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ, കെപിസിസി അംഗങ്ങളായ കെ.ബാലകൃഷ്ണ കിടാവ്, മഠത്തിൽ നാണു, ജില്ലാ പഞ്ചായത്തിലെ യുഡിഎഫ് കക്ഷിനേതാവ് ഐ.പി.രാജേഷ്, കോഴിക്കോട് കോർപറേഷനിലെ യുഡിഎഫ് കക്ഷിനേതാവ് കെ.സി.ശോഭിത എന്നിവരും തരൂരിനൊപ്പം വേദി പങ്കിട്ടു. തരൂരിനെ പങ്കെടുപ്പിച്ച് കണ്ണൂരിൽ പരിപാടി സംഘടിപ്പിക്കുമെന്നു റിജിൽ മാക്കുറ്റി പ്രഖ്യാപിച്ചു.‘മതനിരപേക്ഷതയും സംഘപരിവാർ ഉയർത്തുന്ന വെല്ലുവിളിയും’ എന്ന വിഷയത്തിൽ തരൂരിനെ പങ്കെടുപ്പിച്ച് സെമിനാർ നടത്തുമെന്നു പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കോൺഗ്രസ് നേതൃത്വം കണ്ണുരുട്ടിയതോടെ ശനിയാഴ്ച വൈകിട്ടു പരിപാടിയിൽനിന്നു പിന്മാറുകയായിരുന്നു.

ശശി തരൂരിന്റെ മലബാർ  പര്യടനം തുടങ്ങി

സംസ്ഥാന രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കുന്നതിന്റെ ഭാഗമായി ശശി തരൂർ എംപി നടത്തുന്ന മലബാർ പര്യടനത്തിനു തുടക്കം.  എം.ടി.വാസുദേവൻ നായർ, മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി.ഉണ്ണിക്കൃഷ്ണൻ, കോഴിക്കോട് ബിഷപ് ഡോ.വർഗീസ് ചക്കാലക്കൽ, ആചാര്യ എം.ആർ.രാജേഷ് എന്നിവരുമായി തരൂർ‌ കൂടിക്കാഴ്ച നടത്തി.  ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ സെമിനാർ,  സംഘപരിവാറിനെതിരെ ജവാഹർ യൂത്ത് ഫൗണ്ടേഷൻ സംഘടിപ്പിച്ച സെമിനാർ, ഭാവി ഇന്ത്യയെക്കുറിച്ച് ചേംബർ ഓഫ് ഇൻഡസ്ട്രി സംഘടിപ്പിച്ച സെമിനാർ എന്നിവയിൽ പങ്കെടുത്തു. എൽജെഡി സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാറിന്റെ വീട്ടിലെത്തി അമ്മയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ചു.    അന്തരിച്ച എഴുത്തുകാരൻ ടി.പി.രാജീവന്റെ വസതി ഇന്നു സന്ദർശിക്കുന്ന തരൂർ അതിനു ശേഷം മാഹി മലയാള കലാഗ്രാമം, കാലിക്കറ്റ് ബാർ അസോസിയേഷൻ, ഐഎംഎ കോഴിക്കോട് എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളിലും പങ്കെടുക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com