ADVERTISEMENT

കോഴിക്കോട്∙ ശശി തരൂരിന്റെ സന്ദർശനം ഉയർത്തിയ വിവാദങ്ങൾക്കിടെ ജില്ലയിലെ കോൺഗ്രസിൽ എം.കെ.രാഘവന്റെ നേതൃത്വത്തിൽ പുതിയ ചേരി രൂപപ്പെടുന്നു. ടി.സിദ്ദിഖ് എ ഗ്രൂപ്പ് നേതൃത്വവുമായി അകന്നതോടെ പല തട്ടിലായ ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കളാണ് രാഘവന്റെ കീഴിൽ ഒരുമിക്കുന്നത്. നിലവിലെ ഡിസിസി നേതൃത്വത്തിനെതിരായ വികാരമുള്ളവരെയും ഈ കൂട്ടായ്മയിലേക്ക് കൊണ്ടു വരാനുള്ള ശ്രമം നടക്കുന്നു.

കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജില്ലയിൽ നിന്ന് 8 കെപിസിസി അംഗങ്ങൾ ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടിരുന്നെങ്കിലും അത് സംഘടിതമായ നീക്കമായിരുന്നില്ല. എന്നാൽ ശശി തരൂരിന്റെ പരിപാടിക്ക് അപ്രഖ്യാപിത വിലക്കുവന്നതോടെ ഒപ്പമുള്ളവരെ മുന്നിൽ നിർത്തി കരുത്തു കാണിക്കാൻ രാഘവൻ നിർബന്ധിതനായി.

എ ഗ്രൂപ്പിലെ കെ.സി. അബുവിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെയും എ ഗ്രൂപ്പിലെ യുവനേതാക്കളായ എൻഎസ്‌യു ജനറൽ സെക്രട്ടറി കെ.എം.അഭിജിത്ത്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി.ദുൽഖിഫിൽ എന്നിവരെയും ഒപ്പം നിർത്താൻ രാഘവനു കഴിഞ്ഞു. ശശി തരൂർ വിവാദത്തിൽ എ ഗ്രൂപ്പിന്റെ സംസ്ഥാന നേതൃത്വം പരസ്യമായ നിലപാട് എടുക്കാത്തതും ഈ നീക്കത്തിൽ സഹായകരമായി.

നേരത്തേ കെ.സി.അബുവിന്റെയും ടി.സിദ്ദിഖിന്റെയും നേതൃത്വത്തിൽ രണ്ടു തട്ടിലായിരുന്ന ജില്ലയിലെ എ ഗ്രൂപ്പ് ഇപ്പോൾ പല തട്ടിലാണ്. ഇവരെ ഏകോപിച്ചു പഴയ എ ഗ്രൂപ്പ് സജീവമാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അതേസമയം എ ഗ്രൂപ്പിൽ നിന്നുള്ള കെപിസിസി അംഗങ്ങളായ കെ.പി.ബാബു, കെ.ടി.ജയിംസ് എന്നിവർ നിലവിൽ ഈ നീക്കത്തിനൊപ്പമില്ല.

ഡിസിസിക്കെതിരായ പരാതി എ ഗ്രൂപ്പ് രണ്ടു തട്ടിൽ

കോഴിക്കോട്∙ ശശി തരൂർ മുഖ്യാതിഥിയായ സെമിനാറിന്റെ സംഘാടനത്തിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ പരാതി നൽകാനുള്ള നീക്കത്തിൽ എ ഗ്രൂപ്പിനുള്ളിൽ എതിർപ്പ്. എ ഗ്രൂപ്പിലെ കെ.സി.അബു വിഭാഗം നേതാക്കൾ സംഭവത്തിൽ ഡിസിസി പ്രസിഡന്റിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. എന്നാൽ പരാതി നൽകാൻ ഗ്രൂപ്പ് തീരുമാനിച്ചിട്ടില്ലെന്ന് ഈ ഗ്രപ്പിലെ ഒരു വിഭാഗം പറയുന്നു. വിഷയത്തിൽ ഡിസിസി പ്രസിഡന്റിനോട് എതിർപ്പില്ലെന്നാണ് ഇവരുടെ നിലപാട്. പുതിയ ഡിസിസി ഓഫിസിന്റെ തറക്കല്ലിടൽ ചടങ്ങിനെപ്പറ്റി ആലോചിക്കാൻ ഇന്നലെ ചേർന്ന ഡിസിസി യോഗത്തിൽ തരൂർ വിവാദം ചർച്ചയായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com