കോഴിക്കോട്∙ കോർപറേഷൻ യോഗത്തിലെ യുഡിഎഫ് പ്രതിഷേധം പകർത്താൻ ശ്രമിച്ച പത്ര ഫൊട്ടോഗ്രഫർമാരെ കൗൺസിൽ ഹാളിൽ നിന്നു പുറത്താക്കാൻ ശ്രമം. ചിത്രമെടുക്കുന്നതു സുരക്ഷാജീവനക്കാർ തടഞ്ഞപ്പോൾ, ‘പിടിച്ചു പുറത്താക്ക് അവരെ’ എന്നായിരുന്നു ചില കൗൺസിലർമാരുടെ ആക്രോശം.
കോതി പള്ളിക്കണ്ടി അഴീക്കൽ റോഡിൽ ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഇന്നലെ നടന്ന കോർപറേഷൻ യോഗത്തിൽ യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം. പ്ലാന്റിനെതിരെ പ്രദേശത്തു സമരം നടക്കുകയാണ്. എന്നാൽ യോഗത്തിൽ ഇതേക്കുറിച്ച് അഭിപ്രായം പറയാൻ പോലും കൗൺസിലർമാരെ അനുവദിക്കില്ലെന്നു ആരോപിച്ച് യുഡിഎഫ് കൗൺസിൽ ബഹിഷ്കരിക്കുകയാണ് എന്നറിയിച്ചു.
ഈ സമയം പ്രതിഷേധിക്കുന്ന യുഡിഎഫ് അംഗങ്ങളുടെ ചിത്രമെടുക്കാൻ ശ്രമിച്ച പത്ര ഫൊട്ടോഗ്രഫർമാരെ കോർപറേഷനിലെ സുരക്ഷാ ജീവനക്കാർ തടഞ്ഞു. ഹാളിന്റെ മുൻഭാഗത്തു വച്ചു പടമെടുക്കാൻ പാടില്ലെന്നായിരുന്നു വാദം. ഇതു ഫൊട്ടോഗ്രഫർമാർ ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. ഈ സമയത്താണ് സ്ഥിരം സമിതി അധ്യക്ഷനും സിപിഐ ജില്ലാ അസി. സെക്രട്ടറിയുമായ പി.കെ.നാസർ എഴുന്നേറ്റ് ഫൊട്ടോഗ്രഫർമാർക്കെതിരെ ആക്രോശിച്ചത്.
പിന്തുണയുമായി മറ്റു ചില കൗൺസിലർമാരും എഴുന്നേറ്റു. ഇതിനിടെ യുഡിഎഫ് അംഗങ്ങൾ കൗൺസിൽ ബഹിഷ്കരിച്ചു പുറത്തേക്കു പോയിരുന്നു.