ADVERTISEMENT

കോഴിക്കോട് ∙ താൽക്കാലിക ഒഴിവുകൾ എംപ്ലോയ്മെന്റ് എക്സ്േചഞ്ച് വഴി നികത്തുമെന്ന മന്ത്രി എം.ബി.രാജേഷിന്റെ ഉറപ്പു പാഴായി, കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ (കെഎച്ച്ആർഡബ്ല്യുഎസ്) 10 ശുചീകരണ തൊഴിലാളികളെ നിയമിക്കാൻ 29 മുതൽ അഭിമുഖ പരമ്പര. പാർട്ടി ശുപാർശയുമായി വരുന്നവരെയും നിലവിൽ ജോലി ചെയ്യുന്നവരുടെ ബന്ധുക്കളെയും നിയമിക്കാൻ വേണ്ടിയാണ് അഭിമുഖം എന്ന് ആരോപണം ഉയർന്നിട്ടുണ്ട്. 

കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ തസ്തികകളിലേക്ക് 170 പേരാണ് അപേക്ഷിച്ചത്. കെഎച്ച്ആർഡബ്ല്യുഎസിലെ മുതിർന്ന ഉദ്യോഗസ്ഥന്റെ നോമിനിയും സ്ഥാപനത്തിലെ യൂണിയൻ നേതാവിന്റെ ഭാര്യയും സഹോദരിയും ഉൾപ്പെടെ അപേക്ഷിച്ചിട്ടുണ്ടെന്നു ജീവനക്കാർ പറയുന്നു.

കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സമാന രീതിയിൽ നടത്തിയ അഭിമുഖം ഇടതു യുവജന സംഘടനകൾ തടയുകയും ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. കെഎച്ച്ആർഡബ്ല്യുഎസ് നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തുമെന്ന് ആരോഗ്യ മന്ത്രി നിയമസഭയിൽ നൽകിയ മറുപടി ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ ഇടപെടൽ. ഇതേ സംഘടനകൾ ഇപ്പോൾ മൗനം പാലിക്കുകയാണ്. 

സൊസൈറ്റി ആക്ട് പ്രകാരം പ്രവർത്തിക്കുന്ന കെഎച്ച്ആർഡബ്ല്യുഎസിൽ നിയമനത്തിനു പ്രത്യേക നിയമങ്ങളാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ഇവിടെ സാധ്യമല്ല. ഒഴിവുകൾ 2 മാധ്യമങ്ങളിൽ പരസ്യം ചെയ്തിട്ടുണ്ട്. പിആർഡിക്കും നൽകിയിട്ടുണ്ട്. സൊസൈറ്റിയുടെ നിയമന രീതി കോടതിയും അംഗീകരിച്ചതാണ്. അർഹതയുള്ളവരെ മാത്രമേ തിരഞ്ഞെടുക്കാവൂ എന്നു പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.

സ്റ്റാഫ് നഴ്സ് (9), ക്ലീനർ (40) തസ്തികകളിൽ 49 പേരെയാണ് സംസ്ഥാനത്തൊട്ടാകെ അഭിമുഖം നടത്തി നിയമിക്കുന്നത്. പല നിയമനങ്ങളും പൂർത്തിയായി കഴിഞ്ഞു. തിരുവനന്തപുരം കോർപറേഷൻ നിയമനക്കത്ത് വിവാദവും മന്ത്രിയുടെ പ്രസ്താവനയും മൂലം മാറ്റിവച്ചിരുന്ന നിയമനങ്ങൾക്കു വേണ്ടിയാണ് 29 മുതൽ ഡിസംബർ 4 വരെ അഭിമുഖം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com