ADVERTISEMENT

വടകര∙ കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്കു ശേഷം കടന്നുവരുന്ന സ്കൂൾ കലോത്സവം ഉത്സവമാക്കി മാറ്റണമെന്നും അനാരോഗ്യകരമായ മത്സരങ്ങളുടെ വേദിയായി മാറരുതെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനുവരിയിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിനു കോഴിക്കോട് വേദിയാകുകയാണ്. അതിന്റെ ഒരുക്കങ്ങൾക്കുള്ള റിഹേഴ്സൽ കൂടിയാണ് ജില്ലാ കലോത്സവം. കോഴിക്കോട്ടുകാർ കാത്തുസൂക്ഷിക്കുന്ന ആതിഥേയത്വവും തനിമയും പാരമ്പര്യവും സംസ്ഥാന കലോത്സവത്തിന് അതിഥികൾ എത്തുമ്പോൾ ആവർത്തിക്കണം. സ്കൂളുകളിൽ ലഹരിമാഫിയ പിടിമുറുക്കുമ്പോൾ വിദ്യാർഥികളെ നേരായ വഴിയിലേക്ക് കൊണ്ടുവരാൻ കലോത്സവങ്ങളിലൂടെ കഴിയുമെന്നും മന്ത്രി റിയാസ് പറഞ്ഞു. 

  വടകരയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര ജിഎച്ച്എസ്എസ് ടീം.
വടകരയിൽ നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം തിരുവാതിരയിൽ ഒന്നാം സ്ഥാനം നേടിയ പേരാമ്പ്ര ജിഎച്ച്എസ്എസ് ടീം.

കെ.കെ.രമ എംഎൽഎ അധ്യക്ഷയായിരുന്നു. എംഎൽഎമാരായ ടി.പി. രാമകൃഷ്ണൻ, ഇ.കെ. വിജയൻ ,കെ.പി.കുഞ്ഞമ്മദ് കുട്ടി, നഗരസഭാധ്യക്ഷ കെ.പി.ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, കലക്ടർ എൻ. തേജ് ലോഹിത് റെഡ്ഡി,  ഡിഡിഇ മനോജ് മണിയൂർ, ജനപ്രതിനിധികളായ കെ.കെ. വനജ, സിന്ധു പ്രേമൻ, പി. സജീവ് കുമാർ, ആർഡിഡി പി.എം.അനിൽ, ഡയറ്റ് പ്രിൻസിപ്പൽ വി.വി.പ്രേമരാജൻ, എസ്എസ്കെ ജില്ലാ പ്രോജക്ട് കോഓർഡിനേറ്റർ എ.കെ.അബ്ദുൽ ഹക്കിം തുടങ്ങിയവർ പ്രസംഗിച്ചു.

യുപി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ചേവായൂർ  പ്രസന്റേഷൻ എച്ച്എസ്എസ് ടീം.
യുപി വിഭാഗം പെൺകുട്ടികളുടെ സംഘനൃത്തത്തിൽ ഒന്നാം സ്ഥാനം നേടിയ ചേവായൂർ പ്രസന്റേഷൻ എച്ച്എസ്എസ് ടീം.

വിവാദങ്ങളിൽ കുരുങ്ങി കുച്ചിപ്പുഡി മത്സരം

ഹൈസ്കൂൾ വിഭാഗം കുച്ചിപ്പുഡി മത്സരത്തിനിടെ വേദിയിലെ നിലപ്പായ സ്റ്റേജ് മാനേജർ വലിച്ചുവെന്ന പരാതിയുമായി വിദ്യാർഥിനി. മത്സരഫലം പ്രഖ്യാപിച്ച ശേഷം വേദിയിൽ വാക്കേറ്റവും നടന്നു. മത്സരം നടക്കുന്ന സ്റ്റേജിലെ അപാകത ചൂണ്ടിക്കാട്ടി പരാതി പറഞ്ഞ വിദ്യാർഥികൾക്ക് ബി ഗ്രേഡ് നൽകിയെന്നാണു കോഴിക്കോട്ടു നിന്നുള്ള വിദ്യാർഥിനി പരാതിപ്പെട്ടത്.  ടെക്നിക്കൽ ഹൈസ്കൂളിലെ വേദി അഞ്ചിലാണ് കുച്ചിപ്പുഡി മത്സരം നടന്നത്. ഇവിടെ സ്റ്റേജിലെ മാറ്റ് ഇളകിക്കിടക്കുന്നതു സംബന്ധിച്ച് വിദ്യാർഥി പരാതി പറഞ്ഞിരുന്നു. എന്നാൽ, വിദ്യാർഥിയുടെ നൃത്തം പകുതിയായപ്പോൾ സ്റ്റേജിലെ മാറ്റ് മാനേജർ വലിച്ചുനീക്കിയെന്നാണ്  പരാതി.  

ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുഡി മത്സരത്തിലെ വിധി നിർണയത്തെച്ചൊല്ലിയുണ്ടായ തർക്കം.
ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം കുച്ചിപ്പുഡി മത്സരത്തിലെ വിധി നിർണയത്തെച്ചൊല്ലിയുണ്ടായ തർക്കം.

പ്രതികരിച്ച 5 കുട്ടികളുടെ ചെസ്റ്റ് നമ്പർ സ്റ്റേജ് മാനേജർ വിധികർത്താക്കൾക്ക് നൽകിയെന്നും സ്റ്റേജ് മാനേജരാണ് ഫലം പ്രഖ്യാപിച്ചതെന്നുമാണ് കുട്ടിയും രക്ഷിതാക്കളും ആരോപിച്ചത്. അപ്പീൽ കമ്മറ്റിക്കും ജില്ലാ വിദ്യാഭ്യാസ വകുപ്പ് മേധാവിക്കും പരാതി നൽകി.  മത്സരത്തിന്റെ വിധികർത്താവിനെച്ചൊല്ലിയും വിവാദം ഉയർന്നിരുന്നു. 

ആദ്യം നിശ്ചയിച്ച വിധികർത്താക്കളിലൊരാൾ സമ്മാനം മുൻകൂട്ടി നിശ്ചയിച്ചുവെന്ന് ആരോപണമുയർന്നിരുന്നു. ഈ വിധികർത്താവിനെ മാറ്റി പുതിയ വിധികർത്താവിനെയാണ് ഇന്നലെ മത്സരത്തിനു കൊണ്ടുവന്നതെന്നും രക്ഷിതാക്കളും അധ്യാപകരും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com