ADVERTISEMENT

വടകര∙ കലോത്സവവും സ്കൂൾ അവധിയും ഒരുമിച്ചുവന്ന ദിവസം കടത്തനാടൻമണ്ണ് സാക്ഷ്യം വഹിച്ചത് അഭൂതപൂർവമായ തിരക്കിനാണ്. ഒട്ടുമിക്ക വേദികളിലും ആളുകൾ നിറഞ്ഞുകവിഞ്ഞു. ഇരിക്കാനിടം കിട്ടാതെ കാണികൾ തിങ്ങിനിറഞ്ഞ് വശങ്ങളിൽനിന്നു.വടകരയുടെ നാടകപ്രേമത്തിന്റെ നേർസാക്ഷ്യമായിരുന്നു ടൗൺഹാൾ കണ്ടത്. ഹൈസ്കൂൾ വിഭാഗം നാടക മത്സരം കാണാൻ രാവിലെ മുതൽ നാടക പ്രേമികൾ തടിച്ചു കൂടിയിരുന്നു. എണ്ണൂറോളം സീറ്റുകളാണ് നഗരസഭാ ടൗൺഹാളിലുള്ളത്. എന്നാൽ ടൗൺഹാളിന്റെ ഇരുനിലകളിലെയും സീറ്റുകൾ നിറഞ്ഞു കവിഞ്ഞ നാടകാസ്വാദകർ ഹാളിന്റെ ഇരുവശങ്ങളിലും പിന്നിലെ വാതിലിനു സമീപവും കൂട്ടം കൂടി നിന്നാണ് നാടകം കണ്ടത്.

വേദി ഒന്നിൽ നടന്ന ഹൈസ്കൂൾ വിഭാഗം സംഘനൃത്തം കാണാനെത്തിയവരുടെ തിരക്ക്.
വേദി ഒന്നിൽ നടന്ന ഹൈസ്കൂൾ വിഭാഗം സംഘനൃത്തം കാണാനെത്തിയവരുടെ തിരക്ക്.

രാവിലെ 9 നു നാടകം ആരംഭിക്കുമെന്ന അറിയിപ്പ് കേട്ട് അതിനു മുൻപെ ടൗൺഹാളിൽ ഇരിപ്പിടം ഉറപ്പിച്ച മിക്കവരും പാതിരാത്രി പിന്നിട്ടിട്ടും കിട്ടിയ കസേര കൈവിടാതെ നാടകത്തിൽ മുഴുകിയിരിക്കുന്ന കാഴ്ചയാണ് കണ്ടത്. രാവിലെ ഒന്നര മണിക്കൂറിലേറെ വൈകി ആരംഭിച്ച മത്സരം, ഓരോ നാടകത്തിനു ശേഷവും വേദിയിൽ സെറ്റ് ഒരുക്കാനുള്ള കാലതാമസം കാരണം രാത്രി വൈകിയും തുടരുകയാണ്. മുതിർന്ന നാടകസ്വാദകർക്കൊപ്പം സ്ത്രീകളും കുട്ടികളും അടങ്ങിയ വലിയൊരു കൂട്ടം നാടകത്തെ ഗൗരവമായി ആസ്വദിക്കുന്ന കാഴ്ച നാടകം മരിക്കുന്നില്ലെന്നതിന്റെ പ്രത്യക്ഷ തെളിവ് കൂടിയായി. വടകരയുടെ പഴയകാല നാടക പാരമ്പര്യത്തിന്റെ തുടർച്ച പുതിയ തലമുറയും പിന്തുടരുന്നുവെന്നതിന്റെ തെളിവു കൂടിയായിരുന്നു പ്രൗഢമായ ഈ നാടക സദസ്സ്.

ഇതിനു കരുത്തു പകരാൻ കോഴിക്കോട്ടെ പ്രശസ്ത നാടക പ്രവർത്തകരും എത്തി. ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ പ്രമുഖ നാടക പ്രവർത്തകൻ ടി.സുരേഷ് ബാബു, നാടക പ്രവർത്തകൻ എ.രത്നാകരൻ തുടങ്ങി കോഴിക്കോട്ടെ ഒട്ടേറെ നാടക പ്രവർത്തകർ കൗമാര നാടക പ്രവർത്തനങ്ങൾ വിലയിരുത്താനായി വടകരയിലെത്തി. ഹൈസ്കൂൾ വിഭാഗം മലയാള നാടക മത്സരത്തിൽ 20 നാടകങ്ങളാണുള്ളത്.രാവിലെ ഒന്നാം വേദിയിൽ തുടങ്ങിയ സംഘനൃത്തം കാണാനും ആളുകൾ പന്തൽ നിറഞ്ഞുകവിഞ്ഞു. കസേരകൾ നിറഞ്ഞു. മൈതാനത്തിനു ചുറ്റും ആളുകൾ നിറഞ്ഞു. വേദിക്കു മുന്നിലെ മണ്ണിലിരുന്ന് നൃത്തം കണ്ടവരും അനവധിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com