കോഴിക്കോട് ∙ ഓൺലൈനിലൂടെ പണമിടപാടു നടത്തി ലഹരിമരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനികളിൽ ഒരാളെ ലഹരി മരുന്നും 5.50 ലക്ഷം രൂപയും സഹിതം അർധരാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലായി ചക്കാലക്കൽ വീട്ടിൽ മുഹമ്മദ് അൻസാരിയെയാണ് മണക്കടവ് കുന്നംകുളങ്ങരയിലെ വാടകവീട്ടിൽ നിന്നു പിടികൂടിയത്. കൊക്കെയ്ൻ, ഹഷീഷ് ഓയിൽ എന്നിവയാണ് കണ്ടെടുത്തത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. രാത്രി 11.30ന് ആണ് പൊലീസ് ഇവിടെ നിന്നു മടങ്ങിയത്. സംസ്ഥാനത്തിനു പുറത്തു നിന്നും ലഹരിമരുന്ന് എത്തിക്കുന്ന കണ്ണികളിൽ പ്രധാനിയാണ് മുഹമ്മദ് അൻസാരിയെന്നാണ് പൊലീസിനു ലഭിച്ച വിവരം. കർണാടക റജിസ്ട്രേഷനുള്ള ആഡംബര കാറിൽ 35 ഗ്രാം എംഡിഎംഎ സഹിതം കഴിഞ്ഞ 20ന് ഗുജറാത്തി സ്ട്രീറ്റിൽ നിന്ന് 2 പേരെ ടൗൺ പൊലീസ് പിടികൂടിയിരുന്നു.
ഇവർക്കൊപ്പം ഉണ്ടായിരുന്ന മുഹമ്മദ് അൻസാരിയും മറ്റൊരാളും അന്നു രക്ഷപ്പെട്ടു. കാറും കാറിലുണ്ടായിരുന്ന ത്രാസ്, കവറുകൾ, പ്ലാസ്റ്റിക് കുപ്പി, സിറിഞ്ച് തുടങ്ങിയവയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റിമാൻഡിലായിരുന്ന പുതിയറ ലതാപുരിയിൽ നൈജിൽ റിറ്റ്സ് (29), മാത്തോട്ടം ഷംജാദ് മൻസിൽ സഹൽ (22) എന്നിവരെ ടൗൺ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് മുഹമ്മദ് അൻസാരിയെ കുറിച്ച് വിവരം ലഭിച്ചത്. വൈകിട്ടോടെ പൊലീസ് വീട്ടിലെത്തി മുഹമ്മദ് അൻസാരിയെ കസ്റ്റഡിയിലെടുത്തു.
സിഗ്നൽ നീല വെളിച്ചം
രാത്രി ഏറെ വൈകിയും വാഹനങ്ങളിൽ ആളുകൾ മണക്കടവ് കുന്നംകുളങ്ങരയിലെ വീടിനു സമീപം റോഡിൽ എത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. മുഹമ്മദ് അൻസാരി വീട്ടിലുള്ളതിന്റെ സൂചനയായി ഇരുനില വീടിന്റെ മുകൾ നിലയിൽ നിന്ന് നീല ലൈറ്റ് പ്രകാശിപ്പിക്കും. വാഹനങ്ങൾ വന്നു പോകുന്ന കാര്യം നാട്ടുകാർ പൊലീസിനെ അറിയിച്ചിരുന്നു.