ADVERTISEMENT

കോഴിക്കോട്∙ പഞ്ചാബ് നാഷനൽ ബാങ്ക് മാനേജരായിരുന്ന എം.പി.റിജിൽ വിവിധ അക്കൗണ്ടുകളിൽ നിന്നായി തട്ടിയെടുത്തതു 12.68 കോടി രൂപയാണെന്നു ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതിൽ 12.60 കോടി രൂപയും കോർപറേഷന്റെ 8 അക്കൗണ്ടുകളിൽ നിന്നാണ്. കോർപറേഷനു പുറമേ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയുടേതടക്കം 17 അക്കൗണ്ടുകളിലായി 21.29 കോടി രൂപയുടെ  തിരിമറിയാണു നടത്തിയെങ്കിലും അത്രയും തുക നഷ്ടമായിട്ടില്ല. ചില അക്കൗണ്ടുകളിൽ നിന്നു മറ്റ് അക്കൗണ്ടുകളിലേക്കു പണം മാറ്റുകയായിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.

തട്ടിപ്പ് നടന്ന ലിങ്ക് റോഡ് ശാഖയിലെത്തി ക്രൈംബ്രാഞ്ച് സംഘം ഇന്നലെ രേഖകൾ പരിശോധിച്ചു. ക്രൈംബ്രാഞ്ച് അസി. കമ്മിഷണർ ടി.എ.ആന്റണി, എസ്ഐമാരായ സി.ഷൈജു, പി.കെ.അബ്ബാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പരിശോധന രണ്ടു മണിക്കൂറോളം നീണ്ടു. ബാങ്ക് ഓഡിറ്റ് റിപ്പോർട്ട്, കോർപറേഷൻ അക്കൗണ്ട്സ് വിഭാഗത്തിൽ നിന്നു ശേഖരിച്ച വിവരങ്ങൾ എന്നിവ ഒത്തുനോക്കിയാണു കോർപറേഷന്റെ നഷ്ടം സ്ഥിരീകരിച്ചത്. 

കോർപറേഷൻ അഡീഷനൽ സെക്രട്ടറി അടക്കമുള്ളവരെ ക്രൈംബ്രാഞ്ച് സംഘം ബാങ്കിലേക്കു വിളിച്ചു വരുത്തിയിരുന്നു. കോർപറേഷനു നഷ്ടമായ തുകയിൽ 2.53 കോടി രൂപ ബാങ്ക് തിരികെ നൽകി. ഇനി 10.07 കോടി രൂപയും അതിന്റെ പലിശയുമാണു  കോർപറേഷനു കിട്ടാനുള്ളത്. വിവിധ അക്കൗണ്ടുകളിൽ നിന്നു നഷ്ടമായ തുക തിരികെ നൽകാൻ നടപടി തുടങ്ങിയതായി ബാങ്ക് അധികൃതർ ക്രൈംബ്രാഞ്ച് സംഘത്തെ അറിയിച്ചു. 

റിജിൽ പണം ചെലവിട്ട വഴി കണ്ടെത്തുക, പണം തിരിച്ചു പിടിക്കുക, റിജിലിനെ അറസ്റ്റ് ചെയ്യുക തുടങ്ങിയവയാണ് ഇനി ക്രൈംബ്രാഞ്ച് സംഘത്തിനു ചെയ്യാനുള്ളത്. റിജിലിന്റെ മു‍ൻകൂർ ജാമ്യഹർജിയിൽ സെഷൻസ് കോടതി 8നു വിധി പറയും. തട്ടിപ്പിനുള്ള ഗൂഢാലോചനയിൽ കോർപറേഷനും ബാങ്ക് ഉന്നതർക്കും പങ്കുണ്ടെന്നു റിജിൽ ജാമ്യാപേക്ഷയിൽ പറയുന്നു.

തട്ടിപ്പിൽ ബാങ്കിലെ ഉന്നതർക്കും കോർപറേഷനും പങ്കെന്നു പ്രതി

കോഴിക്കോട്∙ പഞ്ചാബ് നാഷനൽ ബാങ്കിലെ തട്ടിപ്പിനു പിന്നിൽ ബാങ്ക് ഉന്നതരും കോഴിക്കോട് കോർപറേഷനും നടത്തിയ ഗൂഢാലോചനയെന്നു കേസിലെ പ്രതിയായ മുൻ മാനേജർ എം.പി.റിജിൽ. പണമിടപാടിൽ പങ്കാളികളായ എല്ലാവർക്കുമെതിരെ അന്വേഷണം വേണമെന്നും ജില്ലാ സെഷൻസ്  കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ റിജിൽ ആവശ്യപ്പെട്ടു. ജാമ്യഹർജിയിൽ  8 നു  വിധി പറയും. 

കേസിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ബാങ്ക് ഉന്നതർക്കും കോഴിക്കോട് കോർപറേഷനും പങ്കുണ്ട്. 3 തവണ വെരിഫിക്കേഷൻ നടത്താതെ ഇടപാട് നടത്താൻ കഴിയില്ല. താൻ സ്ഥലം മാറിയ ശേഷമാണ് ഇടപാടു നടന്നിരിക്കുന്നതെന്നും പ്രതിയുടെ ജാമ്യ ഹർജിയിൽ പറയുന്നു.  21 കോടി രൂപയുടെ തിരിമറിയാണു നടത്തിയതെന്നും, 12.68 കോടി രൂപ പിൻവലിച്ചതായും മുൻകൂർ ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷൻ ബോധിപ്പിച്ചു.

അതേസമയം,  പ്രതിയാക്കപ്പെട്ടയാളുടെ വിശദീകരണം മാത്രമാണിതെന്നും, തട്ടിപ്പിൽ നിലവിൽ മറ്റാർക്കെങ്കിലും പങ്കുള്ളതായി ഇതുവരെ സൂചനകളില്ലെന്നും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു. എല്ലാ ഇടപാടുകളും ഓൺലൈൻ ആയാണു നടന്നിരിക്കുന്നത്.  ആര്, എപ്പോൾ തുക എടുത്തു എന്നതൊക്കെ വ്യക്തമാണ്.

അതിനാൽ തൽക്കാലം പ്രതിയുടെ വാദങ്ങൾ തള്ളുന്നതായും ക്രൈംബ്രാഞ്ച് സംഘം വ്യക്തമാക്കി. പ്രതിയായ റിജിലും യുഡിഎഫും ഉന്നയിക്കുന്നത് ഒരേ ആരോപണങ്ങളാണെന്നു ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് പറഞ്ഞു. അന്വേഷണത്തിലൂടെ യഥാർഥ സത്യം പുറത്തു വരണമെന്നാണു കോർപറേഷൻ ആഗ്രഹിക്കുന്നതെന്നും മുസാഫർ അഹമ്മദ് വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com