ADVERTISEMENT

കോഴിക്കോട്∙ റെയിൽവേ പാലക്കാട് ഡിവിഷൻ പകൽ സമയത്തെ സ്ലീപ്പർ ടിക്കറ്റ് പുനരാരംഭിക്കാത്തതു മൂലം ദീർഘദൂര പകൽ യാത്രക്കാർ ദുരിതത്തിൽ. മുൻകാലങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ നിന്നു സ്ലീപ്പർ ടിക്കറ്റെടുത്ത് പകൽ സമയത്ത് സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യാമായിരുന്നു. എന്നാൽ കോവിഡ് ലോക്ഡൗണിനുശേഷം ട്രെയിൻ സർവീസുകൾ പുനരാരംഭിച്ചപ്പോൾ പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റുകൾ കൊടുക്കുന്നത് ഒഴിവാക്കി. അതോടെ പകൽസമയത്ത് ദീർഘദൂര യാത്രക്കാർക്കും ജനറൽ കംപാർട്മെന്റുകളെ ആശ്രയിക്കേണ്ട അവസ്ഥയായി.

എന്നാൽ ദീർഘദൂര ട്രെയിനുകളിൽ രണ്ടോ മൂന്നോ ജനറൽ കംപാർട്മെന്റുകൾ മാത്രമാണുള്ളത്. ബാക്കി കംപാർട്മെന്റുകളെല്ലാം സ്ലീപ്പറോ ഏസിയോ ആയിരിക്കും. സ്ഥിരമായി ട്രെയിനുകളെ ആശ്രയിക്കുന്ന ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങിയവരാണ് ഇതോടെ കൂടുതൽ പ്രതിസന്ധിയിലായത്.ഈ പ്രതിസന്ധി പാലക്കാട് ഡിവിഷനിൽ മാത്രമാണ് ഇപ്പോഴുമുള്ളതെന്നു യാത്രക്കാർ പറയുന്നു. തിരുവനന്തപുരം ഡിവിഷനിൽ സെപ്റ്റംബർ മുതൽ പകൽ സമയത്ത് സ്ലീപ്പർ ടിക്കറ്റുകൾ കൊടുത്തു തുടങ്ങിയിരുന്നു.

രാവിലെ ആറു മുതൽ രാത്രി ഒൻപതു വരെയുള്ള യാത്രകൾക്കാണു സ്റ്റേഷനിലെ കൗണ്ടറിൽ നിന്നു സ്ലീപ്പർ ടിക്കറ്റ് കൊടുക്കുന്നത്. യാത്രക്കാർ ഏറെക്കാലമായി ആവശ്യപ്പെട്ടതനുസരിച്ചാണു തിരുവനന്തപുരം ഡിവിഷനിൽ സ്ലീപ്പർ ടിക്കറ്റുകൾ പുനരാരംഭിച്ചത്.അതേസമയം, ഇളവുകൾ എടുത്തുകളയുകയും ദീർഘദൂര ട്രെയിനുകളിൽ ഡൈനാമിക് പ്രൈസിങ് സംവിധാനം കൊണ്ടുവരികയും ചെയ്തതോടെ റെയിൽവേയുടെ വരുമാനത്തിൽ കുതിച്ചുചാട്ടമുണ്ടായിട്ടുണ്ട്.

ഈ വർഷം ഓഗസ്റ്റ് വരെയുള്ള ടിക്കറ്റ് വരുമാനം 76 % വർധിച്ചു. ബർത്തുകളുടെ ലഭ്യത അനുസരിച്ച് ടിക്കറ്റു നിരക്ക് മാറുന്നതാണു ഡൈനാമിക് പ്രൈസിങ് സംവിധാനം. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളിലാണ് ഇതു നടപ്പാക്കിയത്. എന്നാൽ കോവിഡിനുശേഷം എക്സ്പ്രസ് നിരക്ക് ഈടാക്കിയിട്ടും പാസഞ്ചർ‌ ട്രെയിനുകൾ നഷ്ടത്തിലാണെന്നാണു റെയിൽവേ പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com