ADVERTISEMENT

60 വർഷം മുൻപ് കുട്ടികളുടെ കൂട്ടായ്മയിൽ രൂപംകൊണ്ട ഒരു സംഘടന ഇന്നു തലമുതിർന്ന സാമൂഹിക പ്രവർത്തകരുടെ കൂട്ടായ്മയായി വളർന്നു നിൽക്കുന്നു. കോഴിക്കോട്ടെ ബാലജനസഖ്യം പ്രവർത്തനങ്ങളുടെ ചരിത്രത്തിനൊപ്പം നടന്ന പരപ്പിൽ ബാലസംഘമാണ് അടുത്തയാഴ്ച ഡയമണ്ട് ജൂബിലി ആഘോഷിക്കുന്നത്.1960ൽ ആണ് പരപ്പിൽ ബാലസംഘം എന്ന പേരിൽ വിദ്യാർഥി കൂട്ടായ്മ രൂപമെടുത്തത്. പി.കെ.മുഹമ്മദ് അബ്ദുറഹിമാനായിരുന്നു പ്രസിഡന്റ്. പി.പി.മമ്മദ് കോയ സെക്രട്ടറി. ഒ.ബഷീർ ആയിരുന്നു ട്രഷറർ. 1960 ജൂണിൽ കല്ലായിപ്പുഴയിൽ മുങ്ങിമരിച്ച പുതിയ മാളിയക്കൽ അസ്സൻകോയ, ഇടിയാണംവീട്ടിൽ ആലിക്കോയ എന്നീ വിദ്യാർഥികൾക്ക് ആദരാഞ്ജലി അർപ്പിച്ച് ‘സായാഹ്നം’ എന്ന പേരിൽ കയ്യെഴുത്തു മാസിക പുറത്തിറക്കിയാണ് ബാലസംഘം പ്രവർത്തനം തുടങ്ങിയത്. 

1962ൽ നടുവിലകം തറവാട്ടിൽ ഒരു ഹോം ലൈബ്രറിക്കു തുടക്കമിട്ടു. 1962ൽ സംസ്ഥാനതല കയ്യെഴുത്തു മാസിക മത്സരത്തിൽ ബാലസംഘത്തിന്റെ സായാഹ്നം രണ്ടാം സ്ഥാനം നേടി. സമ്മാനവിതരണ ചടങ്ങിൽ എം.ടി.വാസുദേവൻ നായർ ബാലസംഘം ഭാരവാഹികളോടു സമ്മാനത്തുകയായ 50 രൂപ വേണോ പുസ്തകം വേണോ എന്നു ചോദിച്ചു. ഒട്ടും സംശയിക്കാതെ പുസ്തകം മതിയെന്നു മറുപടി. 1963ൽ പാളയം ബസ് സ്റ്റാൻഡിൽ മനോരമ ഓഫിസിൽ ചേർന്ന ചടങ്ങിലാണ് ബാലജനസഖ്യം കോഴിക്കോട് യൂണിയനു തുടക്കമിട്ടത്. അതേ വർഷം പരപ്പിൽ ബാലസംഘം ബാലജനസഖ്യമായി റജിസ്റ്റർ ചെയ്തു. 1964ൽ പരപ്പിൽ ബാലജനസഖ്യം പ്രസിഡന്റായിരുന്ന പി.പി.മമ്മത്കോയ കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. മലബാർ പ്രദേശ് ഓർഗനൈസറായി.

1983ൽ കുടുംബത്തിന്റെ അത്താണിയായിരുന്ന പ്രദേശവാസിയുടെ മരണത്തെ തുടർന്നാണ് സംഘം ജീവകാരുണ്യ മേഖലയിൽ പ്രവർത്തനം തുടങ്ങിയത്. ആ കുടുംബത്തെ സഹായിക്കാൻ ‘യത്തീം ഫണ്ട്’ എന്ന പേരിൽ പ്രത്യേക സമിതിയുണ്ടാക്കി. നിരാലംബരായ 7 കുടുംബങ്ങളെക്കൂടി സംഘം ദത്തെടുത്തു. ഒരു നിശ്ചിത തുക മാസം തോറും നൽകി. ചികിത്സ, വിദ്യാഭ്യാസം, പാർപ്പിടം ‌എന്നിവയ്ക്കും സഹായം ലഭ്യമാക്കി.ഖത്തർ പ്രവാസികളുടെ സഹകരണത്തോടെ വീടില്ലാത്തവർക്ക് സ്നേഹവീട് ഒരുക്കുന്ന പദ്ധതി തുടങ്ങി. അരക്കിണറിൽ അബ്ദുബറാമി സ്കീമിലൂടെ 2 ഏക്കറിൽ 54 കുടുംബങ്ങൾക്കും ഉടുമ്പ്രയിൽ എൻ.ഉമ്മർകോയ സ്കീമിലൂടെ 85 സെന്റിൽ 41 കുടുംബങ്ങൾക്കും വീട് യാഥാർഥ്യമാക്കി. സ്ത്രീകൾക്കായി സ്വയംതൊഴിൽ കേന്ദ്രവും യത്തീം ഫണ്ടിനു കീഴിലുണ്ട്. 

ആരുമില്ലാത്തവരുടെ സംരക്ഷണത്തിനായി ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓഫർ എന്ന സന്നദ്ധസംഘടനയുടെ കേരളത്തിലെ ശാഖ പരപ്പിൽ സംഘമാണ് നടത്തുന്നത്. കല്ലായിയിൽ സ്വന്തമായി പണിത ഇരുനില കെട്ടിടത്തിലാണ് ഓഫർ ഓഫിസ് പ്രവർത്തിക്കുന്നത്.  പ്രളയകാലത്ത് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ സംഘം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തിരുന്നു.സംഘത്തിന്റെ വജ്രജൂബിലി ആഘോഷത്തിന് പി.പി.മമ്മദ് കോയ ചെയർമാനും ഒ.ബഷീർ സെക്രട്ടറിയും പി.കെ.മൂസക്കോയ കൺവീനറും പി.കെ.വി. അബ്ദുറഹിമാൻ ട്രഷററുമായി സമിതി രൂപീകരിച്ചിട്ടുണ്ട്. 6 പതിറ്റാണ്ടു മുൻപുള്ള അതേ നേതാക്കളാണ് ഇന്നും സംഘത്തെ മുന്നോട്ടു നയിക്കുന്നതെന്നതാണ് കൗതുകമുണർത്തുന്ന കാര്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com