ലക്ഷദ്വീപിലേക്കുള്ള ചരക്കുനീക്കം കടുത്ത പ്രതിസന്ധിയിൽ

ചരക്കുനീക്കം മന്ദഗതിയിലായ ബേപ്പൂർ തുറമുഖം.
ചരക്കുനീക്കം മന്ദഗതിയിലായ ബേപ്പൂർ തുറമുഖം.
SHARE

ബേപ്പൂർ ∙ ലക്ഷദ്വീപിലേക്കുള്ള ഡീസൽ കയറ്റുമതി പൂർണമായും നിർത്തലാക്കിയതോടെ ബേപ്പൂർ തുറമുഖത്തു നിന്നുള്ള ചരക്കുനീക്കം കടുത്ത പ്രതിസന്ധിയിൽ. ആഴ്ചയിൽ കുറഞ്ഞത് 3 കപ്പലുകൾ ദ്വീപിലേക്കു ചരക്കുമായി പോയിരുന്നത് 2 ആഴ്ച കൂടുമ്പോൾ ഒന്നായി ചുരുങ്ങി. ആവശ്യത്തിനു ചരക്ക് ഇല്ലാത്തതിനാൽ കപ്പലുകൾ ബേപ്പൂരിലേക്കു വരാതായി. ഇതു തുറമുഖത്ത് തൊഴിൽ മാന്ദ്യം സൃഷ്ടിച്ചു. സീസൺ തുടങ്ങിയതിൽ പിന്നെ വെസലുകളിൽ ബേപ്പൂരിൽ നിന്നു കാര്യമായ ചരക്കു നീക്കം നടന്നിട്ടില്ല.  3 മാസമായുള്ള അനിശ്ചിതത്വം തുടരുകയാണ്. 

ഇതു തുറമുഖത്തെ കയറ്റിറക്ക് തൊഴിലാളികളെയും റവന്യു വരുമാനത്തെയും കാര്യമായി ബാധിച്ചു. ശരാശരി 700 രൂപ വരുമാനമുണ്ടായിരുന്ന തൊഴിലാളികൾക്ക് ദിവസം 300 രൂപ പോലും കൂലി ലഭിക്കുന്നില്ല. ഉരു മാർഗമുള്ള ചരക്കുനീക്കവും മന്ദഗതിയിലാണ്. ആവശ്യത്തിനു ചരക്ക് ഇല്ലാത്തതിനാൽ ലോഡ് തികയ്ക്കാനാകാതെ ഉരുക്കൾ കാത്തുകിടക്കുന്ന സ്ഥിതിയായി.ലക്ഷദ്വീപിലെ പവർ ഹൗസുകളിൽ വൈദ്യുതോൽപാദനത്തിനുള്ള ഡീസൽ ബേപ്പൂർ തുറമുഖം വഴിയായിരുന്നു കൊണ്ടുപോയിരുന്നത്. ഐഒസി ഡിപ്പോയിൽ നിന്നു ടാങ്കർ ലോറിയിൽ എത്തിച്ച ഡീസൽ വീപ്പകളിൽ നിറച്ചു ബാർജിൽ കൊണ്ടു പോകുകയായിരുന്നു പതിവ്, ആഴ്ചയിൽ കുറഞ്ഞത് 2 കപ്പലിൽ എങ്കിലും ഡീസൽ കയറ്റി കൊണ്ടുപോകുമായിരുന്നു. എന്നാൽ ദ്വീപിൽ സംഭരണികൾ സ്ഥാപിച്ച് കൊച്ചി തുറമുഖത്തു നിന്നു നേരിട്ടു ഡീസൽ കൊണ്ടു പോകാൻ തുടങ്ങിയതാണ് ബേപ്പൂരിനു തിരിച്ചടിയായത്.

ഡീസൽ കൊണ്ടുപോകുന്നതിനു തുറമുഖത്ത് എത്തിയിരുന്ന ചരക്കു കപ്പലുകളിൽ ഒരു ഹാച്ചിൽ 250 ടൺ ഭക്ഷ്യവസ്തുക്കൾ കയറ്റി കൊണ്ടുപോകുമായിരുന്നു. ഡീസൽ കയറ്റുമതി നിർത്തലാക്കിയതോടെ കപ്പലുകളിൽ ട്രിപ്പിനു ആവശ്യമായ ലോഡ് തികയ്ക്കാൻ പറ്റാതായി. ചരക്കു കപ്പലുകൾ എത്തിയാൽ ദിവസങ്ങളോളം തുറമുഖത്ത് കാത്തു കിടക്കേണ്ട അവസ്ഥ ഉടലെടുത്തതോടെ ബേപ്പൂരിലേക്കുള്ള സർവീസ് വെട്ടിക്കുറച്ചു.

ലക്ഷദ്വീപിലെ കവറത്തി, മിനിക്കോയ്, ആന്ത്രോത്ത്, കൽപേനി, അമിനി, അഗത്തി, കിൽത്താൻ, കടമത്ത് ചെത്‌ലാത്ത് തുടങ്ങിയ ദ്വീപുകളിലേക്കുള്ള കരിങ്കല്ല്, ജെല്ലി(മെറ്റൽ), എംസാൻഡ്, മണൽ എന്നീ നിർമാണ വസ്തുക്കൾ പ്രധാനമായും ബേപ്പൂരിൽ നിന്നായിരുന്നു കൊണ്ടുപോയിരുന്നത്. 

ദ്വീപ് ഭരണകൂടത്തിന്റെ പ്രവൃത്തി കരാർ എടുക്കുന്നവരും തുറമുഖത്തെയായിരുന്നു ചരക്കു നീക്കത്തിനു ആശ്രയിച്ചത്. എന്നാൽ ലക്ഷദ്വീപിൽ സർക്കാർ മേഖലയിൽ പുതിയ നിർമാണങ്ങൾ നടപ്പാക്കാത്തതും പ്രവൃത്തികൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതുമാണ് ചരക്കു നീക്കത്തെ ബാധിച്ചത്. ലക്ഷദ്വീപിൽ നിന്നു ഒരു മാസം മുൻപു തുറമുഖത്ത് എത്തിയ ദിക്ഷ ചാന്ദിനി, തരുൺ വേലൻ എന്നീ ഉരുക്കൾക്ക് ഇതുവരെ ചരക്ക് നിറച്ചു പോകാനായിട്ടില്ല. ദ്വീപിൽ നിർമാണ വസ്തുക്കൾക്കു ഓർഡർ ഇല്ലാത്തതിനാൽ ഉരുവിൽ ലോഡ് തികയാത്ത അവസ്ഥയാണ്. യഥാസമയം ചരക്കു കയറ്റുമതി നടക്കാത്തതിനാൽ വെസൽ ഉടമകൾക്കും ഏജന്റുമാർക്കും ഭീമമായ നഷ്ടമാണുണ്ടാകുന്നത്.

വാണിജ്യ മേഖലയെയും ബാധിച്ചു

ലക്ഷദ്വീപിലേക്കു ബേപ്പൂരിൽ നിന്നുള്ള ചരക്കു കയറ്റുമതി കുറഞ്ഞത് മലബാറിലെ വാണിജ്യ മേഖലയെ ദോഷകരമായി ബാധിച്ചു. വലിയങ്ങാടി, പച്ചക്കറി മാർക്കറ്റ് എന്നിവിടങ്ങളിൽ നിന്ന് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി പകുതിയായി കുറഞ്ഞു. സാധനങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞതും സമയത്തിനു ദ്വീപിൽ എത്തിക്കാൻ പറ്റാത്തതുമാണ് തിരിച്ചടിയായത്. ചരക്കു നീക്കത്തിലെ പ്രതിസന്ധി ബേപ്പൂരിലെ വ്യാപാരികളെയും സാരമായി ബാധിച്ചിട്ടുണ്ട്. ദ്വീപിൽ നിന്നു ബേപ്പൂരിലേക്കുള്ള യാത്രാ കപ്പൽ സർവീസ് പുനരാരംഭിക്കാത്തതിനാൽ അത്യാവശ്യമുള്ളവർ കൊച്ചി വഴിയാണ് എത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS