പരാക്രം ദിനം: മുണ്ടക്കര എയുപി സ്കൂളിൽ ‘സൈന്യമിറങ്ങി’, വരവേൽക്കാനായി നാട് ഒരുമിച്ചെത്തി

indian-army
കരസേന മുണ്ടക്കര എയുപി സ്കൂളിൽ നടത്തിയ പ്രദർശനത്തിൽ മെഷീൻ ഗൺ ഉപയോഗിക്കുന്നതു സൈനികൻ വിശദീകരിക്കുന്നു.
SHARE

ബാലുശ്ശേരി ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 126–ാം ജന്മദിനം രാജ്യം പരാക്രം ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മുണ്ടക്കര എയുപി സ്കൂളിൽ എത്തിയ സൈനികരെ വരവേൽക്കാനായി നാട് ഒരുമിച്ചെത്തി. കരസേനയുടെ 122 ഇൻഫൻട്രി മദ്രാസ് ബറ്റാലിയന്റെ കോഴിക്കോട് യൂണിറ്റിലെ സൈനികരാണ് ഇവിടെ എത്തിയത്. സൈനികർക്ക് പൂച്ചെണ്ടുകൾ നൽകിയാണ് വിദ്യാർഥികൾ സ്വീകരിച്ചത്. 

സൈന്യം യുദ്ധത്തിൽ ഉപയോഗിക്കുന്ന ആയുധങ്ങളും ഉപകരണങ്ങളും അടുത്തറിയാനുള്ള അസുലഭ അവസരം കൂടിയായിരുന്നു വിദ്യാർഥികൾക്കും നാട്ടുകാർക്കും ലഭിച്ചത്. 84 എംഎം റോക്കറ്റ് ലോഞ്ചർ, എംജിഎൽ, 51 എംഎം മോർട്ടാർ, 7.62 എംഎം എൽഎംജി, 5.56 എംഎം ഇൻസാസ് എൽഎംജി, ഇൻസാസ് റൈഫിൾ, 7.62 എംഎം എംഎംജി ഗ്രനേഡുകൾ, വെടിയുണ്ടകൾ, സൈനികർ ധരിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് തുടങ്ങിയവയെല്ലാം വിദ്യാർഥികളെയും നാട്ടുകാരെയും ആവേശം കൊള്ളിച്ചു.

ചടങ്ങ് ഉദ്ഘാടനം ചെയ്ത കമാൻഡിങ് ഓഫിസർ കേണൽ ഡി.നവീൻ ബെഞ്ജിത്ത് നേതാജി നൽകിയ മഹത്തായ സംഭാവനകളെ കുറിച്ചും സൈന്യത്തിൽ ചേരാനുള്ള മാർഗങ്ങളെ കുറിച്ചും വിദ്യാർഥികൾക്ക് വിശദീകരിച്ചു കൊടുത്തു. സൈനിക വാഹനങ്ങളും വിദ്യാർഥികളുടെ ശ്രദ്ധ നേടി. മുൻ സൈനികരും സമീപ സ്കൂളുകളിലെ വിദ്യാർഥികളും സ്റ്റു‍ഡന്റ്സ് പൊലീസ് കെഡറ്റുകളും നാട്ടുകാരുമായി ഒട്ടേറെ പേർ പ്രദർശനം കാണാനെത്തി.

നിലവിൽ മെഡിക്കൽ ഇൻഷുറൻസ് ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന് കേണൽ ഡി.നവീൻ ബെഞ്ജിത്തിനെ കണ്ട് വിമുക്ത ഭടൻമാർ ആവശ്യപ്പെട്ടു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം.കുട്ടിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ ആർ.സി.സിജു, മുൻ പ്രധാന അധ്യാപകൻ പി.എസ്.മഹാദേവൻ, പി.വി.പ്രസാദ്, മനോജ് എടന്നൂർ, എം.ഷാജു, കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ കണ്ടു മോൻ ചോദിച്ചു. ആരാ ?

MORE VIDEOS