ADVERTISEMENT

കോഴിക്കോട്∙ സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ.ഫിറോസിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് വ്യാപക പ്രതിഷേധം; ജില്ലയിൽ പരക്കെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. പല സ്ഥലങ്ങളിലും ദേശീയപാത ഉപരോധിച്ചു. ജില്ലാ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. 

ഇന്നലെ വൈകിട്ട് മൂന്നരയോടെ യൂത്ത് ലീഗ് സംസ്ഥാന, ജില്ലാ നേതാക്കളുടെ നേതൃത്വത്തിൽ കോഴിക്കോട് കണ്ണൂർ ദേശീയപാത ഉപരോധിച്ചു. നടക്കാവിലെ ഉത്തരമേഖലാ ഐജിയുടെ ഓഫിസിനു സമീപത്താണ് ദേശീയപാത ഉപരോധിച്ചത്. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. 

സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ, മിസ്ഹബ് കീഴരിയൂർ, ജാഫർ സാദിഖ്, ഷഫീക് അരക്കിണർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് റോഡ് ഉപരോധിച്ചത്. തുടർന്ന് നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിൽ കിടന്നു പ്രതിഷേധിച്ച ഇവരെ പൊലീസെത്തി കൈകാലുകളിൽ തൂക്കിയെടുത്ത് പൊലീസ് ജീപ്പിൽ കയറ്റി നടക്കാവ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. 

സംസ്ഥാന സെക്രട്ടറി ടി.പി.എം.ജിഷാൻ സെക്രട്ടേറിയറ്റ് മാർച്ചിൽ പങ്കെടുത്തിട്ടുണ്ടോ എന്നതു സംബന്ധിച്ച് നടക്കാവ് പൊലീസ് തിരുവനന്തപുരത്തേക്ക് വിളിച്ച് അന്വേഷിച്ചു. തിരുവനന്തപുരത്തെ കേസിലും ജിഷാന്റെ അറസ്റ്റ് രേഖപ്പെടുത്താനാണ് നീക്കമെന്ന് യൂത്ത് ലീഗ് നേതാക്കൾ ആരോപിച്ചിട്ടുണ്ട്.

ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി. ഇസ്മായിലിന്റെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ലീഗ് ഹൗസിൽ ആരംഭിച്ച പ്രകടനം നഗരം ചുറ്റിയാണ് അവസാനിച്ചത്. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം.എ റഷീദ്, സിജിത്ത് ഖാൻ, ജില്ല ഭാരവാഹികളായ എസ്.വി മുഹമ്മദ് ഷൗലീക്ക്, ശുഹൈബ് കുന്നത്ത് എന്നിവർ പ്രസംഗിച്ചു.

പി.കെ.ഫിറോസിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് എല്ലാ പഞ്ചായത്തുകളിലും നഗരസഭാ കേന്ദ്രങ്ങളിലും യൂത്ത് ലീഗ് പ്രതിഷേധ പ്രകടനങ്ങൾ നടത്തി. സർക്കാരിന്റെ ഫാഷിസ്റ്റ് നീക്കങ്ങൾക്കെതിരെ യൂത്ത് ലീഗ് ഇനിയുള്ള ദിവസങ്ങളിൽ രാപകൽ സമരങ്ങൾ നടത്തുമെന്ന് നേതാക്കൾ പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com