ADVERTISEMENT

കോഴിക്കോട് ∙ ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ കമ്മിറ്റി കോഴിക്കോട് ബീച്ചിൽ ബിബിസിയുടെ മോദി ഡോക്യുമെന്ററി പ്രദർശനം നടത്താൻ ഉപയോഗിച്ച സ്പീക്കറുകൾ ടൗൺ പൊലീസ് പിടിച്ചെടുത്തു. പ്രദർശനം പൂർത്തിയാക്കിയ ശേഷമായിരുന്നു നടപടി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. അനുമതിയില്ലാതെ പൊതുസ്ഥലത്ത് പ്രദർശനം നടത്തിയതിനാണു നടപടി.

ഇന്നലെ വൈകിട്ടാണ് ബീച്ചിൽ കോർപറേഷൻ ഓഫിസിന് എതിർവശത്തായി ഫ്രറ്റേണിറ്റി ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ലാപ്ടോപും സ്പീക്കറും ഉപയോഗിച്ചായിരുന്നു പ്രദർശനം. 6.30ന് പ്രദർശനം കഴി‍ഞ്ഞു മടങ്ങുകയായിരുന്ന പ്രവർത്തകരെ ടൗൺ അസിസ്റ്റന്റ് കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തലുള്ള പൊലീസ് സംഘം തടഞ്ഞു. സ്പീക്കറുകൾ പിടിച്ചെടുത്തു. ഇതിനെതിരെ പ്രവർത്തകർ പ്രതിഷേധിച്ചതോടെ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിവീശി. പ്രവർത്തകർ പൊലീസ് വാഹനം തടയാനും ശ്രമിച്ചു. ജില്ലാ സെക്രട്ടറി ഉൾപ്പെടെ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ലബീബ്, സെക്രട്ടറിമാരായ മുജാഹിദ് മേപ്പയൂർ, റയീസ് കുണ്ടുങ്ങൽ, മുബഷീർ ചെറുവണ്ണൂർ, മുഹമ്മദ് ആലി, റാഷിദ് കോട്ടക്കൽ, കെ. അബ്ദുല്ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. വിനോദസഞ്ചാര മേഖലയായതിനാൽ മിഠായിത്തെരുവ്, ബീച്ച് എന്നിവിടങ്ങളിൽ പ്രതിഷേധ പരിപാടികൾ നടത്തരുതെന്ന കലക്ടറുടെ ഉത്തവ് ലംഘിച്ചതിനാണ് നടപടിയെന്നും ബീച്ചിലെ പരിപാടി മാറ്റണമെന്നാവശ്യപ്പെട്ടു ഭാരവാഹികൾക്കു നേരത്തേ നോട്ടിസ് നൽകിയിരുന്നെന്നും പൊലീസ് അറിയിച്ചു. വിദ്യാർഥി, യുവജനസംഘടനകളുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെയും ഡോക്യുമെന്ററി പ്രദർശനം നടത്തി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com