കർഷക സംഘം നേതൃത്വത്തിൽ കുറ്റ്യാടി കനാലിൽ ശുചീകരണ യജ്ഞം. വിവിധ പ്രദേശങ്ങളിലായി 50,000 പേർ ശുചീകരണത്തിൽ പങ്കെടുത്തതായി നേതൃത്വം അറിയിച്ചു. കുമ്മങ്കോട്ട് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം ചെയ്തു. തൂണേരിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. കെ.പ്രദീപൻ അധ്യക്ഷത വഹിച്ചു.
വടകര ഏരിയ തല ഉദ്ഘാടനം പതിയാരക്കര ബാങ്ക് റോഡ് പരിസരത്ത് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനൻ നിർവഹിച്ചു. കർഷക സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സി.ഭാസ്കരൻ ആധ്യക്ഷ്യം വഹിച്ചു.. പുതുപ്പണം മേഖല തല ഉദ്ഘാടനം പുതുപ്പണം ഹാശ്മിനഗർ പരിസരത്ത് സിപിഎം ജില്ലാ കമ്മിറ്റി അംഗം പി.കെ.ദിവാകരനും കോട്ടപ്പള്ളി മേഖലാതല ഉദ്ഘാടനം വള്ളിയാട് ചുണ്ടയിൽതാഴ കർഷക സംഘം വടകര ഏരിയ വൈസ് പ്രസിഡന്റ് ടി.വി.സഫീറയും നിർവഹിച്ചു.
ആയഞ്ചേരിയിൽ ഡോ. ശിവദാസനും ചെമ്മരത്തൂരിൽ പി.കെ.ശ്രീധരനും ഉദ്ഘാടനം ചെയ്തു.കെഎസ്കെടിയു നേതൃത്വത്തിൽ പയ്യോളി ഏരിയയിൽ കനാൽ ശുചീകരണം നടത്തി. സിപിഎം ഏരിയ കമ്മിറ്റി അംഗം ടി.ചന്തു ഉദ്ഘാടനം ചെയ്തു. പി.എൻ.വേണു ഗോപാലൻ അധ്യക്ഷത വഹിച്ചു.
കർഷക സംഘം കുന്നുമ്മൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നുമ്മൽ ബ്ലോക്ക് പരിധിയിലെ 7 പഞ്ചായത്തുകളിലായി 60 കിലോമീറ്റർ ദൈർഘ്യത്തിലുള്ള മെയിൽ കനാലും ഉപകനാലുകളുമാണ് ശുചീകരിച്ചത്. കനാൽ ശുചീകരണ സമിതിയുടെ നേതൃത്വത്തിൽ 8,000 ആളുകൾ പങ്കെടുത്തു. കർഷകസംഘം പ്രവർത്തകർക്കൊപ്പം ഫയർഫോഴ്സ് ഡിഫൻസ് ടീം, പൊലീസ്, സന്നദ്ധ സംഘടനാ പ്രവർത്തകർ തുടങ്ങിയവരും അണിചേർന്നു. വേളം പഞ്ചായത്ത് തല ഉദ്ഘാടനം കിണറുള്ള കണ്ടിമുക്കിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ നിർവഹിച്ചു.
ചേമഞ്ചേരിയിൽ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ.മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ശാലിനി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി സെന്ററിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു. ചെങ്ങോട്ട്കാവിൽ പി.വിശ്വൻ ഉദ്ഘാടനം ചെയ്തു. 47 കിലോമീറ്റർ കനാൽ ഈ മേഖലയിൽ ശുചിയാക്കിയതായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.കെ.മുഹമ്മദ് പറഞ്ഞു.
കനാലിന്റെ തുടക്ക സ്ഥലമായ പെരുവണ്ണാമൂഴി ഡാം പരിസരത്ത് ചക്കിട്ടപാറ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ ഉദ്ഘാടനം ചെയ്തു. പെരുവണ്ണാമൂഴിയിലെ കനാൽ മേഖല ശുചീകരിച്ചു. ഇ.എ.ജയിംസ് അധ്യക്ഷത വഹിച്ചു. മേപ്പയൂർ ഏരിയതല ഉദ്ഘാടനം ടി.പി.രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അധ്യക്ഷത വഹിച്ചു. മേഖലയിൽ 7.25 കിലോമീറ്റർ കനാൽ നൂറ് കണക്കിന് സന്നദ്ധ പ്രവർത്തകർ ശുചിയാക്കി.
മേപ്പയൂർ സൗത്ത് മേഖലാ ഉദ്ഘാടനം കായലാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.രാജീവൻ അധ്യക്ഷത വഹിച്ചു. മേപ്പയൂർ സൗത്ത് മേഖലയിലെ 9.50 കിലോ മീറ്റർ മെയിൽ കനാലും 500 മീറ്റർ ബ്രാഞ്ച് കനാലുമാണ് 9 പ്രദേശിക സംഘാടക സമിതിയുടെ നേതൃത്വത്തിൽ ശുചീകരിച്ചത്. 2,000 പേർ പങ്കെടുത്തു. കർഷക സംഘം കാക്കൂർ, കാരക്കുന്നത്ത് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കനാൽ ശുചീകരിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഒ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
ബാലുശ്ശേരി ഏരിയാതല ഉദ്ഘാടനം കൂനഞ്ചേരിയിൽ കെ.എം.സച്ചിൻദേവ് എംഎൽഎ നിർവഹിച്ചു. ബാലുശ്ശേരി ഏരിയയിൽ പ്രധാന കനാലും ഉപകനാലും കൈക്കനാലുകളും അടക്കം 53 കിലോമീറ്ററോളം ഭാഗമാണ് ശുചീകരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷത വഹിച്ചു.