കായക്കൊടി∙ പഞ്ചായത്തിലെ ഈന്തുള്ളതറയിൽ അയൽവാസികളായ 2 പേരുടെ മരണം നാടിന് നൊമ്പരമായി. വണ്ണാന്റെപറമ്പത്ത് ബാബുവിനെ (52) വീടിനകത്ത് വെട്ടേറ്റു മരിച്ച നിലയിലും അയൽവാസി നീലിയങ്ങാട്ടുമ്മൽ ഒ.ടി.രാജീവനെ (52) വീടിനു പിറകിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. തൊട്ടടുത്താണ് ഇരുവരുടെയും വീട്. വീട്ടുകാർ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ഗൾഫിലായിരുന്ന ബാബു 4 മാസം മുൻപാണ് തിരിച്ചെത്തി വടകരയിൽ ജ്യേഷ്ഠൻ കൃഷ്ണന്റെ ഹോട്ടലിൽ ജോലിക്കു ചേർന്നത്. രാത്രിയിലായിരുന്നു ജോലി. പുലർച്ചെ വണ്ണാത്തിപ്പൊയിൽ ഉള്ള മറ്റൊരു ജോലിക്കാരന്റെ ബൈക്കിലാണ് വീട്ടിൽ എത്തുക. ബാബു വീട്ടിൽ ഉറങ്ങുമ്പോഴാണ് ഭാര്യ വിജില തൊട്ടടുത്ത അങ്കണവാടിയിൽ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടിക്ക് പോയത്. ഒൻപതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭർത്താവ് ബാബു വെട്ടേറ്റു കിടക്കുന്നത് കണ്ടത്. രാജീവന്റെ ഭാര്യ ലിജി തുണി അലക്കാനും പോയതായിരുന്നു. 2 പേരുടെയും ആൺമക്കൾ ഒന്നിച്ചു കളിക്കാൻ പുറത്തുപോയതായിരുന്നു.
കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ഇരുവരുടെയും സംസ്കാരം നടത്തി. ആദ്യം ബാബുവിന്റെയും പിന്നീട് രാജീവന്റെയും സംസ്കാരം നടത്തി. ഇ.കെ.വിജയൻ എംഎൽഎ, സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ, പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷിജിൽ, വൈസ് പ്രസിഡന്റ് സജിഷ എടക്കുടി എന്നിവർ ഇരുവരുടെയും വീട്ടിലെത്തിയിരുന്നു.
നടുക്കം മാറാതെ സജീവൻ
കുറ്റ്യാടി∙ അയൽവാസിയായ വണ്ണാന്റെപറമ്പത്ത് ബാബു (52) വെട്ടേറ്റു കിടക്കുന്ന സംഭവം അറിഞ്ഞ് ആദ്യം ഓടിയെത്തിയ ഈന്തുള്ളതറ പുത്തൻപുരയിൽ സജീവന് ഇപ്പോഴും നടുക്കം മാറിയിട്ടില്ല. തൊട്ടടുത്ത വീട്ടിൽ ബാബുവിന്റെ ഭാര്യ വിജിലയുടെ കരച്ചിൽ കേട്ടാണ് സജീവനും ഭാര്യയും ഓടിയെത്തിയത്. ഇലക്ട്രിഷ്യനായ സജീവൻ ജോലിക്കു പോയിരുന്നില്ല. കിടപ്പുമുറിയിൽ കഴുത്തിന് വെട്ടേറ്റ നിലയിലാണ് ബാബുവിനെ കാണുന്നത്.
പൊലീസിൽ വിളിച്ചപ്പോൾ ആശുപത്രിയിൽ എത്തിക്കാനാണ് പറഞ്ഞത്. വാഹനം വിളിച്ചു വരുത്തി ബാബുവിനെ എടുക്കാൻ ശ്രമിക്കുമ്പോഴാണ് വയറ്റിലും മാരക വെട്ടേറ്റത് കണ്ടത്. ഇതോടെയാണ് കൊലപാതകമായിരിക്കും എന്ന സംശയം ബലപ്പെട്ടത്. അതോടെ പൊലീസ് എത്തും വരെ കാത്തിരിക്കുകയായിരുന്നു.