ADVERTISEMENT

കോഴിക്കോട്∙ ജീവനക്കാരിൽ നിന്നും നിക്ഷേപകരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ പാലാഴിയിലെ ‘എനിടൈം മണി’ എന്ന സ്ഥാപനത്തിനെതിരായ കേസുകൾ സംസ്ഥാന ക്രൈംബ്രാ‍ഞ്ചിനു കൈമാറിയേക്കും. നിലവിൽ 2 കേസുകൾ ജില്ലാ ക്രൈംബ്രാഞ്ചും 16 കേസുകൾ പന്തീരാങ്കാവ് പൊലീസുമാണ് അന്വേഷിക്കുന്നത്. മൂന്നു കോടി രൂപയ്ക്കു മുകളിലുള്ള സാമ്പത്തിക തട്ടിപ്പു കേസുകൾ സംസ്ഥാന ഏജൻസികൾ അന്വേഷിക്കണമെന്ന ഉത്തരവു നിലവിലുണ്ട്. നിലവിൽ പാലാഴി ‘എനിടൈം മണി’ തട്ടിപ്പുമായി ബന്ധപ്പെട്ടു റജിസ്റ്റർ ചെയ്ത 18 കേസുകളിലായി 2.65 കോടി രൂപയാണു നഷ്ടമായത്.

എന്നാൽ ഇരുനൂറോളം പേർക്കു പണം നഷ്ടമായിട്ടുണ്ടെന്നാണു പ്രാഥമിക വിവരം. കൂടുതൽ പേർ പരാതികളുമായി എത്തുന്നുമുണ്ട്. പത്തോളം പരാതികളിൽ കേസ് റജിസ്റ്റർ ചെയ്യാനുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും വലുതാകുമെന്നാണു പൊലീസിന്റെ നിഗമനം. ഈ സാഹചര്യത്തിലാണു കേസ് സംസ്ഥാന ക്രൈംബ്രാ‍ഞ്ചിനു കൈമാറാൻ പൊലീസ്  ആലോചിക്കുന്നത്. കോടികളുടെ നിക്ഷേപത്തട്ടിപ്പു നടത്തിയ കണ്ണൂരിലെ അർബൻ നിധി ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണു  പാലാഴിയിലെ ‘എനിടൈം മണി’. കണ്ണൂരിലെ തട്ടിപ്പുമായി ബന്ധപ്പെട്ടു പിടിയിലായ  3 പ്രതികളെ  ‘എനിടൈം മണി’ തട്ടിപ്പുകേസിലും അറസ്റ്റ് ചെയ്യാൻ ജില്ലാ ക്രൈം ബ്രാഞ്ച് നടപടി തുടങ്ങിയിട്ടുണ്ട്.

2020 ലാണു പാലാഴിയിൽ ‘എനിടൈം മണി’ പ്രവർത്തനം തുടങ്ങിയത്. 50,000 രൂപ നൽകിയാണു ജീവനക്കാർ ഇവിടെ ജോലി നേടിയത്. ജോലി സ്ഥിരപ്പെടാനായി കണ്ണൂർ അർബൻ നിധി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിക്കണമെന്നായിരുന്നു നിബന്ധന. സ്ഥിരജോലിക്കു പുറമേ ഉയർന്ന പലിശയും വാഗ്ദാനം ലഭിച്ചതോടെ ജീവനക്കാർക്കു പുറമേ അവരുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പണം നിക്ഷേപിച്ചു. നൂറോളം ജീവനക്കാരാണു സ്ഥാപനത്തിൽ ഉണ്ടായിരുന്നത്. കാലാവധിയെത്തിയിട്ടും പണം തിരികെ ലഭിക്കാതായതോടെ നിക്ഷേപകർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com