കോഴിക്കോട് ∙ പാലക്കാട്ടെ റെയിൽവേ ഉദ്യോഗസ്ഥന്റെ ബൈക്ക് മോഷ്ടിച്ച് നമ്പർ മാറ്റി നഗരത്തിൽ കറങ്ങുന്നതിനിടെ പൊലീസിനെ കണ്ട് ഓടിയ 3 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നരിക്കുനി, അമ്പലപ്പാട് സ്വദേശികളെയാണ് നടക്കാവ് ഇൻസ്പെക്ടർ കെ.ജിജേഷ് വിവിധ ഭാഗങ്ങളിൽ നിന്നു പിടികൂടിയത്. ഇന്ന് പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം രാത്രി വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ടു യുവാക്കൾ ബൈക്ക് ഉപേക്ഷിച്ചു പോകുകയായിരുന്നു.
തുടർന്ന് ബൈക്ക് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിൽ വ്യാജ നമ്പറാണെന്നു കണ്ടെത്തി. പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോൺ ബൈക്കിൽ നിന്ന് കണ്ടെത്തി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ജീവനക്കാരുടെ വാഹന പാർക്കിങ്ങിൽ നിർത്തിയിട്ട റെയിൽവേ ഉദ്യോഗസ്ഥന്റെ ബൈക്ക് പ്രതികൾ മോഷ്ടിക്കുകയായിരുന്നു എന്നു കണ്ടെത്തി. കോഴിക്കോട് എത്തിച്ചാണു നമ്പർ മാറ്റിയതെന്നു പ്രതികൾ പൊലീസിനോടു പറഞ്ഞു. പിടികൂടിയ പ്രതികളിൽ ഒരാൾ മോഷണക്കേസിലും മറ്റൊരാൾ പോക്സോ കേസിലും ഉൾപ്പെട്ടവരാണെന്നു പറയുന്നു. 3 പേരും ലഹരി മരുന്നു വിൽപനയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.