200 രൂപ നിരക്കിൽ നഗരം ചുറ്റിക്കാണാം, പക്ഷേ ഡബിൾ ഡെക്കർ ബസ് വരില്ല; തീരുമാനം മാറ്റാൻ കാരണം മരച്ചില്ലകൾ

HIGHLIGHTS
  • സിറ്റി റൈഡ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഡബിൾ ഡെക്കർ ബസ് വരില്ല
  • നഗരത്തിലെ വൈദ്യുതിക്കമ്പികളും മരച്ചില്ലകളും നീക്കാൻ കെഎസ്ആർടിസി അപേക്ഷ നൽകും
kozhikode-bus-skech
SHARE

കോഴിക്കോട് ∙ നഗരം ചുറ്റിക്കാണാൻ ഡബിൾ ഡെക്കർ ബസ് വരില്ല, തീരുമാനം മാറ്റി കെഎസ്ആർടിസി അധികൃതർ. സിറ്റി റൈഡ് പദ്ധതിയിൽ ആദ്യഘട്ടത്തിൽ സാധാരണ ബസ് മാത്രമേ ഓടിക്കൂവെന്നും അധികൃതർ പറഞ്ഞു. ഇരുനില ബസുകൾ നഗരത്തിലൂടെ ഓടിക്കുന്നതു സംബന്ധിച്ച പ്രായോഗിക ബുദ്ധിമുട്ടുകളാണു വെല്ലുവിളിയായത്.

നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി സിറ്റി റൈഡ് പദ്ധതി നടപ്പാക്കുമെന്നു കഴിഞ്ഞ ദിവസം കെഎസ്ആർടിസിയുടെ സമൂഹമാധ്യമ അക്കൗണ്ടിലാണു പ്രഖ്യാപനം വന്നത്. പ്ലാനറ്റേറിയം, തളി ക്ഷേത്രം, കുറ്റിച്ചിറ, മിശ്കാൽ പള്ളി, കോതി, വരക്കൽ ബീച്ച് എന്നിവയാണ് സിറ്റി റൈഡിൽ ഉൾപ്പെടുത്തുമെന്നു പ്രഖ്യാപിച്ചത്. 200 രൂപ നിരക്കിൽ നഗരം ചുറ്റിക്കാണിക്കുകയെന്നതാണു പദ്ധതി. വിദേശരാജ്യങ്ങളിലെ തുറന്ന മേൽക്കൂരയുള്ള ബസുകളുടെ മാതൃകയിൽ കേരളത്തിൽ ആദ്യമായി സിറ്റി റൈഡ് തുടങ്ങിയതു തിരുവനന്തപുരത്താണ്.

എന്നാൽ കോഴിക്കോട് നഗരത്തിൽ റോഡിനു കുറുകെയുള്ള വൈദ്യുതിക്കമ്പികൾ, മരച്ചില്ലകൾ തുടങ്ങിയവ ഡബിൾ ഡെക്കർ ബസുകളുടെ വഴി മുടക്കുമെന്ന ആരോപണം ഉയർന്നിരുന്നു. തളി ക്ഷേത്ര പരിസരത്തുകൂടിയും കുറ്റിച്ചിറയിലെ മിശ്കാൽ പള്ളി, ചിറ എന്നിവിടങ്ങളുടെ സമീപത്തു കൂടിയും ബസ് എത്തിക്കുന്നതും ബുദ്ധിമുട്ടാണെന്നു നാട്ടുകാർ പറഞ്ഞിരുന്നു. മാവൂർ റോഡിലെ കെഎസ്ആർടിസിയുടെ ടെർമിനലിനകത്ത് ഡബിൾ ഡെക്കർ ബസ് കയറ്റിയാൽ മുകളിലെ നിലയിലെ യാത്രക്കാർ കുരുങ്ങുമെന്നും ആരോപണമുയർന്നിരുന്നു.

സിറ്റി റൈഡ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ സാധാരണ ബസുകൾ മാത്രമേ സർവീസ് നടത്തൂവെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ പറഞ്ഞു. ഡബിൾ ഡെക്കർ ബസുകൾ ഓടിക്കണമെങ്കിൽ റോഡിനു കുറുകെയുള്ള വൈദ്യുതിക്കമ്പികൾ നീക്കണം. മരച്ചില്ലകളും വെട്ടണം. വൈദ്യുതിക്കമ്പികൾ നീക്കാൻ കെഎസ്ഇബിക്ക് അപേക്ഷ നൽകുമെന്നും ട്രാൻസ്പോർട്ട് ഓഫിസർ പറഞ്ഞു. ഇതിനുശേഷം മാത്രമേ ഡബിൾ ഡെക്കർ ബസുകൾ എത്തിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS