മേപ്പയൂർ ∙ ദീപക്കിനെ കണ്ടെത്തിയതിൽ സന്തോഷം. അവനൊരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പുണ്ടായിരുന്നു. വീട്ടുവളപ്പിൽ അടക്കം ചെയ്ത മൃതദേഹം മകന്റേതല്ലെന്ന് തിരിച്ചറിഞ്ഞപ്പോഴും കനംവള്ളിക്കാവ് വടക്കേടത്തുകണ്ടി വീട്ടിലെ ശ്രീലതയുടെ ഉള്ളിലെ തീ കെട്ടിരുന്നില്ല. നിയമ യുദ്ധത്തിലൂടെ മകനെ കണ്ടെത്താൻ അവസാനം വരെ പോരാടാൻ അവർ തയാറെടുത്തു കഴിഞ്ഞിരുന്നു.
വീടിന്റെ മുൻവശത്ത് മകനായുള്ള അവരുടെ കാത്തിരിപ്പ് അവർ തുടർന്നു. പയ്യോളി റജിസ്ട്രാർ ഓഫിസിൽ നിന്ന് യുഡി ക്ലാർക്കായി വിരമിച്ച ശ്രീലതയുടെ രണ്ടു മക്കളിൽ മൂത്തയാളാണ് ദീപക്. ഭർത്താവ് പോസ്റ്റൽ വകുപ്പിൽ നിന്നു വിരമിച്ച ബാലകൃഷ്ണൻ മരിച്ചിട്ട് 4 വർഷം കഴിഞ്ഞു. ഗൾഫിൽ ജോലി ചെയ്തിരുന്ന ദീപക് ഒരു വർഷമായി നാട്ടിലുണ്ടായിരുന്നു. 2022 ജൂൺ ആറിന് എറണാകുളത്തേക്കു പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നു പുറപ്പെട്ടതാണ്. പിന്നീട് വിവരമൊന്നുമില്ല. മേപ്പയൂർ പൊലീസിൽ പരാതി നൽകിയെങ്കിലും ഫലമുണ്ടായില്ല.
തിക്കോടി കോടിക്കൽ കടപ്പുറത്തു നിന്നു ലഭിച്ച മൃതദേഹം സംബന്ധിച്ച് ബന്ധുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസം ആദ്യമേ ഉണ്ടായിരുന്നു. ഡിഎൻഎ ഫലം നെഗറ്റീവാണെന്ന അറിഞ്ഞ ഉടനെ എസ്പി ഓഫിസിലെത്തി മകനെ കണ്ടെത്തണമെന്ന പരാതി വീണ്ടും നേരിട്ടു നൽകി. വെള്ളത്തിൽ വീണ് മരിച്ചതിനാലാകും രൂപ വ്യത്യാസമെന്നാണ് അന്ന് കരുതിയത്.
മൃതദേഹം ലഭിച്ചെങ്കിലും മരണകാരണം അറിയാതെ സുഹൃത്തുക്കളും ബന്ധുക്കളും ആശങ്കയിലായിരുന്നു. തുടർന്ന് ദീപക്കിന്റെ തിരോധാനം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പി അബ്ദുൽമുനീറിനായിരുന്നു അന്വേഷണ ചുമതല.
ദീപക്കിനെ കണ്ടെത്തിയത് ഗോവയിലെ പനജിയില്‍
കോഴിക്കോട്∙ കോഴിക്കോട് മേപ്പയ്യൂരില്‍ നിന്നും കാണാതായ പ്രവാസി യുവാവ് ദീപക്കിനെ കണ്ടെത്തി. ഗോവയിലെ പനജിയില്‍ നിന്നാണ് കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്‍റെ മൃതദേഹം ദീപക്കിന്‍റേതെന്ന് കരുതി സംസ്കരിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ 7നാണ് മേപ്പയ്യൂരിലെ വീട്ടില്‍ നിന്ന് ദീപക്കിനെ കാണാതാവുന്നത്. കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും വിവരം കിട്ടിയില്ല. പിന്നീട് ജൂലൈ 17ന് ദീപക്കിനോട് സാദൃശ്യമുള്ള മൃതദേഹം കൊയിലാണ്ടി തീരത്തടിഞ്ഞു.
ദീപക്കിന്‍റേതെന്ന് കരുതി ബന്ധുക്കള്‍ മൃതദേഹം സംസ്കരിച്ചു. ചിലര്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഡിഎന്‍എ സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനയിൽ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്‍റേതായിരുന്നു മൃതദേഹമെന്ന് കണ്ടെത്തി. ഇതോടെയാണ് ദീപക്കിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായത്. ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിലാണ് ദീപക്ക് ഗോവയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്.ദീപക്കിനെ തിരികെ എത്തിക്കാനായി അന്വേഷണ സംഘം ഗോവയിലെത്തി.