ADVERTISEMENT

പേരാമ്പ്ര ∙ കാട്ടുപന്നി ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പേരാമ്പ്ര കല്ലോട് ഭാഗത്ത് കാട്ടുപന്നിയുടെ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. പൂഴിത്തോട്, ചെമ്പനോട, ചക്കിട്ടപാറ, കൂത്താളി ചായികുളം, ചങ്ങരോത്ത്, പന്തിരിക്കര, പള്ളിക്കുന്ന്, കോക്കാട്, വലിയ പറമ്പ്, ആവടുക്ക, ഒറ്റക്കണ്ടം ഭാഗങ്ങളിൽ പന്നികൾ കൂട്ടത്തോടെ ഇറങ്ങി പ്രദേശത്തെ കപ്പ, ചേന, ചേമ്പ്, കാച്ചിൽ മറ്റു കിഴങ്ങുവർഗങ്ങൾ പൂർണമായി നശിപ്പിക്കുകയാണ്. പകൽ പോലും റോഡിലൂടെ ഇറങ്ങി നടക്കാൻ പറ്റുന്നില്ല.  കഴിഞ്ഞ ദിവസം ചെമ്പനോടയിലും പന്തിരിക്കരയിലും ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരെ പന്നി ഇടിച്ചു വിഴ്ത്തി. 

പത്തിരിക്കര വരയാലൻ കണ്ടി റോഡിലും കോക്കാട് റോഡിലും കിണറ്റിൽ വീണ പന്നികളെ വെടി വച്ച് കൊന്നെങ്കിലും ബാക്കിയുള്ളവ ഇപ്പോഴും നാട്ടിൽ തമ്പടിക്കുകയാണ്. ജീവനും കൃഷിക്കും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും കൃഷി നാശം നേരിട്ട കർഷകർക്ക് മതിയായ സാമ്പത്തിക സഹായം അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പന്നി ആക്രമണത്തിൽ പരുക്കേറ്റവർക്ക് സൗജന്യ മരുന്നും ചികിത്സയും സാമ്പത്തിക സഹായവും അനുവദിക്കാൻ നടപടിയെടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

കാട്ടുപന്നികളെ നിയമവിധേയമായി ഇല്ലായ്മ ചെയ്യുന്നതിനു പഞ്ചായത്ത് അംഗീകൃത ഷൂട്ടറെ നിയമിച്ച് ഉത്തരവ് ഇറക്കി ജനങ്ങളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മെംബർ അർജുൻ കറ്റയാട്ട് പഞ്ചായത്ത് പ്രസിഡന്റിനും ഉന്നത അധികാരികൾക്കും കത്ത് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com