കോഴിക്കോട് ∙ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. ചാപ്പയിൽ സ്വദേശി അർഫാൻ (പുള്ളി – 20), ചക്കുംകടവ് സ്വദേശി അജ്മൽ ബിലാൽ (21), അരക്കിണർ സ്വദേശി റഹീഷ് (പാളയം റയീസ് – 30), മാത്തോട്ടം സ്വദേശി റോഷൻ അലി (മോട്ടി –25) എന്നിവരെയാണു അസി. കമ്മിഷണർ പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും കസബ ഇൻസ്പെക്ടർ എൻ.പ്രജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസും ചേർന്നു പിടികൂടിയത്.
കഴിഞ്ഞ ദിവസം രാത്രി കോട്ടപ്പറമ്പ് ആശുപത്രിക്കു സമീപത്തു നിന്നു മലപ്പുറം സ്വദേശിയുടെ കഴുത്തിൽ കത്തി വച്ചു ഭീഷണിപ്പെടുത്തിയ സംഘം മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയ ശേഷം ഗൂഗിൾ പേ, പേ ടിഎം എന്നിവയുടെ പാസ്‌വേർഡ് പറയിപ്പിച്ചു അരലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തിരുന്നു. സ്ഥിരമായി ഒരിടത്തു തമ്പടിക്കാതെ, സ്കൂട്ടറിലും കാറിലും നഗരത്തിൽ കറങ്ങി കവർച്ച നടത്തുന്ന സംഘത്തെ ഏറെ പണിപ്പെട്ടാണു കഴിഞ്ഞ ദിവസം രാത്രി പിടികൂടിയത്.
അർഫാനെതിരെ ഇരുപതിലധികം കേസ് നിലവിലുണ്ട്. അജ്മൽ ബിലാൽ ഒട്ടേറെ കേസുകളിൽ അർഫാന്റെ കൂട്ടുപ്രതിയും റോഷൻ അലി പന്നിയങ്കര സ്റ്റേഷനിൽ ലഹരിമരുന്നു കേസിൽ പ്രതിയുമാണ്. മലപ്പുറം സ്വദേശിയിൽ നിന്നു സംഘം കവർച്ച ചെയ്ത മൊബൈൽ ഫോണും ഭീഷണിപ്പെടുത്താൻ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെടുത്തു.
സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, സജേഷ് കുമാർ, സി.കെ.സുജിത്ത്, എ.പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, കസബ സബ് ഇൻസ്പെക്ടർ റസാഖ്, സീനിയർ സിപിഒമാരായ മനോജ്, രതീഷ്, രജീഷ് നെരവത്ത് സിപിഒമാരായ അനൂപ്, സന്ദീപ് സെബാസ്റ്റ്യൻ എന്നിവരാണു പൊലീസ് സംഘത്തിലെ മറ്റുള്ളവർ.