കൊയിലാണ്ടി ∙ ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഐരാണിത്തുരുത്തും 210 ഏക്കർ വിസ്തൃതമായ ജലാശയവും കേന്ദ്രീകരിച്ച് വിനോദസഞ്ചാര പദ്ധതികൾ വേണമെന്ന ആവശ്യം ശക്തം. അവധി ദിനങ്ങളിലും ഒഴിവു വേളകളിലും ഒട്ടേറെ സഞ്ചാരികൾ എത്തുന്ന ഐരാണിത്തുരുത്തും ചുറ്റുമുള്ള ജലാശയങ്ങളും കേന്ദ്രീകരിച്ചുള്ള ടൂറിസം സാധ്യത ഇതുവരെ ഉപയോഗപ്പെടുത്തിയിട്ടില്ല. ദേശാടനപ്പക്ഷികളുടെ സങ്കേതമായ ഇവിടം അപൂർവ ഇനം കണ്ടൽക്കാടുകളാൽ സമ്പന്നമാണ്. മീൻ പിടിത്തക്കാരുടെ ജീവനോപാധി കൂടിയാണ് ഈ ജലാശയം.
കരിമീനും ചെമ്പല്ലിയും കൊഞ്ചനും വരാലും ഇവിടെ സമൃദ്ധം. കൊയിലാണ്ടി - ഐടിഐ എളാട്ടേരി റോഡ് വഴിയെത്തി എളാട്ടേരി യുപി സ്‌കുളിന് സമീപമുളള ചെറു പാതയിലൂടെ പോയാൽ ഐരാണി ത്തുരുത്തിലെത്താം. എളാട്ടേരി ചേലിയ പ്രദേശങ്ങളുടെ കിഴക്കേ അതിര് ഒള്ളൂർ പുഴയാണ്. ഒള്ളൂർ പുഴയും ഐരാണിത്തുരുത്തിനു ചുറ്റുമുള്ള ജലാശയവും ഒന്നിച്ചാണുള്ളത്. പുഴയെ വേർതിരിക്കുന്നത് പ്രദേശവാസികൾ നടന്നുപോകുന്ന ചെറു ബണ്ടാണ്. പുഴയിൽനിന്ന് ഉപ്പുവെള്ളം കയറാതിരിക്കാൻ ഈ ബണ്ടിൽ നാല് ചീർപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം ഇപ്പോൾ തകർച്ചയുടെ വക്കിലാണ്.
ചീർപ്പിൽ നിന്ന് നോക്കിയാൽ ഐരാണിത്തുരത്തിനു ചുറ്റുമുള്ള ജലാശയവും തൊട്ടടുത്തുള്ള പൂതപ്പാറയും കാണാം. ഒരു പഞ്ചായത്തിൽ ഒരു ടൂറിസം പദ്ധതി എന്ന ടൂറിസം മന്ത്രിയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയോടെ കാത്തിരിക്കുകയാണു നാട്ടുകാർ.