ADVERTISEMENT

കോഴിക്കോട് ∙ ഭർതൃവീട്ടുകാർ വീട്ടിൽ കയറ്റാതെ ഇറക്കിവിട്ട വിധവയായ യുവതിക്കും മക്കൾക്കും താൽക്കാലിക താമസ, ഭക്ഷണച്ചെലവു നൽകാൻ ഭർത്താവിന്റെ പിതാവിനോടു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി നിർദേശിച്ചു. പരേതനായ കാരപ്പറമ്പ് സ്വദേശി ഫഹിം ഗുലാബ് ജാന്റെ ഭാര്യ സൽമ ഫഹിം നൽകിയ പരാതിയിലാണു നടപടി. 

2021 ലാണു ഫഹിം ഗുലാബ് ജാൻ മരിച്ചത്. തുടർന്നു സൽമയും 2 മക്കളും പൊള്ളാച്ചിയിലെ മതാപിതാക്കളുടെ അടുത്തേക്കു പോയി. കഴിഞ്ഞ ദിവസം സൽമ മക്കളെയും കൂട്ടി ഫഹിം ഗുലാബ് ജാന്റെ പിതാവ് ഗുലാബ് ജാൻ, ഭാര്യ സറീന എന്നിവർ താമസിക്കുന്ന വീട്ടിൽ സഹായം അഭ്യർഥിച്ച് എത്തിയിരുന്നു. അവരെ വീട്ടിൽ കയറ്റാതെ ഇറക്കി വിടുകയും പിന്നീട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ കൊണ്ടാക്കുകയും ചെയ്തു. 2 ദിവസം കഴിഞ്ഞപ്പോൾ അവർക്കു ഭക്ഷണം കൊടുക്കാതായി. ലോഡ്ജിന്റെ വാടകയും കൊടുക്കില്ലെന്നും ഗുലാബ് ജാൻ നിലപാടെടുത്തു. 

തുടർന്നു കാലിക്കറ്റ് ദക്കിനി മുസ്‌ലിം ജമാഅത്ത് ഭാരവാഹികളാണു സൽമയ്ക്കും  കുട്ടികൾക്കും ഭക്ഷണം നൽകിയത്. ഈ സാഹചര്യത്തിലാണു സൽമ സഹായം അഭ്യർഥിച്ചു ലീഗൽ സർവീസസ് അതോറിറ്റിയെ സമീപിച്ചത്. ഇന്നലെ ഉച്ചയ്ക്കു 2 നു നേരിൽ എത്തി വിശദീകരണം നൽകാൻ ഗുലാബ് ജാനോട് ലീഗൽ സർവീസസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു.

ഇന്നലെ വിളിച്ചപ്പോൾ സ്ഥലത്തില്ലെന്നാണു ഗുലാബ് ജാൻ പറഞ്ഞത്. തുടർന്നു ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം.പി.ഷൈജൽ ഓൺലൈനിൽ കേൾക്കാൻ തയാറായി. ഗുലാബ് ജാനും മകളും അഭിഭാഷകനും ഓൺലൈനിൽ സിറ്റിങ്ങിൽ പങ്കെടുത്തു. 

സൽമയും മക്കളും താമസിക്കുന്ന ലോഡ്ജിന്റെ വാടകയും അവർക്കുള്ള ഭക്ഷണവും നൽകാൻ ഗുലാബ് ജാനു നിർദേശം നൽകി. മറ്റു കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. സൽമ ഇന്നു നാട്ടിലേക്കു തിരിച്ചു പോകും. 24 നു തിരിച്ചു വരും. അന്നു ലീഗൽ സർവീസസ് അതോറിറ്റി ഇരുകൂട്ടരെയും നേരിൽ കേൾക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com