കോഴിക്കോട് ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏറെക്കാലമായി അടഞ്ഞു കിടക്കുന്ന 30–ാം വാർഡ് തുറന്നു. വൈറൽ പനികൾ ഉൾപ്പെടെ കൂടിവരുന്നതിനാൽ രോഗികൾ തറയിൽ കിടക്കുന്ന സാഹചര്യം പരിഗണിച്ച് മെഡിസിൻ വിഭാഗത്തിൽ വരുന്ന രോഗികളെ ഇവിടെ പ്രവേശിപ്പിക്കാൻ നടപടിയായി. ഫാമിലി മെഡിസിൻ വിഭാഗത്തിനു കൈമാറിയ ഈ വാർഡ് പ്രത്യേക സാഹചര്യം പരിഗണിച്ചു മെഡിസിൻ വിഭാഗത്തിനു നൽകി. രോഗികൾ തറയിൽ കിടക്കുമ്പോഴും ഒരു വാർഡ് അടഞ്ഞു കിടക്കുന്നത് സംബന്ധിച്ച മനോരമ വാർത്തയെ തുടർന്ന് പ്രിൻസിപ്പൽ ഡോ. ഇ.വി.ഗോപി, സൂപ്രണ്ടിനോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.
പ്രശ്നത്തിനു പരിഹാരം കാണാൻ നിർദേശവും നൽകി. 30–ാം വാർഡ് ജനറൽ മെഡിസിൻ വിഭാഗത്തിനു അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസിഡിൻ വിഭാഗം മേധാവി ഡോ. പി.ജയേഷ് കുമാർ ഇന്നലെ സൂപ്രണ്ടിനു കത്തു നൽകി. ഇതു പരിഗണിച്ച സൂപ്രണ്ട് ഡോ. എം.പി.ശ്രീജയൻ പ്രത്യേക സാഹചര്യം പരിഗണിച്ച് വാർഡ് ജനറൽ മെഡിസിൻ വിഭാഗത്തിനു നൽകാൻ ഉത്തരവ് നൽകി. അടിയന്തരമായി ആവശ്യമായ ക്രമീകരണം ഏർപ്പെടുത്താനും നിർദേശിച്ചു. വാർഡ് ശുചീകരിച്ചു. 20 കട്ടിലുകളാണ് ഇവിടെയുള്ളത്. 5 കട്ടിലുകൾ കൂടി സജ്ജീകരിച്ച് 25 രോഗികളെ ഇവിടെ കിടത്താനുള്ള രീതിയിലാണ് ക്രമീകരിക്കുന്നത്.