ADVERTISEMENT

കൊയിലാണ്ടി∙  തീരദേശ പാത നിർമാണത്തിന് സ്ഥലമേറ്റെടുക്കുന്ന നടപടികൾ പുരോഗമിക്കുന്നു. കൊയിലാണ്ടി മണ്ഡലത്തിൽ 7 റീച്ചുകളിലാണു നിർമാണം നടക്കുന്നത്. മൊത്തം 250 കോടി രൂപയാണ് കൊയിലാണ്ടി മണ്ഡലത്തിൽ മാത്രം തീരദേശ ഹൈവേ നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കോടിക്കൽ ബീച്ച് മുതൽ കൊളാവിപാലം വരെയുള്ള റീച്ചിന് വിശദമായ പദ്ധതിരേഖ തയ്യാറാക്കി. കോരപ്പുഴ മുതൽ കവലാട് വരെയുളള റീച്ചിൽ ഒരു കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് ഭൂമി ഏറ്റെടുക്കാനുളളത്. ഏരൂൽ ഭാഗത്ത് പ്രദേശവാസികളുമായി അധികൃതർ ചർച്ച നടത്തി.

നിലവിലുള്ള റോഡ് 15 മീറ്റർ വീതി കൂട്ടിയാൽ പല വീടുകളുടെയും വരാന്ത വരെ ഏറ്റെടുക്കേണ്ടിവരും. ഇതിന് പരിഹാരമായി ഏതെങ്കിലും ഒരു വശത്ത് മാത്രം വീതി കൂട്ടണമെന്ന ആവശ്യവും പ്രദേശവാസികൾ ഉയർത്തുന്നുണ്ട്. കടലാക്രമണ ഭീഷണിയുളള കാപ്പാട് നിലവിലുളള തീര പാത കടന്നു പോകുന്നതിന് കിഴക്ക് ഭാഗത്തായിട്ടാണ് ഭൂമി ഏറ്റെടുക്കുക. കടലാക്രമണ ഭീഷണി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ തീരത്ത് നിന്ന് 10 മീറ്ററോളം വിട്ടാണ് ഭൂമി ഏറ്റെടുക്കുന്നത്. ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുത്തപ്പോൾ നൽകിയ നഷ്ടപരിഹാര പാക്കേജ് തീര പാതയ്ക്കും വേണ്ടി നൽകും.

തിരുവനന്തപുരം മുതൽ കാസർകോട് വരെ 656.6 കിലോമീറ്റർ നീളത്തിലാണ് തീരദേശ ഹൈവേ നിർമിക്കുന്നത്.ജില്ലയിൽ വടകര, കൊയിലാണ്ടി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത്, ബേപ്പൂർ മണ്ഡലങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. നിലവിലുള്ള തീര പാതകളെ ബന്ധിപ്പിച്ചും ഇല്ലാത്തിടത്ത് പുതിയത് നിർമിച്ചുമാണ് തീരദേശ ഹൈവേ യാഥാർഥ്യമാവുന്നത്. 15.6 മീറ്റർ വീതിയിലാണ് തീരദേശ ഹൈവേ നിർമിക്കുന്നത്. ഇതിന്റെ കൂടെ നടപ്പാതയും സൈക്കിൾ ട്രാക്കും ഉണ്ടാവും.

ഇരിങ്ങൽ മുതൽ മൂടാടി പഞ്ചായത്തിലെ കോടിക്കൽ ബീച്ച് വരെ തീരദേശ പാത നിർമാണത്തിന് റവന്യൂ, പൊതുമരാമത്ത് വകുപ്പ് അധികൃതർ പരിശോധന നടത്തി അലൈൻമെന്റ് തയാറാക്കിയിട്ടുണ്ട്. കോടിക്കൽ മുതൽ കൊയിലാണ്ടി വരെയുള്ള അലൈൻമെന്റ് തയാറായിട്ടില്ല. മൂടാടി ഉരുപുണ്യകാവ് ക്ഷേത്രത്തിന് മുകളിലൂടെയാണ് പാത നിർമിക്കാൻ ലക്ഷ്യമിടുന്നത്. പാറപ്പള്ളി മുതൽ കൊയിലാണ്ടി ഹാർബർ വരെ ചിലയിടങ്ങളിൽ റോഡുണ്ടെങ്കിലും പരസ്പരം ബന്ധമില്ലാത്തതാണ്.

കൊയിലാണ്ടി ഹാർബർ മുതൽ കണ്ണങ്കടവ് വരെ നിലവിലുള്ള തീര പാത വഴിയിലൂടെയാണ് ഹൈവേ കടന്നു പോകുക. കണ്ണകടവ് നിന്ന് കോരപ്പുഴ പാലത്തിലേക്ക് എത്താൻ റോഡ് വീതികൂട്ടി നിർമിക്കും. തിരുവനന്തപുരം -കാസർകോട് തീര പാത നിലവിൽ വരുന്നതോടെ ടൂറിസം ഗതാഗത മേഖലയിൽ വൻ കുതിച്ചു ചാട്ടമുണ്ടാവും. മത്സ്യബന്ധന  ഹാർബറുകളിൽ നിന്നുള്ള ട്രക്കുകളുടെ യാത്രയും സുഗമമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com