ADVERTISEMENT

ഫറോക്ക് ∙ ലോറിയിടിച്ചു തകർന്ന കമാനങ്ങൾ പുനഃസ്ഥാപിക്കാത്തതിനാൽ ഫറോക്ക് പഴയ പാലത്തിന് വീണ്ടും സുരക്ഷാ ഭീഷണി. പാലത്തിൽനിന്ന് 30 മീറ്റർ അകലെയായി ഇരുകവാടങ്ങളിലും സ്ഥാപിച്ച സുരക്ഷാ കമാനങ്ങളാണ് ലോറിയിടിച്ച് തകർന്നത്. 90 ലക്ഷം രൂപ മുടക്കി പാലം നവീകരിച്ചപ്പോൾ സ്ഥാപിച്ചതാണ് ഈ കമാനങ്ങൾ.  ഇവ തകർന്നിട്ട് മാസങ്ങളായി.  ഇതുവരെ മാറ്റി സ്ഥാപിച്ചിട്ടില്ല. ഇതിനാൽ ഉയരം കൂടിയ ലോറികൾ എത്തിയാൽ, നേരെ പാലത്തിലേക്ക് പ്രവേശിക്കുകയാണ്. ഇവ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിനുള്ളിൽ കുടുങ്ങുകയും ചെയ്യുന്നു. പാലത്തിലൂടെ കടന്നുപോകുന്ന വണ്ടികളിൽ പലതും പാലത്തിന്റെ ഇരുമ്പു ചട്ടക്കൂട്ടിൽ തട്ടുന്നുമുണ്ട്. ഇത് പാലത്തിനു ബലക്ഷയം ഉണ്ടാക്കുമെന്ന ആശങ്കയുമുണ്ട്.

ബ്രിട്ടിഷുകാർ നിർമിച്ച ഇരുമ്പ് പാലം കഴിഞ്ഞ ഓഗസ്റ്റിലാണ് നവീകരിച്ചത്. ഉയരം കൂടിയ വാഹനങ്ങൾ പ്രവേശിക്കാതിരിക്കാനാണ് ഇരു കവാടങ്ങളിലും സുരക്ഷാ കമാനങ്ങൾ സ്ഥാപിച്ചത്. പാലത്തിൽ നിന്നു 30 മീറ്റർ അകലെയായി 3.60 മീറ്റർ ഉയരത്തിലായിരുന്നു ഈ കമാനങ്ങൾ. ഇതിൽ വാഹനങ്ങൾ ഇടിക്കാതിരിക്കാൻ മുന്നറിയിപ്പു ബോർഡുകളും വേഗത്തടയും പ്രത്യേക റിഫ്ലക്ടറുകളും സ്ഥാപിച്ചിരുന്നു. പണി പൂർത്തിയാക്കി ദിവസങ്ങൾക്കകം തന്നെ ഇവ കണ്ടെയ്നർ ലോറിയിടിച്ചു തകർന്നു. ഇടിയുടെ ആഘാതത്തിൽ തൂൺ അടക്കം പൊട്ടി വീണു.

കമാനം തകർന്നു 4 മാസം പിന്നിട്ടെങ്കിലും നന്നാക്കാൻ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ ഭീഷണി. അപകടത്തെ തുടർന്ന് ഏറെക്കാലമായി റോഡരികിൽ സൂക്ഷിച്ചിരിക്കുന്ന കമാന ഭാഗങ്ങൾ ഇപ്പോൾ വഴിയാത്രക്കാർക്ക് കെണിയാണ്. 1883ലാണ് ബ്രിട്ടിഷുകാർ ഫറോക്കിൽ ഇരുമ്പ് ചട്ടക്കൂടുള്ള പാലം നിർമിച്ചത്. ആദ്യകാലത്ത് ഇതുവഴിയായിരുന്നു ട്രെയിൻ ഗതാഗതം. 1924ൽ പുതിയ റെയിൽപാലം പണിതതോടെ പഴയപാലം റോഡ് ഗതാഗതത്തിനു വിട്ടു നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com