ADVERTISEMENT

കുന്നമംഗലം ∙ കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്തു കയ്യിൽ പൊട്ടലേറ്റ സംഭവത്തിൽ പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പഠനം പോലും മുൻപോട്ടു കൊണ്ടുപോകാൻ കഴിയാതെ പരുക്കേറ്റു ദുരിതത്തിൽ കഴിയുന്ന വിദ്യാർഥി ചികിത്സാ സഹായം ആവശ്യപ്പെട്ടപ്പോൾ പരിഹസിച്ചു എന്ന പരാതിയെ തുടർന്നാണു സെക്രട്ടറിക്കെതിരെ കേസെടുത്തത്. മൗണ്ടൻ സൈക്ലിങ് അടക്കം സംസ്ഥാന തലത്തിൽ മികച്ച പ്രകടനം കാഴ്ച വച്ച കാരന്തൂർ വരിക്കോളി മീത്തൽ ദിയ അഷ്റഫ് (19) ആണ് രണ്ടര മാസമായി ആശുപത്രിയും ചികിത്സയുമായി കഴിയുന്നത്.

പ്രോവിഡൻസ് കോളജ് ബിഎസ്‌സി ഒന്നാം വർഷ വിദ്യാർഥിയും ഫിറ്റ്നസ് ട്രെയ്നറുമായിരുന്ന ദിയ കഴിഞ്ഞ നവംബർ 13ന് നടന്ന പഞ്ചായത്ത് തല കേരളോത്സവം പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്തപ്പോൾ പരുക്കേറ്റതോടെയാണു ജീവിതം മാറി മറിയുന്നത്. പഞ്ചഗുസ്തി മത്സരത്തിന്റെ മാനദണ്ഡം പാലിക്കാതെ മറ്റൊരു കാറ്റഗറിയിൽ ഉൾപ്പെടുത്തേണ്ട മത്സരാർഥിയുമായിട്ടായിരുന്നു ദിയയുടെ മത്സരം. അബദ്ധം മനസ്സിലാക്കിയ അധികൃതർ പിന്നീട് മത്സരം റദ്ദാക്കിയതായും കുടുംബം ആരോപിക്കുന്നു.

തോളെല്ല് മുതൽ മുട്ടു വരെ കൈ പൊട്ടിയ ഭാഗത്തു ശസ്ത്രക്രിയ നടത്തി; 40 തുന്നിക്കെട്ടുകൾ ഉണ്ട്. വേദന സഹിക്കുന്നതിനു പുറമേ ക്ലാസിൽ പോകാനാകാത്തതിന്റെ വിഷമവും ദിയയ്ക്കുണ്ട്. എൻസിസി കെഡറ്റ് ആയിരുന്ന ദിയയ്ക്കു പരുക്കേറ്റതോടെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. 2 മാസം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിരുന്നു. ഫിസിയോതെറപ്പി  തുടരുന്നുണ്ടെങ്കിലും പ്രാഥമിക കൃത്യങ്ങൾ ചെയ്യാൻ പോലും പറ്റുന്നില്ല. കോളജിൽ ഹാജർ കുറവായതിനാൽ പരീക്ഷയ്ക്ക് ഇരിക്കാൻ കഴിയാതെ വരുമോ എന്ന ആശങ്കയും ഉണ്ട്.

ചികിത്സയ്ക്കും മരുന്നിനും ദിവസവും വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ടെന്നു മാതാവ് പറഞ്ഞു. വിദേശത്തു ജോലി ചെയ്തിരുന്ന പിതാവിനു കോവിഡിനെ തുടർന്നു ജോലി നഷ്ടമായി നാട്ടിൽ പോലും എത്താൻ കഴിയാതെ വിഷമിക്കുകയാണ്. 10 ദിവസത്തിനകം കുന്നമംഗലം പഞ്ചായത്ത് സെക്രട്ടറിയോടു റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് 21ന് കോഴിക്കോട് നടക്കുന്ന സിറ്റിങ്ങിൽ പരിഗണിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com