ADVERTISEMENT

കോഴിക്കോട്∙ വിടർന്ന ചിരിയിൽ കരുതി വച്ചൊരു ഊർജ പ്രവാഹത്തിന്റെ പേരാണു ബിഷപ് ഡോ.വർഗീസ് ചക്കാലയ്ക്കൽ. കണ്ടുമുട്ടുന്നവരിലെല്ലാം സ്നഹത്തിന്റെയും കരുണയുടെയും ഊർജം നിറയ്ക്കുന്ന  ആ നിറചിരിക്ക് ഇന്ന് എഴുപതിന്റെ മധുരം. സൗമ്യമായ ഇടപെടലുകളിലൂടെ മലബാറിന്റെ ജനകീയ ബിഷപ്പായി മാറിയ  കോഴിക്കോട് രൂപതാധ്യക്ഷൻ  ഇന്ന് കേരളത്തിലെ 17 ലക്ഷത്തോളം വരുന്ന ലത്തീൻ കത്തോലിക്കരുടെ ആത്മീയ നേതാവാണ്. കേരള ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെആർഎൽസിബിസി) കേരള റീജനൽ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെയും (കെആർഎൽസിസി) പ്രസിഡന്റായി ഒരു മാസം മുൻപാണ്  അദ്ദേഹം ചുമതലയേറ്റത്. 

1999 ഫെബ്രുവരി 7ന് തന്റെ 46–ാം ജന്മദിനത്തിൽ  കണ്ണൂർ ബിഷപ്പായി സ്ഥാനമേറ്റ വർഗീസ് ചക്കാലയ്ക്കൽ മെത്രാഭിഷേകത്തിന്റെ രജതജൂബിലി വർഷത്തിലേക്കും ഇന്നു പ്രവേശിക്കും. ശതാഭിഷേകത്തിന്റെ നിറവിൽ നിൽക്കുന്ന കോഴിക്കോട് രൂപതയ്ക്ക് ഇന്ന് ആഘോഷത്തിന്റെ ദിവസം.  

തൃശൂർ ജില്ലയിലെ മാളയ്‌ക്കടുത്ത പള്ളിപ്പുറത്ത് ഔസേപ്പ് ചക്കാലയ്ക്കലിന്റെയും മറിയത്തിന്റെയും മകനായി 1953 ഫെബ്രുവരി 7 നാണ് അദ്ദേഹത്തിന്റെ ജനനം. കോഴിക്കോട് മദർ ഓഫ് ഗോഡ് കത്തീഡ്രലിൽ 1981 ഏപ്രിൽ രണ്ടിനു വൈദിക ജീവിതം തുടങ്ങി. റോമിലെ ഉർബൻ സർവകലാശാലയിൽ നിന്ന് കാനോൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടി. മംഗളൂരു സെന്റ് ജോസഫ്‌സ്  സെമിനാരിയിൽ പ്രഫസറും ഡീനുമായിരുന്നു. 

1999 ഫെബ്രുവരി 7ന്  കണ്ണൂർ ബിഷപ്പായി സ്‌ഥാനമേറ്റു. 2012 ൽ കോഴിക്കോട് രൂപതയുടെ ബിഷപ്പായി ചുമതലയേറ്റു. ദൈവത്തിന്റെ കൃപയും മനുഷ്യരുടെ സ്നേഹവും അനുഭവിക്കാൻ കഴിഞ്ഞതാണ് ജീവിതത്തിന്റെ ഏറ്റവും വലിയ സംതൃപ്തിയെന്ന് എഴുപതാം വയസ്സിന്റെ പൂമുഖത്തിരുന്ന് ഡോ.വർഗീസ് ചക്കാലയ്ക്കൽ പറയുന്നു. ‘ ഞാൻ കണ്ടു മുട്ടിയ എല്ലാ മനുഷ്യരും നന്മ നിറഞ്ഞവരായിരുന്നു. മാറ്റൊലിയുടെ നിയമം എന്നൊന്നുണ്ട്. നമ്മൾ കൊടുക്കുന്നത് നമുക്ക് തിരിച്ചുകിട്ടും. അതു കൊണ്ടാവണം, എനിക്ക് മനുഷ്യരിൽ നിന്നു സ്നേഹം മാത്രമേ കിട്ടിയിട്ടുള്ളു’

കേരളത്തിലെ  ലത്തീൻ കത്തോലിക്കാ വിശ്വാസികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ വീടില്ലാത്ത ഒരാളും ഉണ്ടാകരുതെന്നാണ് ആഗ്രഹം. ഇതിനായി വിവിധ രൂപതകളിലെ സോഷ്യൽ സർവീസ് സൊസൈറ്റികളുടെ  നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. കോഴിക്കോട് രൂപതയിൽ ഇരുന്നൂറോളം വീടുകൾ നിർമിക്കുന്ന ബത്‌ലഹേം പദ്ധതി ആരംഭിച്ചു.

ലോ കോളജ് ഉൾപ്പെടെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ പരിശീലനകേന്ദ്രങ്ങൾ, എന്നിവയും ആരംഭിക്കും. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവരെയും ഉൾക്കൊള്ളാനും സ്വീകരിക്കാനും കഴിയുന്ന പുതിയ സംസ്കാരം നാട്ടിൽ വളരണം. അല്ലെങ്കിൽ നമ്മുടെ രാജ്യം നിലനിൽക്കില്ല. നാം ഒരൊറ്റ ജനതയാണെന്നത് പുതുതലമുറയെ പഠിപ്പിക്കണമെന്നും ബിഷപ് ഓർമിപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com