ADVERTISEMENT

കടലുണ്ടി ∙ ടൂറിസ്റ്റ് തോണി സർവീസിനു നിയന്ത്രണം ഏർപ്പെടുത്തിയത് കമ്യൂണിറ്റി റിസർവ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികളെ നിരാശരാക്കുന്നു. വൈകിട്ട് 5നു ശേഷം ബോട്ടിങ് പാടില്ലെന്ന റിസർവ് മാനേജ്മെന്റ് കമ്മിറ്റി തീരുമാനം സഞ്ചാരികളെ വലയ്ക്കുകയാണ്. അവധി ദിവസങ്ങളിൽ വൈകിട്ട് ഇവിടെയെത്തുന്ന സഞ്ചാരികൾ തോണി യാത്ര നടത്താനാകാതെ മടങ്ങി പോകേണ്ട സ്ഥിതിയായി. വിവിധ ജില്ലകളിൽ നിന്ന് ഏറെ പ്രതീക്ഷയോടെ എത്തിയ നൂറോളം സഞ്ചാരികളാണ് കഴിഞ്ഞദിവസം ബോട്ടിങ് നടത്താനാകാതെ മടങ്ങിയത്.

ഈ മാസം ഒന്നു മുതലാണ് വൈകിട്ട് 5നു യാത്ര അവസാനിപ്പിക്കാൻ മാനേജ്മെന്റ് കമ്മിറ്റി നിർദേശിച്ചത്. ദുര സ്ഥലങ്ങളിൽ നിന്നെത്തുന്ന സഞ്ചാരികൾക്ക് ഇതു തിരിച്ചടിയായി. പ്രതിഷേധമുയർത്തിയ ചിലർ ഓഫിസിൽ പരാതിപ്പെടുകയും ചെയ്തു. നേരത്തെ രാവിലെ 7 മുതൽ വൈകിട്ട് 5.30 വരെയായിരുന്നു സർവീസ്. ഇതു രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാക്കി ചുരുക്കി. ഒരു മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്ക് വൈകിട്ട് 5 വരെ മാത്രമേ ടിക്കറ്റ് അനുവദിക്കുന്നുള്ളൂ.

Also read: പൈലറ്റാകാനുള്ള മോഹം രാഹുലിനെ അറിയിച്ച വേദിക വിമാനത്തിൽ പറന്നു; പറക്കലിന്റെ മായാജാലത്തെപ്പറ്റി ചോദിച്ചറിഞ്ഞു!

പക്ഷി സങ്കേതവും കണ്ടൽക്കാടുകളും അടങ്ങുന്ന കമ്യൂണിറ്റി റിസർവിനെ അടുത്തറിയാനും പ്രത്യേകതകൾ മനസ്സിലാക്കാനുമായി ഒട്ടേറെ സഞ്ചാരികളാണ് ഇക്കോ ടൂറിസം കേന്ദ്രത്തിൽ എത്തുന്നത്. തോണി യാത്രയ്ക്കും മറ്റുമായി സ്കൂൾ–കോളജ് പഠന സംഘങ്ങൾക്കു പുറമേ ഗവേഷകരും ഇവിടെയെത്തുന്നുണ്ട്.വിവിധയിനം കണ്ടൽ വനങ്ങൾക്കൊപ്പം കടലുണ്ടിയിൽ വിരുന്നെത്തുന്ന ദേശാടനപക്ഷികളെയും കാണാനാകും എന്നതാണ് കമ്യൂണിറ്റി റിസർവിന്റെ പ്രത്യേകത. കേരളത്തിൽ കണ്ടുവരുന്ന 14 ഇനം കണ്ടലുകളിൽ 10 ഇനങ്ങളും ഒന്നിച്ചു റിസർവിൽ കാണാനാകും.

ജൈവവൈവിധ്യം കൊണ്ടു സമ്പന്നമായ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ എണ്ണം വർധിച്ചിട്ടുണ്ടെങ്കിലും ഉള്ള സൗകര്യങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് പരാതിക്ക് ഇടയാക്കിയിട്ടുണ്ട്.അതേസമയം ഇരുട്ടായാൽ അപകടസാധ്യത മുന്നിൽ കണ്ടാണു തോണി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയതെന്നു കടലുണ്ടി–വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ് മാനേജ്മെന്റ് കമ്മിറ്റി ചെയർമാൻ പി.ശിവദാസൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com