കൊയിലാണ്ടി ∙ അണ്ടർ പാസ് ഒരു തരി മാറില്ല, വേണമെങ്കിൽ റോഡ് വേറെ ഉണ്ടാക്കേണ്ടി വരും. ഇതാണ് ദേശീയപാത അതോറിറ്റിയുടെ ഇപ്പോഴത്തെ നിലപാട്. നാട്ടുകാരെ പറഞ്ഞുപറ്റിച്ചതിന്റെ ഒന്നാന്തരം ഉദാഹരണം.
സംഭവം ഇങ്ങനെ: ദേശീയപാത 66 ആറുവരിയാക്കുന്നതിന്റെ ഭാഗമായി കൊല്ലം – മേപ്പയൂർ റോഡിലാണ് ആദ്യത്തെ അണ്ടർപാസ് പൂർത്തിയായത്. റോഡിന്റെ എതിർ ദിശയിൽ 15 മീറ്റർ വീതിയിലാണിത്. അണ്ടർ പാസ് നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞിരുന്നത് റോഡിലൂടെയുള്ള ഗതാഗതത്തിനു തടസ്സം വരില്ലെന്നും നിർമാണ ശേഷം അണ്ടർ പാസ് ഹൈഡ്രോളിക് കംപ്രസർ മെഷിൻ ഉപയോഗിച്ച് റോഡിന് സമാന്തരമായി മാറ്റി സ്ഥാപിക്കുമെന്നുമായിരുന്നു. എന്നാൽ, അണ്ടർ പാസ് മാറ്റി സ്ഥാപിക്കാൻ കഴിയില്ലെന്നാണ് ഇപ്പോൾ ദേശീയ പാതാ അതോറിറ്റി അധികൃതർ പറയുന്നത്.
Also read: പൊന്നാനി- ഗുരുവായൂർ സംസ്ഥാന പാത കലുങ്ക് നിർമാണത്തിനിടെ റോഡ് തകർന്നു; ഗതാഗതം മുടങ്ങി
അതേസമയം അണ്ടർ പാസ് ആവശ്യമായ കൊല്ലം– നെല്ല്യാടി റോഡിന്റെ ദിശ പോലും നോക്കാതെയാണ് നിർമിച്ചതെന്നും ഇത് ജില്ലയിലെ മേജർ ഡിസ്ട്രിക് റോഡായ കൊല്ലം –മേപ്പയൂർ റോഡിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അസിസ്റ്റന്റ് എൻജിനീയർ കെ.ശിൽപ പറഞ്ഞു. കെആർഎഫ്ബി ദേശീയപാത അതോറിറ്റിക്ക് നൽകിയ
നോട്ടിസിനു ശേഷം നടത്തിയ എൻഎച്ച്എഐ ഡപ്യൂട്ടി മാനേജർ അടക്കമുള്ള സംഘത്തിന്റ സംയുക്ത പരിശോധനയിലാണ് അണ്ടർ പാസ് മാറ്റി സ്ഥാപിക്കില്ലെന്നും സർവീസ് റോഡിൽ പ്രവേശിച്ച് അതിലൂടെ കൊല്ലം –മേപ്പയൂർ റോഡ് കടന്നുപോകണമെന്നും അറിയിച്ചത്. ഇനി റോഡ് നേർദിശയിൽ കൊണ്ടുപോകാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കെണ്ടി വരുമെന്ന് കെആർഎഫ്ബി എൻജിനീയർ പറഞ്ഞു.