താമരശ്ശേരി∙ കൊയിലാണ്ടി–എടവണ്ണ സംസ്ഥാന പാതയിലെ നവീകരണ പ്രവൃത്തിയുമായി ബന്ധപ്പെട്ട പരാതി സംബന്ധിച്ച് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. കെഎസ്ടിപി കണ്ണൂർ ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ദിലീപ് നായർ, സോഷ്യോളജിസ്റ്റ് ജിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രവൃത്തി നടത്തുന്ന ശ്രീധന്യ കരാർ കമ്പനിയുടെ പ്രോജക്ട് മാനേജർ നരസിംഹ, സർവേയർ സാജൻ എന്നിവരും കൂടെ ഉണ്ടായിരുന്നു.
താമരശ്ശേരി ചുങ്കത്ത് നടത്തിയ പൂട്ടുകട്ട പാകൽ, വൈദ്യുതി പോസ്റ്റുകൾ ഓവുചാലിൽ നിന്ന് മാറ്റാതെ നടത്തിയ നടപ്പാത നിർമാണം, പല ഭാഗത്തും സ്ഥലം പൂർണമായും സർവേ നടത്തി ഏറ്റെടുക്കാതെ നടത്തിയ നവീകരണം തുടങ്ങിയ പരാതികളാണ് ഉയർന്നത്. ആവശ്യമായ പല സ്ഥലങ്ങളിലും സുരക്ഷാ ഭിത്തി നിർമിക്കാത്തതും പരാതിക്ക് കാരണമായിട്ടുണ്ട്. സ്ഥലം പൂർണമായും എറ്റെടുത്തില്ലെന്ന പരാതിയുള്ള ഭാഗത്ത് സർവേ നടത്തി കൂടുതൽ ഉണ്ടെന്ന് കണ്ടെത്തിയാൽ നിലവിലുള്ള നടപ്പാത പൊളിച്ച് നിർമിക്കുമെന്ന് പരിശോധന സംഘം വ്യക്തമാക്കി.
ഓവുചാലിൽ നിന്ന് വൈദ്യുതി പോസ്റ്റ് മാറ്റാത്തത് പുതിയ പോസ്റ്റുകൾ ലഭ്യമാവാത്തതുകൊണ്ടാണെന്നും ഇത് ലഭിക്കുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കുമെന്നും പറഞ്ഞു. റോഡ് നവീകരണം സംബന്ധിച്ച മുഴുവൻ പരാതികളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും.
സംസ്ഥാന പാത നവീകരണത്തിൽ താമരശ്ശേരി –ഓമശ്ശേരി റീച്ചിലാണ് വ്യാപക പരാതി ഉയർന്നത്. സംസ്ഥാന പാത നവീകരണത്തിലെ അപാകത മനോരമ പല തവണ റിപ്പോർട്ട് ചെയ്തിരുന്നു. അപാകത സംബന്ധിച്ച് ഡിവൈഎഫ്ഐ താമരശ്ശേരി നോർത്ത് മേഖലാ കമ്മിറ്റി വകുപ്പ് മന്ത്രിക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.