വടകര ∙ റെയിൽവേ സ്റ്റേഷൻ റോഡിൽ പൊലീസ് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം ലംഘിക്കുന്നത് പതിവായി. എളുപ്പം സ്റ്റേഷനിൽ എത്താൻ കീർത്തി തിയറ്റർ ഭാഗത്തു നിന്നു റെയിൽവേ സ്റ്റേഷൻ വരെയുള്ള വൺവേ ചെറുതും വലുതുമായ വാഹനങ്ങൾ പാലിക്കാതെ തലങ്ങും വിലങ്ങും പായുകയാണ്. റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറത്തേക്ക് വാഹനങ്ങൾക്ക് എളുപ്പം കടന്നു പോകുന്നതിനാണ് 200 മീറ്റർ മാത്രം വരുന്ന ഭാഗത്ത് വൺവേ ഏർപ്പെടുത്തി ബോർഡ് സ്ഥാപിച്ചത്. ഇവിടെ പൊലീസ് പരിശോധനകളൊന്നും ഉണ്ടാവാറില്ല എന്നതിനാൽ വാഹനങ്ങൾ തോന്നിയ പോലെ പോകുകയാണ്.
റെയിൽവേ സ്റ്റേഷനിൽ പാർക്കിങ് ഫീസ് ഉള്ളതിനാൽ സ്ഥിരം യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ ഇരുചക്രവാഹനങ്ങൾ റോഡരികിലാണ് നിർത്താറുള്ളത്. നീണ്ട വാഹന നിര കാരണം വാഹനങ്ങൾക്ക് സൈഡ് എടുക്കാൻ കഴിയാറില്ല. വൺവേ തെറ്റിച്ച് വാഹനങ്ങൾ കൂടി എത്തുന്നതോടെ ഗതാഗതക്കുരുക്കും പതിവാണ്. പൊലീസ് നോ പാർക്കിങ് ബോർഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. രാവിലെ നിർത്തുന്ന വാഹനങ്ങൾ രാത്രി വരെ റോഡരികിൽ കിടക്കും. എടോടി മുതൽ സ്റ്റേഷൻ വരെ ഉള്ള റോഡിലെ കുരുക്ക് ഒഴിവാക്കുന്നതിനാണ് വൺവേ ഏർപ്പെടുത്തി ഗതാഗതം കീർത്തി തിയറ്റർ വഴി തിരിച്ചു വിട്ടത്