ADVERTISEMENT

കൂരാച്ചുണ്ട് ∙ മലയോരത്തെ കൃഷിഭൂമിയിൽ ചെമ്പൻചെല്ലി, കാെമ്പൻചെല്ലി ആക്രമണത്തിൽ തെങ്ങുകൾ നശിക്കുന്നതിനാൽ കേരകർഷകർ ആശങ്കയിൽ. പഞ്ചായത്തിലെ പൂവത്താംകുന്ന് മേഖലയിൽ ഒട്ടേറെ കർഷകരുടെ നൂറുകണക്കിനു തെങ്ങുകളാണ് നശിച്ചത്. ചെമ്പൻചെല്ലി വണ്ടുകൾ തെങ്ങുകളെ ആക്രമിക്കുന്നത് കർഷകർക്ക് നേരത്തേ അറിയാൻ സാധിക്കില്ല. ഒരു മാസം കഴിഞ്ഞ് തെങ്ങിന്റെ കൂമ്പ് ഉണങ്ങി കായ്ഫലം നിലയ്ക്കും. വണ്ട് സമീപത്തെ തെങ്ങുകളെ കൂടി ആക്രമിക്കുന്നതിനാൽ രോഗം പെട്ടന്നു വ്യാപിക്കും

തെങ്ങിന്റെ കൂമ്പിൽ നിന്നു തടിയിലേക്ക് ചെമ്പൻചെല്ലി തുരന്ന് ഇറങ്ങുകയാണ് പതിവ്. തെങ്ങിൻ തടിയിൽ നിന്നു നീരാെലിപ്പ് ഉണ്ടാകുന്നതും വണ്ടിന്റെ ആക്രമണത്തിന്റെ ലക്ഷണമാണ്. വണ്ടിന്റെ വ്യാപനം തടയാൻ തെങ്ങ് മുറിച്ചുമാറ്റി തീയിട്ടു നശിപ്പിക്കണമെന്നാണു കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ തെങ്ങിൻ തടി 4 തവണ തീയിട്ട ശേഷവും വീണ്ടും വണ്ടുകളെ കണ്ടതായി പൂവത്താംകുന്നിലെ കർഷകൻ ജോസ് കൂവണ്ണിൽ പറഞ്ഞു. ഇദ്ദേഹത്തിന്റെ അ‍ഞ്ചേക്കർ ഭൂമിയിൽ 4 വർഷത്തിനിടെ 35 തെങ്ങുകളാണ് ചെമ്പൻചെല്ലി തകർത്തത്.

കൂവണ്ണിൽ കിഷോർ ജോസിന്റെ 25 തെങ്ങുകളും നശിച്ചു. പുതിയകുന്നേൽ സണ്ണിയുടെ 3 വർഷം പ്രായമായ 20 തെങ്ങുകളാണ് കാെമ്പൻചെല്ലി ആക്രമണത്തിൽ നശിച്ചത്. പൂവത്താംകുന്നിലെ കർഷകരായ മാത്യു ചിലമ്പിക്കുന്നേൽ, ജോസഫ് പുതിയകുന്നേൽ, ദാമോദരൻ കാപ്പുമ്മൽ, പാറക്കാെമ്പത്ത് കുമാരൻ, ഷാജു കിഴക്കുംപുറത്ത് എന്നിവരുടെ ഒട്ടേറെ തെങ്ങുകൾ നശിച്ചിട്ടുണ്ട്.

പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ആയിരക്കണക്കിനു തെങ്ങുകളാണ് കൂമ്പ് നശിച്ചത്. കേരകർഷകരെ രക്ഷിക്കാൻ ത്രിതല പഞ്ചായത്തും ജനപ്രതിനിധികളും സർക്കാരും അടിയന്തര നടപടിയെടുക്കണം.ചെമ്പൻചെല്ലി വ്യാപനവും തെങ്ങുകളുടെ നാശവും തടയാൻ കൃഷി വകുപ്പ് ഉന്നതതല സംഘം മേഖല സന്ദർശിക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. വിദഗ്ധ ശാസ്ത്രജ്ഞർ പഠനം നടത്തി ഫലപ്രദമായ പ്രതിരോധ നടപടിയാണ് ഉണ്ടാകേണ്ടത്. ആധുനിക ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് രോഗവ്യാപനം നിയന്ത്രിക്കാൻ സർക്കാർ ഇടപെടണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com