ADVERTISEMENT

കോഴിക്കോട് ∙ രാജ്യത്തെ ജീവിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കുമെന്ന പ്രഖ്യാപനവുമായി 2023–24 വർഷത്തെ കോർപറേഷന്റെ മതിപ്പ് ബജറ്റ് അവതരിപ്പിച്ചു. നഗരവാസികളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നു ബജറ്റ് അവതരിപ്പിച്ച് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് വ്യക്തമാക്കി. 951.86 കോടി രൂപ വരവും 919.90 കോടി രൂപ ചെലവും 31.95 കോടി രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റ് ചർച്ച ആരംഭിച്ചു. ചർച്ച ഇന്നും തുടരും. 

ഈ സാമ്പത്തിക വർഷം മുതൽ കോർപറേഷന്റെ സേവനങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കും. ആദ്യഘട്ടത്തിൽ നികുതികളും ഫീസുകളും ഇതുവഴി അടയ്ക്കാനാകും. ക്രമേണ മൊബൈൽ ആപ്പിലൂടെ തന്നെ അപേക്ഷകൾ സമർപ്പിക്കാൻ സൗകര്യമൊരുക്കും. കോർപറേഷൻ വെബ്സൈറ്റ് വഴി ലഭിക്കുന്ന എല്ലാ സേവനങ്ങളും മൊബൈൽ ആപ്പിലൂടെയും ലഭ്യമാക്കും. ഓഫിസ് നവീകരണത്തിന്റെ ഭാഗമായി ജനസേവന കേന്ദ്രത്തിന്റെ ചില കൗണ്ടറുകൾ കൂടി ഉൾപ്പെടുത്തി വിശാലമായ ഫ്രണ്ട് ഓഫിസ് സംവിധാനം ഒരുക്കിയിട്ടുണ്ട്. അപേക്ഷകനു ബന്ധപ്പെട്ട സെക്‌ഷനുകളിൽ പോകാതെ ഫ്രണ്ട് ഓഫിസിൽ നിന്നു തന്നെ സേവനം  ലഭിക്കും. 

പാർക്കുകൾ, പൊതു ഇടങ്ങൾ, പൊതുശുചിമുറികൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഓഫിസുകൾ എന്നിവയുടെ പരിപാലനത്തിനായി പൊതു–സ്വകാര്യ പങ്കാളിത്തത്തിൽ ഒരു പ്രഫഷനൽ മാനേജ്മെന്റ് കമ്പനി രൂപീകരിക്കും. കോർപറേഷന്റെ തനതു വരുമാനം വർധിപ്പിക്കുന്നതിനു ആസൂത്രിതവും ശാസ്ത്രീയവുമായ രീതികൾ സ്വീകരിക്കും. അധിക നികുതികൾ ഏർപ്പെടുത്താതെ നികുതി പൂർണമായും പിരിച്ചെടുക്കുന്നതിനും നികുതി ചോർച്ച തടയുന്നതിനും ഊന്നൽ നൽകും. 

കെട്ടിട നികുതി ചോർച്ചയും തൊഴിൽ നികുതിയിലെ ചോർച്ചയും കണ്ടെത്തി നടപടിയെടുക്കുന്നതിനു 5 പേരടങ്ങുന്ന പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കും. മേയറുടെ പരാതി പരിഹാര സഭ വാർഡ് തലത്തിൽക്കൂടി സംഘടിപ്പിക്കും. കോർപറേഷനു ഒരു ഫിനാൻഷ്യൽ മാനേജ്മെന്റ് പോളിസി രൂപപ്പെടുത്തും. ഡിജിറ്റലൈസേഷനിലൂടെ ഇന്റേണൽ ഓഡിറ്റ് സംവിധാനം കാര്യക്ഷമമാക്കും. ബജറ്റ് അംഗീകരിച്ചു കഴിഞ്ഞാൽ ഓരോ 3 മാസത്തിലും അതിന്റെ ചെലവുകളും പുരോഗതിയും അവലോകനം ചെയ്യാൻ സംവിധാനമുണ്ടാക്കും.

വെള്ളയിൽ ആവിക്കൽതോട്ടിലെയും കോതിയിലെയും നിർദിഷ്ട മാലിന്യ സംസ്കരണ പ്ലാന്റുകളുടെ ഗുണഫലങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തി പദ്ധതി വേഗം നടപ്പാക്കാനാണ് കോർപറേഷൻ ഉദ്ദേശിക്കുന്നതെന്നും ഡപ്യൂട്ടി മേയർ പറഞ്ഞു. വീടുകളിൽ നിന്ന് ഭക്ഷണം ശേഖരിച്ച് നഗരത്തിലെ ജോലി സ്ഥലത്ത് എത്തിക്കുന്ന മുംബൈയിലെ ഡബ്ബാവാല സംവിധാനം കോഴിക്കോട്ടും ഏർപ്പെടുത്തും. ഹരിതകർമ സേന, കുടുംബശ്രീ അംഗങ്ങൾ എന്നിവർക്ക് പരിശീലനം നൽകി പദ്ധതി നടപ്പാക്കും. 

മാധ്യമ രംഗത്തെ കോഴിക്കോടിന്റെ പാരമ്പര്യം പരിഗണിച്ച് ദേശീയ ശ്രദ്ധയാകർഷിക്കുന്ന ഒരു മീഡിയ മ്യൂസിയം നഗരത്തിൽ സ്ഥാപിക്കും. സീനിയർ ജേർണലിസ്റ്റ് ഫോറത്തിന്റെ ഈ ആശയം മാധ്യമ സ്ഥാപനങ്ങളുടെയും കേരള മീഡിയ അക്കാദമിയുടെയും കാലിക്കറ്റ് പ്രസ് ക്ലബിന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുക. 

ബജറ്റിലെ പുതിയ പ്രഖ്യാപനങ്ങൾ

നഗരത്തിലെ ഭൂരഹിതരും ഭവനരഹിതരുമായ 1000 കുടുംബങ്ങൾക്ക് ഈ വർഷം പൊതുജന പങ്കാളിത്തത്തോടെ വീട്. 500 ദുർബല വിഭാഗ കുടുംബങ്ങൾക്ക് വീട് നവീകരിക്കാൻ ഈ വർഷം ഒരു ലക്ഷം രൂപ വീതം ധനസഹായം. മുതലക്കുളം മുതൽ പാളയം വരെയുള്ള ഭാഗം ഉപയോഗപ്പെടുത്തി വാണിജ്യ കേന്ദ്രങ്ങൾ, റസിഡൻഷ്യൽ അപ്പാർട്മെന്റ്, സാംസ്കാരിക വിനോദ കേന്ദ്രങ്ങൾ ഉൾപ്പെട്ട പാളയം സ്വപ്ന പദ്ധതി.മാനാ‍ഞ്ചിറയ്ക്കു സമീപത്തെ പഴയ ആർഡിഒ ഓഫിസ് ഉണ്ടായിരുന്ന സ്ഥലം വിനോദത്തിനുള്ള സൗകര്യത്തോടെ നഗര ചത്വരമായി മാറ്റും.  മാനാഞ്ചിറ സ്ക്വയറിനു ചുറ്റും പൈതൃക വീഥി. മുതലക്കുളത്തെ പരമ്പരാഗത അലക്കു തൊഴിലാളികളെ സംരക്ഷിച്ചുള്ള മുതലക്കുളം നവീകരണം.മൊയ്തീൻ പള്ളി റോഡ്, പി.എം.താജ് റോ‍ഡ്, കോർട്ട് റോ‍ഡിന്റെ കിഴക്കുഭാഗം എന്നിവ ഉൾപ്പെട്ട മിഠായിത്തെരുവ് രണ്ടാം ഘട്ടം നവീകരണം.3000 എൽഇഡി വിളക്കുകളും 100 ലോ മാസ്റ്റ് വിളക്കുകളും സ്ഥാപിക്കും. നഗരത്തെ മാലിന്യമുക്തമാക്കാനുള്ള ‘അഴക്’ പദ്ധതിയുടെ തുടർ പ്രവർത്തനത്തിനു 2.5 കോടി രൂപ. 

എല്ലാ വാർഡുകളിലും സ്വകാര്യ പങ്കാളിത്തത്തോടെ സ്ത്രീകൾക്കായി മികച്ച ശുചിമുറികൾ സ്ഥാപിക്കും. ബീച്ചിൽ ആധുനിക കംഫർട്ട് കോംപ്ലക്സ് സ്ഥാപിക്കും. എല്ലാ വാർഡുകളിലും ഓരോ കളിസ്ഥലം ഒരുക്കും. പോസ്റ്റർ ഫ്രീ നഗരമായി കോഴിക്കോടിനെ മാറ്റിയെടുക്കും. സരോവരം മുതൽ ബീച്ച് വരെ മനോഹരമായ നടപ്പാത ഒരുക്കും.വർഷംതോറും നഗരത്തിൽ ദേശീയ ഫുഡ് എക്സ്പോ സംഘടിപ്പിക്കും. നടപ്പ് സാമ്പത്തിക വർഷം 10 സാമൂഹിക അടുക്കളകൾ ആരംഭിക്കും. 0 രൂപയ്ക്ക് പ്രഭാത ഭക്ഷണവും 10 രൂപയ്ക്ക് ഉച്ചഭക്ഷണവും നൽകുന്ന പദ്ധതി നടപ്പാക്കും. നഗരത്തിൽ സാഹിത്യ മ്യൂസിയം സ്ഥാപിക്കും.ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ബേപ്പൂർ മുതൽ പുതിയാപ്പ വരെയുള്ള തീരദേശ വാർഡുകളെ ബന്ധിപ്പിച്ച് ഒരു വർഷം നീളുന്ന തീരോത്സവം സംഘടിപ്പിക്കും. ബേപ്പൂർ, പയ്യാനക്കൽ, പുതിയാപ്പ സ്കൂളുകളെ പ്രിസം മാതൃകയിലുള്ള സ്കൂളുകളാക്കി മാറ്റും. 

ആവർത്തനവിരസം, വാചക കസർത്ത്: പ്രതിപക്ഷം

കോഴിക്കോട് ∙ കോർപറേഷൻ ബജറ്റ് ആവർത്തനവിരസവും വാചക കസർത്തും മാത്രം നിറഞ്ഞതാണെന്നു യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കളായ കെ.സി.ശോഭിതയും കെ.മൊയ്തീൻ കോയയും കുറ്റപ്പെടുത്തി. പ്രഖ്യാപനങ്ങൾ മിക്കതും വർഷങ്ങളായി കേൾക്കുന്നതും ആവശ്യമായ തുക വകയിരുത്തിയിട്ടില്ലാത്തതുമാണ്. ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടുകയാണ്. പാർക്കിങ് പ്ലാസ ജലരേഖയാണ്. നഗരത്തിലെ മാലിന്യ സംസ്കരണം പ്രതിസന്ധിയിലാണ്. ഞെളിയൻപറമ്പിനെ കറവ പശുവാക്കി ഭരണകക്ഷി കൊള്ളയടിക്കുകയാണ്. മാലിന്യത്തിൽ നിന്നു വൈദ്യുതി എന്ന പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്താനാണ് ശ്രമിക്കുന്നതെന്നും യുഡിഎഫ് കൗൺസിൽ പാർട്ടി നേതാക്കൾ ആരോപിച്ചു.

ഇന്ധന സെസ് ന്യായം

കോഴിക്കോട് ∙ പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയെ ന്യായീകരിച്ച് ഡപ്യൂട്ടി മേയർ. പെട്രോളിയം ഉൽപന്നങ്ങളുടെയും മദ്യത്തിന്റെയും നികുതി മാത്രമേ സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ളു. അതിനാലാണ് പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തി സാമൂഹിക സുരക്ഷാ ഫണ്ട് രൂപീകരിക്കാൻ തീരുമാനിച്ചത്. അതേസമയം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർത്തിയത്. കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിയ്ക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടർച്ചയായി കേന്ദ്രവിഹിതം നിഷേധിക്കുകയാണ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com