കോഴിക്കോട്∙ ‘ചിത്രത്തിന്റെ ഷൂട്ടിങ്ങിനുമുൻപ് വന്നു കാണണമെന്നു കരുതിയിരുന്നു. ഇപ്പോഴാണ് അവസരം കിട്ടിയത്’–സ്നേഹപൂർവം എം.ടി. വാസുദേവൻനായരുടെ കൈകളിൽ പിടിച്ചു കൊണ്ട് മമ്മൂട്ടി പറഞ്ഞു. എംടിയുടെ പത്തു കഥകൾ ചേർത്തുവച്ച് നെറ്റ്ഫ്ലിക്സിനായി ഒരുങ്ങുന്ന സിനിമാപരമ്പരയിലെ ‘കഡുഗണ്ണാവ ഒരു യാത്ര’ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിൽ മമ്മൂട്ടി ഒരു ‘എംടി കഥാപാത്ര’ത്തെ അവതരിപ്പിക്കുന്നത്.
രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകൻ.ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ എംടി ഏറെക്കാലമായി വീടുവിട്ട് അധികം യാത്രകൾ ചെയ്യാറില്ല. ഇന്നലെ തിരുവനന്തപുരത്ത് കേരളജ്യോതി പുരസ്കാരം ഏറ്റുവാങ്ങാൻ എംടിക്കു പകരം മകൾ അശ്വതിയാണ് പോയിരുന്നത്. ‘കണ്ണൂർ സ്ക്വാഡ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനു വയനാട്ടിലായിരുന്ന മമ്മൂട്ടി അവിടെ നിന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഇന്നലെ വൈകിട്ട് നാലുമണിയോടെയാണു കോഴിക്കോട് എംടിയുടെ വസതിയായ ‘സിതാര’യിലെത്തിയത്.
എംടിയുടെ ആരോഗ്യസ്ഥിതിയാണ് മമ്മൂട്ടി ആദ്യമേ അന്വേഷിച്ചത്. ‘എഴുതാറുണ്ടോ?’ എന്ന ചോദ്യത്തിന് ‘തുടർച്ചയായി ഇരുന്നെഴുതാൻ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല’ എന്നായിരുന്നു എംടിയുടെ മറുപടി. വായന മുടങ്ങാതെ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുക്കാൽ മണിക്കൂറോളം ഇരുവരും വിശേഷങ്ങൾ പങ്കുവച്ചു.