നടുവണ്ണൂർ∙ താഴത്തെ കടവ് നീർപ്പാലത്തിനു സമീപം കക്കോടി ബ്രാഞ്ച് കനാലിൽ നിന്ന് എടുത്തു മാറ്റിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യക്കൂമ്പാരത്തിന് തീപിടിച്ചു. നീർപ്പാലത്തിൽ മാലിന്യം വീഴുന്നതു തടയാൻ വച്ച വലയിൽ അടിഞ്ഞത് എടുത്ത് സമീപത്ത് ഇട്ടിരുന്നു. ഇതിനാണ് ചൊവ്വാഴ്ച രാവിലെ തീപിടിച്ചത്. തീയും പുകയും വർധിച്ചതോടെ പഞ്ചായത്ത് മെംബർ സജീവൻ മക്കാട്ട് സ്ഥലത്തെത്തി നാട്ടുകാരുടെ സഹകരണത്തോടെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പേരാമ്പ്ര അഗ്നിരക്ഷാ സേന സ്റ്റേഷൻ ഓഫിസർ സി.പി.ഗിരീഷിന്റെ നേതൃത്വത്തിൽ എത്തിയ സേന ഒന്നര മണിക്കൂർ നേരം ശ്രമിച്ചാണു തീയണച്ചത്. എസ്എഫ്ആർഒ ഉണ്ണിക്കൃഷ്ണൻ, എഫ്ആർഒമാരായ പി.സത്യൻ, കെ.ധീരജ്, സി.ഷൈജു, കെ.വിജേഷ്, ഹോം ഗാർഡ് എൻ.മുരളീധരൻ എന്നിവർ നേതൃത്വം നൽകി. അജ്ഞാതർ തീയിട്ടതാണെന്ന് സംശയിക്കുന്നത്.