ADVERTISEMENT

വടകര ∙ താഴെ അങ്ങാടിയിലെ മലബാർ മാർക്കറ്റിങ് സൊസൈറ്റി ഗ്രൗണ്ട് വികസനത്തിന് ഫണ്ട് അനുവദിക്കാൻ തടസ്സം പർപ്പസ് മാറ്റാത്ത പ്രശ്നം. സ്ഥലം നഗരസഭ വിലയ്ക്ക് വാങ്ങിയെങ്കിലും കളി സ്ഥലം എന്ന പർപ്പസിലേക്ക് മാറ്റിയിട്ടില്ല. ഇപ്പോഴും വ്യവസായ പർപ്പസിൽ തുടരുന്നതു കൊണ്ട് സ്റ്റേഡിയമാക്കാനുള്ള നടപടികൾ മരവിക്കുകയാണ്.

വ്യവസായ എസ്റ്റേറ്റിനു വേണ്ടി സൊസൈറ്റി കൈവശം വച്ച ഭൂമി വെറുതെ കിടന്നപ്പോഴാണ് കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിനു സ്ഥലം അന്വേഷിക്കുന്നതിനിടയിൽ നഗരസഭ വാങ്ങിയത്. 2.70 ഏക്കറുണ്ടായിരുന്ന ഭൂമിയിൽ 1.52 ഏക്കർ കെഎസ്ആർടിസിക്ക് നൽകി. ബാക്കി ഭാഗം കളി സ്ഥലമാക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഡിപ്പോ വന്ന കാലമേറെയായിട്ടും നിലവിൽ ക്ലബുകൾ കളിക്കുകയും മത്സരങ്ങൾ നടത്തുകയും ചെയ്യുന്ന മൈതാനം സ്റ്റേഡിയമാക്കാൻ നഗരസഭ നടപടിയെടുക്കുന്നില്ല.

നഗരസഭാ പ്രദേശത്തെ മറ്റു കളി സ്ഥലങ്ങളിൽ മിക്കതിനും പത്ത് ലക്ഷം രൂപ വീതം നഗരസഭ നൽകിയപ്പോഴും ഈ ഗ്രൗണ്ടിന്റെ കാര്യത്തിൽ നടപടിയുണ്ടായില്ല. പർപ്പസ് മാറ്റാതെ കളി സ്ഥലം വികസിപ്പിക്കാൻ നഗരസഭയ്ക്കോ സർക്കാരിനോ ചില്ലി കാശ് പോലും അനുവദിക്കാനാവില്ല. ഇതറിഞ്ഞിട്ടും ബന്ധപ്പെട്ടവർ നടപടി വൈകിപ്പിക്കുകയാണ്. താഴെ അങ്ങാടി ഭാഗത്തെ 10 ഓളം വാർഡിലെ ക്ലബുകൾക്കും കായിക പ്രേമികൾക്കും കളിക്കാൻ അവശേഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് സൊസൈറ്റി ഗ്രൗണ്ട്. ഇത് സംരക്ഷിക്കണമെന്ന ആവശ്യവുമായി വിവിധ സംഘനടകൾ പ്രേക്ഷോഭത്തിന് ഒരുങ്ങുകയാണ്.

പണയപ്പെടുത്തി എന്നു സംശയം: മുസ്‌ലിം ലീഗ് 

സൊസൈറ്റി ഗ്രൗണ്ട് പർപ്പസ് മാറ്റാത്തതിൽ ദൂരൂഹതയുണ്ടെന്നും സ്ഥലം നഗരസഭ പണയപ്പെടുത്തിയോ എന്ന് അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് കൗൺസിലർ പി.വി.ഹാഷിം ആവശ്യപ്പെട്ടു. നേരത്തേ ഒരു പദ്ധതിക്ക് പണം ഇല്ലാതെ വന്നപ്പോൾ 3 കോടി രൂപയ്ക്ക് ഈ ഭൂമി പണയം വയ്ക്കാൻ നഗരസഭ ശ്രമം നടത്തിയിരുന്നു. എന്നാൽ യുഡിഎഫിന്റെ എതിർപ്പ് മൂലം ഉപേക്ഷിക്കുകയായിരുന്നു. വ്യവസായം എന്ന പർപ്പസിൽ നിന്ന് കളി സ്ഥലം ആക്കാൻ എന്താണ് മടി കാണിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ആരോപണം തെറ്റ്: നഗരസഭാധ്യക്ഷ

സൊസൈറ്റി ഗ്രൗണ്ട് പണയപ്പെടുത്തി എന്ന ആരോപണം ശരിയല്ലെന്ന് നഗരസഭാധ്യക്ഷ കെ.പി.ബിന്ദു വ്യക്തമാക്കി. ഗ്രൗണ്ട് നിലവിലുള്ള പർപ്പസിൽ നിന്നു മാറ്റാൻ സാങ്കേതിക പ്രശ്നങ്ങളുണ്ട്. ഇത് മാറ്റാനുള്ള നടപടി ഉടൻ പൂർത്തിയാക്കുമെന്നും അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com