കോഴിക്കോട് ∙ കോർപറേഷന്റെ കടമുറികൾ അനുമതിയില്ലാതെ കൈമാറ്റം ചെയ്ത സംഭവങ്ങളിൽ നടപടി എടുക്കാത്തതു സംബന്ധിച്ച് ഓഡിറ്റ് വകുപ്പ് വിശദീകരണം തേടി. കടമുറികൾ ലേലത്തിന് എടുത്ത ലൈസൻസികൾ കോർപറേഷന്റെ അനുമതിയില്ലാതെ വൻ തുകയ്ക്കു മറിച്ചു വിൽക്കുന്നതായി കണ്ടെത്തിയിരുന്നു. പാർട്നർഷിപ്, പവർ ഓഫ് അറ്റോർണി, മേൽ വാടക തുടങ്ങിയ വിവിധ വഴികളിലൂടെയാണ് മറിച്ചു കൊടുക്കുന്നത്. ഇത്തരം കേസുകൾ ശ്രദ്ധയിൽ പെട്ടിട്ടും നടപടി എടുക്കാത്തതു സംബന്ധിച്ചാണ് ഓഡിറ്റ് വകുപ്പ് വിശദീകരണം തേടിയത്.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ജയന്തി ബിൽഡിങ്ങിലെ ഒന്നാം നമ്പർ കടമുറി അനുമതിയില്ലാതെ പാർട്നർഷിപ് ഉണ്ടാക്കി കച്ചവടം നടത്തിയതായി കണ്ടെത്തിയിരുന്നു. വ്യക്തമായ തെളിവും ലഭിച്ചിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് 4 മാസം മുൻപ് ജോയിന്റ് സെക്രട്ടറി ഫയൽ ധനകാര്യ സ്ഥിരം സമിതിക്കു കൈമാറിയെങ്കിലും തുടർ നടപടി ഉണ്ടായില്ല. ഫയലിൽ ഇതു സംബന്ധിച്ച വിവരങ്ങൾ ഇല്ലെന്നും എന്തെങ്കിലും നടപടികൾ എടുത്തിട്ടുണ്ടെങ്കിൽ രണ്ടു ദിവസത്തിനുള്ളിൽ ഓഡിറ്റ് വകുപ്പിനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ജയന്തി ബിൽഡിങ്ങിലെ മറ്റൊരു കടമുറി മേൽ വാടകയ്ക്ക് മറിച്ചു നൽകിയതും കണ്ടെത്തിയിരുന്നു. ഈ മുറി പൂട്ടി ഏറ്റെടുക്കാൻ റവന്യു ഇൻസ്പെക്ടർക്കു ജോയിന്റ് സെക്രട്ടറി നിർദേശം നൽകിയിട്ടും പൂട്ടാൻ തയാറായിട്ടില്ല. ഈ കേസിലും ഇതുവരെ എടുത്ത തുടർനടപടികൾ ഓഡിറ്റ് വിഭാഗത്തെ അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആകെ കടമുറികൾ: കൃത്യമായ കണക്കില്ലാതെ കോർപറേഷൻ
കോഴിക്കോട് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ആകെ കടമുറികൾ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അറിയാതെ കോർപറേഷൻ. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോഴാണ് ഇതു സംബന്ധിച്ച കൃത്യമായ കണക്ക് ക്രോഡീകരിച്ചിട്ടില്ലെന്നു നോൺ ടാക്സ് വിഭാഗം മറുപടി നൽകിയത്.
കോർപറേഷന്റെ ഉടമസ്ഥതയിലുള്ള ആകെ കടമുറികൾ എത്ര, ഇവയിൽ എത്ര കടമുറികൾ ലേലത്തിൽ നൽകി, ലേലത്തിൽ പോകാത്തവ എത്ര തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്.ഇത്തരമൊരു വിവരം ക്രോഡീകരിച്ചു ശേഖരിച്ചിട്ടില്ലെന്നും ഫയലുകളും റജിസ്റ്ററുകളും പരിശോധിച്ചാലേ വ്യക്തമാകൂ എന്നുമാണ് നോൺ ടാക്സ് വിഭാഗം നൽകിയിരിക്കുന്ന മറുപടി.