പേരാമ്പ്ര ∙ കനാൽ വെള്ളം എത്തിയില്ല. ഓട്ടുവയൽ, പന്നിമുക്ക്, എടക്കയിൽ ഭാഗങ്ങളിൽ ജലക്ഷാമം രൂക്ഷം. കനാൽ തുറന്നിട്ട് മാസങ്ങളായെങ്കിലും ഈ ഭാഗങ്ങളിലെ ജനങ്ങൾ വെള്ളം കിട്ടാതെ വലയുകയാണ്. കൃഷി പൂർണമായി കരിഞ്ഞ നിലയിലാണ്. ആവള ഡിസ്ട്രിബ്യൂട്ടറി കനാൽ കൃത്യമായി തുറക്കാത്തതാണു ജലക്ഷാമം രൂക്ഷമാകാൻ കാരണം.
2 ദിവസം മാത്രം വളരെ കുറഞ്ഞ അളവിൽ വെള്ളം ലഭിച്ചിരുന്നു. പിന്നെ അതും നിലച്ചു. കനാലിൽ ചില സ്ഥലത്ത് ചോർച്ച ഉള്ളതിനാൽ കൈക്കനാൽ അടച്ചതാണെന്നാണ് അധികാരികളുടെ വിശദീകരണം. വർഷങ്ങളായുള്ള അവസ്ഥയാണെങ്കിലും കനാൽ ചോർച്ച ഒഴിവാക്കാൻ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നിലപാടിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.
പരിഹാരമുണ്ടായില്ലെങ്കിൽ സമരം നടത്താൻ പ്രദേശവാസികൾ തീരുമാനിച്ചു. എത്രയും പെട്ടെന്ന് ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കാൻ തയാറാകണമെന്ന് ഓട്ടുവയൽ യൂണിറ്റ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കെ.നാരായണൻ അധ്യക്ഷത വഹിച്ചു. എൻ.കുഞ്ഞിരാമൻ, ടി.എം.ബാലൻ, കെ.കെ.യൂസഫ്, യു.ഗംഗാധരൻ, വി.അമ്മദ്, വി.കെ.യൂസഫ്, വി.കെ.സലീന, ടി.കെ.ആമദ്, ടി.കെ.നഫീസ എന്നിവർ പ്രസംഗിച്ചു.