തിരുവമ്പാടി ∙ അഗസ്ത്യൻമൂഴി - കൈതപ്പൊയിൽ റോഡിൽ സിലോൺകടവ് പാലത്തിനു സമീപം തകർന്ന സംരക്ഷണഭിത്തി 2 വർഷമായിട്ടും പുനഃസ്ഥാപിച്ചില്ല. ഈ ഭാഗത്ത് റോഡ് അപകടാവസ്ഥയിലാണ്. ഇത് പരിഹരിക്കാതെയാണ് റോഡ് ടാറിങ് നടത്തിയത്. പാലത്തിന്റെ പടിഞ്ഞാറെ സംരക്ഷണഭിത്തിയാണ് തകർന്നത്. പഴയ കരാറുകാരൻ ഒരു നടപടിയും എടുത്തില്ല. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് പുതിയ കരാർ.
തറ നിരപ്പിൽ നിന്ന് ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിൽ നിർമിച്ചിരിക്കുന്ന കോൺക്രീറ്റ് സ്ലാബിന്റെ അടിഭാഗത്തുള്ള കരിങ്കൽ ഭിത്തിയാണ് തകർന്നത്. ഇവിടെ നിന്ന് മുകളിലേക്ക് ഏതാണ്ട് ഒന്നര മീറ്റർ ഉയരത്തിൽ കരിങ്കൽ ഭിത്തിയുടെ ഭാരം ഇപ്പോൾ ഈ കോൺക്രീറ്റ് സ്ലാബിൽ മാത്രമാണ്. ഇത് ഏതു നിമിഷവും തകരുന്ന അവസ്ഥയിലാണ്. സംരക്ഷണഭിത്തി തകർന്ന വിടവിലൂടെ വൃക്ഷങ്ങളും വളരാൻ ആരംഭിച്ചിട്ടുണ്ട്.