ADVERTISEMENT

കോഴിക്കോട്∙ മെഡിക്കൽ കോളജ് ലൈംഗിക അതിക്രമക്കേസിലെ അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്സിനെ എൻജിഒ യൂണിയൻ നേതാവ് ഭീഷണിപ്പെടുത്തിയെന്ന പരാതി ഒതുക്കിത്തീർക്കാൻ നീക്കം തുടങ്ങി. നഴ്സിന്റെ പരാതിയുടെയും സത്യാവസ്ഥ പരിശോധിക്കാൻ മെഡിക്കൽ കോളജിൽ പുതിയ കമ്മിറ്റിയെ നിയോഗിച്ചു. മെഡിസിൻ വിഭാഗം മേധാവി അധ്യക്ഷനായ അഞ്ചംഗ കമ്മിറ്റിയിൽ ഭരണാനുകൂല സർവീസ് സംഘടനയുമായി അടുത്ത ബന്ധമുള്ളവരുമുണ്ട്. എന്നാൽ എൻജിഒ യൂണിയൻ നേതാവിനെതിരെ നഴ്സും, ഇവർക്കെതിരെ എൻജിഒ യൂണിയനും പരാതി നൽകിയ സാഹചര്യത്തിൽ നിജസ്ഥിതി അന്വേഷിക്കാനാണ് കമ്മിറ്റിയെ നിയോഗിച്ചത് എന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. 

ശസ്ത്രക്രിയ കഴിഞ്ഞ് അർധമയക്കത്തിലായിരുന്ന യുവതിയെ മെഡിക്കൽ കോളജ് ജീവനക്കാരൻ ലൈംഗികമായി ഉപദ്രവിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകിയ യുവതിക്ക് അനുകൂലമായി പൊലീസിനു മൊഴി നൽകിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹെഡ് നഴ്സാണ്. എൻജിഒ യൂണിയൻ പ്രവർത്തകനായ പ്രതിക്കെതിരെയുള്ള പരാതി പിൻവലിക്കാൻ യുവതിയെ സ്വാധീനിക്കാൻ എത്തിയ 6 ജീവനക്കാരികളെക്കുറിച്ചും നഴ്സ് മൊഴി നൽകിയിരുന്നു. യൂണിയൻ വനിതാവിഭാഗം കൺവീനർ അടക്കമുള്ളവർക്കെതിരെ മൊഴി നൽകിയതിന്റെ പേരിൽ എൻജിഒ യൂണിയൻ നേതാവ് ഇവരെ ഭീഷണിപ്പെടുത്തി.

ഇതു ചൂണ്ടിക്കാട്ടി ഇവർ മെഡിക്കൽ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകുകയും ചെയ്തു. എന്നാൽ ജോലിസ്ഥലത്ത് ഭീഷണിപ്പെടുത്തിയെന്ന പരാതി  3 ദിവസം കഴിഞ്ഞിട്ടും മെഡിക്കൽ കോളജ് അധികൃതർ പൊലീസിനു കൈമാറിയിരുന്നില്ല. ജീവനക്കാർ തമ്മിലുള്ള നിസ്സാര പ്രശ്നമായതിനാലാണ് കൈമാറാഞ്ഞത് എന്നാണു മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്. 

ഇതിനിടെ ഭീഷണിപ്പെടുത്തിയെന്ന നഴ്സിന്റെ പരാതി വ്യാജമാണെന്നു ചൂണ്ടിക്കാട്ടി എൻജിഒ യൂണിയനും പരാതി നൽകി. ഇതോടെയാണ് ഇരുവിഭാഗത്തിന്റെയും പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാനായി 5 അംഗ കമ്മിറ്റിയെ നിയോഗിച്ചത്. മെഡിസിൻ വിഭാഗം മേധാവി ഡോ. പി.ജയേഷ് കുമാർ ആണ് അന്വേഷണ കമ്മിറ്റി തലവൻ. ഇരുവിഭാഗത്തിന്റെയും പരാതികൾ കേട്ട് ഇന്നു റിപ്പോർട്ട് നൽകാനാണ് പ്രിൻസിപ്പലിന്റെ നിർദേശം.  

നഴ്സിന്റെ പരാതി സർവീസ്, രാഷ്ട്രീയ സംഘടനകൾ ഏറ്റെടുക്കുകയും മെഡിക്കൽ കോളജിലേക്ക് പ്രതിഷേധ പരിപാടികൾ നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്.  പരാതി പിൻവലിക്കാൻ യുവതിക്കു മേൽ സമ്മർദം ചെലുത്തിയവരെ ഇതുവരെ പിടികൂടാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇവരുടെ വീടുകൾക്കു പുറമേ ബന്ധുവീടുകളിലും അന്വേഷണം നടത്തിയെന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നുമാണ് പൊലീസ് പറയുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com