നാദാപുരം∙ കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുണ്ടാക്കുന്ന നഷ്ടം സഹിക്കാനാകാതെ കഴിയുന്ന കർഷകരെ കണ്ണീരിലാഴ്ത്തി തീപിടിത്തത്തിന്റെ നഷ്ടവും. മലയോര മേഖലയിൽ പലയിടങ്ങളിലായി തുടർച്ചയായുണ്ടാകുന്ന തീപിടിത്തം കർഷകർക്ക് തെല്ലൊന്നുമല്ല നഷ്ടമുണ്ടാക്കുന്നത്. കണ്ടിവാതുക്കൽ മേഖലയിൽ തിങ്കളാഴ്ചയുണ്ടായ തീപിടിത്തത്തിൽ 10 ഏക്കറോളം കൃഷിയിടമാണ് കത്തിച്ചാമ്പലായത്. ഇവിടെ, ഇനി കൃഷി ചെയ്യണമെങ്കിൽ നിലമൊരുക്കാൻ തന്നെ വൻ തുക ചെലവഴിക്കണം.
ചപ്പുചവറുകൾക്ക് തീയിടുന്നതാണ് തീപിടിത്തത്തിനിടയാക്കുന്നതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. വിലങ്ങാട് മേഖലയിലും തീപിടിത്തം കർഷകർക്ക് നഷ്ടമുണ്ടാക്കിയിരുന്നു. നഷ്ടത്തിന്റെ കണക്കെടുപ്പ് പോലും അധികൃതർ തുടങ്ങിയിട്ടില്ല. നഷ്ടപരിഹാരമോ മറ്റ് സഹായങ്ങളോ ഒന്നും കർഷകർക്ക് ലഭിക്കുന്നുമില്ല. കാട്ടാനക്കൂട്ടമായിരുന്നു കണ്ടിവാതുക്കൽ മേഖലയിൽ കർഷകർക്ക് കനത്ത നഷ്ടം വിതച്ചിരുന്നത്. തീപിടിത്തമുണ്ടായാൽ ഫയർ എൻജിനുകൾക്ക് എത്താൻ പര്യാപ്തമായ റോഡ് പോലും മലമ്പ്രദേശങ്ങളിൽ ഇല്ലെന്നതാണ് മറ്റൊരു ദുരിതം.