കുട്ടിസ്രാങ്ക് ഒളിവിൽ; വിദ്യാലയ പരിസരത്തെ ലഹരി സംഘത്തിനെതിരായ അന്വേഷണം ഊർജിതം

kottayam-drugs
SHARE

കോഴിക്കോട് ∙ വിദ്യാർഥികൾക്കിടയിൽ ലഹരി മരുന്നു വിതരണം ചെയ്യുന്ന ‘കുട്ടിസ്രാങ്ക്’ സംഘത്തെ കണ്ടെത്താൻ പൊലീസ് പരിശോധന നടക്കുമ്പോഴും വിദ്യാർഥികൾക്ക് ലഹരി മരുന്നു ലഭിക്കുന്നതു തുടരുന്നു. കഴിഞ്ഞ ദിവസം കുന്നമംഗലം സ്വദേശിയായ എട്ടാം ക്ലാസുകാരിയുടെ വെളിപ്പെടുത്തൽ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വിദ്യാലയങ്ങൾക്ക് ചുറ്റും ലഹരി മരുന്നു വിൽപന തടയാൻ 12 വർഷം മുൻപ് വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സ്കൂൾ പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) വേണ്ടത്ര സജീവമല്ലാത്തതു വിദ്യാലയ പരിസരത്തെ കുട്ടിസ്രാങ്ക് മാർക്ക് അവസരം തുറന്നിടുകയാണ്. ജില്ലയിലെ പല വിദ്യാലയങ്ങളിലും എസ്പിജി കടലാസ് ഗ്രൂപ്പ് ആയി നിലനിൽക്കുന്നുണ്ട്. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിനു മുന്നോടിയായി എസ്പിജി ഗ്രൂപ്പ് സജീവമാക്കണമെന്നാണ് പൊലീസ് ആവശ്യപ്പെടുന്നത്.

2011 ൽ മാറാട് എസ്ഐ ആയിരുന്ന എ.ഉമേഷിന്റെ നേതൃത്വത്തിലാണു ലഹരിക്കെതിരെ പോരാടാൻ ‘നമ്മുടെ സ്കൂൾ’ എന്ന പേരിൽ ആദ്യം നഗരത്തിലെ 10 വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് എസ്പിജി രൂപീകരിച്ചത്. പദ്ധതിയുടെ 6 മാസത്തെ പ്രവർത്തനം വിജയമാണെന്നു വിലയിരുത്തി എസ്പിജി സംസ്ഥാന വ്യാപകമായി വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചു രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചു.

അധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാലയ നടത്തിപ്പുകാർ, പൊലീസ്, ബീറ്റ് ഓഫിസർ, വ്യാപാരികൾ, ഓട്ടോ ഡ്രൈവർ, ചുമട്ടുതൊഴിലാളികൾ, റസിഡൻസ്, പിടിഎ, മദർ പിടിഎ എന്നീ ഘടകങ്ങളിൽ നിന്ന് ഓരോ പ്രതിനിധികൾ ഉൾപ്പെടുത്തി 11 അംഗ എസ്പിജിയാണു വിദ്യാലയങ്ങളിൽ രൂപീകരിച്ചത്.

സ്കൂൾ 100 മീറ്റർ പരിസരത്ത് എത്തുന്ന അപരിചിതരെ നിരീക്ഷിക്കുകയായിരുന്നു പ്രധാന പ്രവർത്തനം.ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ രണ്ടു വർഷം കഴിഞ്ഞതോടെ എസ്പിജിക്കു സഹായകമായ പ്രവർത്തനം വിവിധ ഭാഗത്തു നിന്നും നിലച്ചതോടെ സ്കൂളുകളിൽ എസ്പിജി പേരിനു മാത്രമായി ചുരുങ്ങി.

അന്വേഷണ പുരോഗതി ഇങ്ങനെ

കുന്നമംഗലം ∙ വിദ്യാർഥിനിയെ ലഹരിക്ക് അടിമയാക്കിയ സംഭവവുമായി ബന്ധമുള്ളവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പൊലീസ്. സുഹൃത്തായ ഒൻപതാം ക്ലാസ് വിദ്യാർഥിയിൽ നിന്നു വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും അന്വേഷണത്തിന് സഹായകമായ കാര്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്. രാസവസ്തു കഴിച്ച് ആത്മഹത്യാശ്രമം നടത്തിയ വിദ്യാർഥിനി മെഡി.കോളജ് ആശുപത്രിയിൽ സുഖം പ്രാപിച്ചു വരികയാണ്.

ലഹരി എത്തിക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കുറിച്ചു വിദ്യാർഥിയിൽനിന്നു വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ചികിത്സയുടെ ഭാഗമായി വിദഗ്ധരുടെ നേതൃത്വത്തിൽ കൗൺസലിങ് അടക്കം വിദ്യാർഥിനിക്ക് നൽകുന്നുണ്ട്. പരീക്ഷ സമയമായതിനാൽ കൂടുതൽ മാനസിക സമ്മർദം ഇല്ലാത്ത വിധം ഏതാനും ദിവസങ്ങൾക്കകം വിദ്യാർഥിനി വെളിപ്പെടുത്തിയ മറ്റു വിദ്യാർഥികളെ കണ്ടെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും അതുവഴി ലഹരി  സംഘത്തെ പിടികൂടാനും കഴിയും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

കുന്നമംഗലം ടൗണിൽ വിദ്യാലയ പരിസരങ്ങളിലും ബസ് സ്റ്റാൻഡ് പരിസരത്തും വിദ്യാർഥികളെ ലക്ഷ്യംവച്ച് ലഹരിക്കച്ചവടം നടത്തുന്നവരെ കണ്ടെത്താൻ പ്രത്യേക പൊലീസ് സംഘം നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുന്നമംഗലം ഇൻസ്പെക്ടർ യൂസഫ് നടത്തറമ്മൽ, എസ്ഐ എ.അഷ്റഫ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

കലാശക്കൊട്ട് ദിനം നിരീക്ഷണത്തിൽ

വാർഷിക പരീക്ഷ അവസാനിക്കുന്ന ‘കലാശക്കൊട്ട്’ ദിനത്തിൽ ചില വിദ്യാർഥി സംഘങ്ങൾ നഗരത്തിലെ ഹോട്ടലുകളിലും റിസോർട്ടുകളിലും ഡിജെ പാർട്ടികളും സെന്റ് ഓഫും സംഘടിപ്പിക്കുന്നുണ്ട്. ഇവിടെ ലഹരി ഉപയോഗം കണ്ടെത്താൻ പൊലീസ് പരിശോധന ഉണ്ടാകും. സ്കൂൾ കേന്ദ്രീകരിച്ച് നടക്കുന്ന സെന്റ് ഓഫ് ദിനത്തിൽ പിടിഎ ഭാരവാഹികളും രക്ഷാകർത്താക്കളും വിദ്യാലയത്തിൽ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപന മേധാവികൾക്കു നിർദേശം നൽകിയതായി സിറ്റി കമ്മിഷണർ ഓഫിസ് അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA