ഫറോക്ക് ∙ നഗരസഭയിൽ കൗൺസിൽ തീരുമാനമില്ലാതെ കുടിവെള്ള ടാങ്ക് വിതരണ പദ്ധതി തുക കരാറുകാരനു നൽകാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ സെക്രട്ടറിയെ ഉപരോധിച്ചു. ഉച്ചയ്ക്ക് 12നു തുടങ്ങിയ ഉപരോധം രാത്രി 7.30 വരെ തുടർന്നു.
കൗൺസിൽ അംഗീകാരത്തിനു ശേഷം സിലക്‌ഷൻ നോട്ടിസ് നൽകി കരാർ വച്ച ശേഷമേ തുക അനുവദിക്കാവൂ എന്നിരിക്കെ ചട്ടവിരുദ്ധമായി ഫണ്ട് കൈമാറാൻ ശ്രമിച്ചതും വനിത ഗ്രൂപ്പ് സ്വയം തൊഴിൽ സംരംഭകത്വ പദ്ധതിയിൽ കുടുംബശ്രീ സംരംഭങ്ങൾക്ക് അർഹമായ സബ്സിഡി നൽകാത്തതിലും പ്രതിഷേധിച്ചായിരുന്നു ഉപരോധം. സെക്രട്ടറി സി.അനിൽ കുമാറിനെ ഉച്ചഭക്ഷണത്തിനു പോലും പോകാൻ അനുവദിച്ചില്ല.
കൗൺസിലർമാർ തുടക്കമിട്ട പ്രതിഷേധത്തിലേക്ക് വൈകിട്ടോടെ എൽഡിഎഫ് പ്രവർത്തകരും ഒത്തുചേർന്നതോടെ കൂടുതൽ ശക്തമായി. ഇതിനിടെ കരാറുകാരനു ട്രാൻസ്ഫർ ചെയ്യാൻ നിർദേശം നൽകിയ ബിൽ തുക തടഞ്ഞുവയ്ക്കാൻ ട്രഷറി ഓഫിസർക്ക് നഗരസഭ അധികൃതർ നിർദേശം നൽകി. വിവരം അറിഞ്ഞു നല്ലളം ഇൻസ്പെക്ടർ കെ.എ.ബോസ്, എസ്ഐ എസ്.അനൂപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘവും നിലയുറപ്പിച്ചു.
രാത്രി 7നു എൽഎസ്ജിഡി അസിസ്റ്റന്റ് ഡയറക്ടർ എം.രവികുമാർ, സൂപ്രണ്ട് എം.ഷിജിത്ത് എന്നിവർ എത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. ക്രമക്കേടുകൾ ആഭ്യന്തര വിജിലൻസിനെ കൊണ്ടു അന്വേഷണം നടത്തി നടപടി സ്വീകരിക്കാമെന്ന ഉറപ്പിലാണ് ഉപരോധം അവസാനിപ്പിച്ചത്. എൽഡിഎഫ് നേതാക്കളായ എം.ഗിരീഷ്, പ്രകാശ് കറുത്തേടത്ത്, പി.മുരളീധരൻ, യു.സുധർമ, കൗൺസിലർമാരായ എം.സമീഷ്, കെ.ടി.എ.മജീദ്, കെ.എം.അഫ്സൽ, ഷനൂബിയ നിയാസ്, പി.ഷീബ എന്നിവർ പ്രസംഗിച്ചു.
ആരോപണവുമായി യുഡിഎഫ്
ഫറോക്ക് ∙ നഗരസഭയിൽ സെക്രട്ടറിയെയും മറ്റ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയും ജോലി തടസപ്പെടുത്തിയും വികസന പ്രവർത്തനങ്ങൾ ഇല്ലാതാക്കാനാണു എൽഡിഎഫ് ശ്രമിക്കുന്നതെന്ന് യുഡിഎഫ് മുനിസിപ്പൽ കമ്മിറ്റി കുറ്റപ്പെടുത്തി. ഇന്നലെ നഗരസഭ സെക്രട്ടറിയെ ഉച്ചഭക്ഷണത്തിനു പോലും വിടാതെ മണിക്കൂറുകളോളമാണ് ഉപരോധിച്ചത്.
ഇടതുപക്ഷത്തിനു മുൻതൂക്കമുള്ള കുടുംബശ്രീ യൂണിറ്റിൽ അനർഹർക്ക് വായ്പ തരപ്പെടുത്തി അഴിമതി നടത്താനുള്ള ശ്രമത്തിനു മുനിസിപ്പൽ ഭരണസമിതി അനുമതി നൽകാത്തതാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചതെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞു. നിയോജക മണ്ഡലം കൺവീനർ വി.മുഹമ്മദ് ഹസ്സൻ ഉദ്ഘാടനം ചെയ്തു.
എം.മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. കെ.എ.വിജയൻ, കെ.തസ്‌വീർ ഹസ്സൻ, മമ്മു വേങ്ങാട്ട്, മധു ഫറോക്ക്, എം.കെ.കൃഷ്ണകുമാർ, പി.വി.അൻവർ ഷാഫി, പള്ളിയാളി മോഹനൻ, അസീസ് കറുത്തേടത്ത്, കെ.സക്കറിയ, കോയമോൻ ഫറോക്ക്, ഡി.പി.സിദ്ദിഖ് എന്നിവർ പ്രസംഗിച്ചു.